'ഉച്ചയോടെ ആരോഗ്യസ്ഥിതി വഷളായി, ഉടൻ ആശുപത്രിയിലേക്ക് മാറ്റി; അവസാന നിമിഷത്തെ കുറിച്ച് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മരണത്തിൽ പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. ചികിത്സ പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങാനിരിക്കേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉച്ചയോടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുലർച്ചയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ട്വിന്റി ഫോർ ന്യൂസിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.വായിക്കാം
'എന്ത് പറയണമെന്ന് അറിയില്ല. അദ്ദേഹത്തോട് സ്നേഹമുള്ള ലക്ഷങ്ങളാണ് ഇവിടെ വന്നിരിക്കുന്നത്, അദ്ദേഹം ആർക്ക് വേണ്ടി ജീവിച്ചോ അവരാണ് ഞങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിരിക്കുന്നത്. ഇതിൽപ്പരം ഞങ്ങൾക്ക് മറ്റൊന്നുമില്ല.ഇത്രയും സ്നേഹം കാണുമ്പോൾ വാക്കുകൾ ഇല്ല. പക്ഷേ അദ്ദേഹത്തിന്റേത് വലിയ വിടവാണ്. ആ വിടവ് നികത്താൻ ഒന്നിനും സാധിക്കില്ല. ഞങ്ങൾക്ക് മാത്രമല്ല അദ്ദേഹത്തെ കാണാൻ ഈ വന്നവർക്കും. നാടിനെ സംബന്ധിച്ചും വലിയ വിടവാണ്.

ചില കാര്യങ്ങൾ നമ്മുടെ കൈയ്യിലല്ല. അത് ഈശ്വര നിശ്ചയമാണ്. അത് ചിലപ്പോൾ മാനിക്കേണ്ടി വരും.അദ്ദേഹം ചികിത്സയൊക്കെ പൂർത്തിയാക്കി നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. അത് സാധിച്ചില്ല.ഉച്ചയ്ക്ക് ശേഷമാണ് ആരോഗ്യസ്ഥിതി മോശമായത്. അപ്പോൾ ആശുപത്രിയിലേക്ക് പോയി. രാത്രിയായപ്പോൾ വീണ്ടും പ്രശ്നമായി. രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു', മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.
അർബുദ ബാധയെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു ഉമ്മചാണ്ടിയുടെ അന്ത്യം.തുടർന്ന് ഇന്നലെ വൈകീട്ടടോടെ മൃതദേഹം തിരുവനന്തപുര്ത്ത എത്തിച്ച് പൊതുദർശനത്തിന് വെച്ചിരുന്നു. നിരവധി പേരായിരുന്നു തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയത്. രാത്രിയിലടക്കം പല സമയങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.

അതേസമയം തലസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്ത് എത്തിക്കുക. തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വെക്കും. തുടർന്ന് ജൻമനാടായ പുതുപ്പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ വെച്ചാണ് സംസ്കാരം നടക്കുക.












Click it and Unblock the Notifications