മഹാരാജാസില്‍ ചോര പുരണ്ട പ്രവേശനോത്സവം
കൊച്ചി: ഏറെ കാത്തിരുന്നെത്തിയ പ്രവേശനോത്സവം ചോരയില്‍ മുങ്ങിയതിന്റെ ഞെട്ടലിലാണ് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍. ആഹ്ലാദം നിറയേണ്ട കൗമാര മുഖങ്ങളില്‍ കണ്ണീര്‍ ചാലിട്ടൊഴുകുകയാണ്. പ്രിയപ്പെട്ട സഹപാഠികളിലൊരാള്‍, ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്ന ഉറ്റതോഴന്‍, പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഉള്‍പ്പെടെ മികവ് പ്രകടപ്പിച്ച വിദ്യാര്‍ത്ഥി... ഇങ്ങനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായ അഭിമന്യുവിന്റെ അകാല വിയോഗം കാമ്പസിനെയാകെ ഉലച്ചിരിക്കുകയാണ്. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമാണ് ഇടുക്കി മറയൂര്‍ സ്വദേശിയായ അഭിമന്യു. വളരെ പാവപ്പെട്ടൊരു കുടുംബത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു .
തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയെത്തുന്ന വിദ്യാര്‍ത്ഥികളാണ് മഹാരാജാസില്‍ പഠിക്കാനെത്തുന്നവരില്‍ നല്ലൊരു ശതമാനവും. മഹാരാജാസ് കോളേജിലെ അദ്ധ്യാപക സമൂഹവും ഞെട്ടലിലാണ്. സൗമ്യനും അതിലുപരി പഠനവിഷയങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നവനുമായ പ്രിയ വിദ്യാര്‍ത്ഥികളിലൊരാള്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടതിലെ അമ്പരപ്പിലാണ് അവര്‍. കാമ്പസിന് പുറത്ത് നിന്നെത്തിയ അക്രമിസംഘത്തിന്റെ ക്രൂരപ്രവര്‍ത്തനത്തെ മഹാരാജാസിലെ അദ്ധ്യാപകസമൂഹം ഒന്നടങ്കം അപലപിച്ചു.

രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് മുന്നിലും ദുഃഖസാന്ദ്രമായ അന്തരീക്ഷമായിരുന്നു. അഭിമന്യുവിന്റെ ബന്ധുക്കള്‍ രാവിലെ ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് മുന്നിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവര്‍ ഇവരെ സമാശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വികാരാധീനരായി.












Click it and Unblock the Notifications