ലിബിയയിൽ നിന്ന് ഒഴിപ്പിച്ചത് 18,000 പേരെ,അന്ന് ഭരിച്ചത് മൻമോഹൻ സിംഗ്;കടമയെ വോട്ടാക്കരുതെന്ന് പദ്മജ
തിരുവനന്തപുരം; യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ ഗംഗ ദൗത്യം തിരഞ്ഞെടുപ്പ് ആയുധമാക്കുന്നതിൽ ബി ജെ പിക്കെതിരെ കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. നരേന്ദ്ര മോദിയുടെ ഭരണമികവ് ഒന്നുകൊണ്ട് മാത്രമാണ് ഈ ദൗത്യം മുന്നേറുന്നതെന്ന് ചാനൽ ചർച്ചകളിൽ ഉൾപ്പെടെ ബി ജെ പി പ്രവർത്തകർ അവകാശപ്പെടുമ്പോൾ ഇന്ത്യ ഇതുവരെ നടത്തിയിട്ടുള്ള രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് അവർക്കുള്ള അറിവില്ലായ്മയാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് പദ്മജ പറഞ്ഞു.

യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ യുക്രൈൻ രക്ഷാ ദൗത്യമാണ് ബി ജെ പിയുടെ പ്രചരണ വിഷയങ്ങൾ. ഇന്ത്യ കൂടൂതൽ ശക്തരായതിനാലാണ് ഇപ്പോൾ ഈ രക്ഷാദൗത്യം ഇത്ര മികച്ച രീതിയിൽ സാധ്യമായതെന്നാണ് കഴിഞ്ഞ ദിവസം യുപിയിൽ പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. '2011 ൽ മൻമോഹൻ സിംഗ് സർക്കാരാണ് ലിബിയയിൽ തീവ്രവാദി ഗ്രൂപ്പുകളും യു.എസ് ഫോഴ്‌സും ഏറ്റുമുട്ടികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവിടെ നിന്ന് 18,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. വാർത്താ വിനിമയ സൗകര്യങ്ങളും, സാങ്കേതിക വിദ്യയും പരിമിതമായിരുന്ന കാലത്താണ് ''ഓപ്പറേഷൻ സേഫ് ഹോംകമ്മിങ്ങ് "എന്ന ഈ രക്ഷാ ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്. എന്നാൽ ഒരിക്കലും അദ്ദേഹം ഈ രക്ഷാ പ്രവർത്തനത്തെ പ്രശസ്തിക്ക് വേണ്ടിയോ തെരഞ്ഞെടുപ്പ് മെറ്റീരിയൽ ആയോ ഉപയോഗിച്ചിട്ടില്ല. അങ്ങനെയാകണം ഒരു ഭരണ തലവൻ പെരുമാറേണ്ടതെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ച് കൊണ്ടുവരുന്നതിനുള്ള ദൗത്യമായ ഓപ്പറേഷൻ ഗംഗ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ഭരണമികവ് ഒന്നുകൊണ്ട് മാത്രമാണ് ഈ ദൗത്യം മുന്നേറുന്നത്, ഇത് മോദിക്ക് മാത്രമേ സാധിക്കുകയുള്ളു എന്നെല്ലാം ചാനൽ ചർച്ചകളിൽ ബി.ജെ.പി പ്രവർത്തകർ അവകാശപ്പെടുമ്പോൾ ഇന്ത്യ ഇതുവരെ നടത്തിയിട്ടുള്ള രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് അവർക്കുള്ള അറിവില്ലായ്മയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇന്ത്യ നടത്തുന്ന ആദ്യത്തെ റെസ്ക്യൂ മിഷൻ അല്ല ഓപ്പറേഷൻ ഗംഗ. 2011 ഫെബ്രുവരിയിൽ ലിബിയയിൽ തീവ്രവാദി ഗ്രൂപ്പുകളും യു.എസ് ഫോഴ്‌സും ഏറ്റുമുട്ടികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പ്രധാന എയർപോർട്ടുകൾ എല്ലാം തകർക്കപ്പെടുകയും പ്രവേശന അനുമതി നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ലിബിയയിൽ നിന്ന് 18000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യമാണ് ഇന്ത്യക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഭീകരമായ യുദ്ധമുഖത്തുനിന്നും വ്യോമ, സമുദ്ര പാതകളിലൂടെ പരമാവധി ജനങ്ങളെ ഒരേസമയം രക്ഷപ്പെടുത്തി ഇന്ത്യ ചരിത്രപരമായ ദൗത്യം പൂർത്തിയാക്കി.
ഇന്നത്തെ പോലെയല്ല വാർത്താ വിനിമയ സൗകര്യങ്ങളും, സാങ്കേതിക വിദ്യയും പരിമിതമായിരുന്ന കാലത്താണ് ''ഓപ്പറേഷൻ സേഫ് ഹോംകമ്മിങ്ങ് "എന്ന ഈ രക്ഷാ ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്.
അന്ന് രാജ്യം ഭരിച്ചിരുന്നത് മൻ മോഹൻ സിംഗ് ആയിരുന്നു. ഒരിക്കലും അദ്ദേഹം ഈ രക്ഷാ പ്രവർത്തനത്തെ പ്രശസ്തിക്ക് വേണ്ടിയോ തെരഞ്ഞെടുപ്പ് മെറ്റീരിയൽ ആയോ ഉപയോഗിച്ചിട്ടില്ല. അങ്ങനെയാകണം ഒരു ഭരണ തലവൻ പെരുമാറേണ്ടത്.
യുക്രൈനിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഭരണ സംവിധാനങ്ങൾക്കും ആശംസകൾ. യുദ്ധമുഖത്തുനിന്നും അവസാന ഇന്ത്യക്കാരനും തിരിച്ച് എത്തുന്നത് വരെ നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം യുദ്ധം അവസാനിച്ച് യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്ന് പ്രത്യാശിക്കാം, പദ്മജ പോസ്റ്റിൽ പറഞ്ഞു.
Recommended Video
അതേസമയം യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ ഗംഗ ദൗത്യം പുരോഗമിക്കുകയാണ്. ഇന്നലെ 1377 പേരെയാണ് നാട്ടിലെത്തിച്ചതെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചു. ഇതുവരെ 17,000 ഇന്ത്യക്കാർ യുക്രൈൻ വിട്ടതായും കീവിൽ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നും എല്ലാവരെയും ഒഴിപ്പിച്ചതായും വിദേശകാര്യവക്താവ് അരിന്ദം ബാഗ്‍ചിയും അറിയിച്ചു. ഇനി ശേഷിക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications