ഐസക് രാജിവെക്കണമെന്ന് ചെന്നിത്തല, കിഫ്ബിയിലെ അടിയന്തര പ്രമേയം തളളി, പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കിഫ്ബിക്ക് എതിരെയുളള സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ തളളി. കിഫ്ബി മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതില്‍ അടക്കം ഭരണഘടനാ ലംഘനമുണ്ടെന്നാണ് അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ ആരോപിച്ചു. സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ടിഎം തോമസ് ഐസക് ചോര്‍ത്തിയത് കൗശലമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം സിഎജിക്ക് എതിരെ ധനമന്ത്രി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്താനുളള ശ്രമങ്ങള്‍ ആണ് നടക്കുന്നത് എന്ന് തോമസ് ഐസക് മറുപടി പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കിഫ്ബിക്ക് എതിരായ സിഎജി റിപ്പോര്‍ട്ടും അതിനെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതും പ്രചാരണ വിഷയമാക്കും എന്നും തോമസ് ഐസക് പറഞ്ഞു.
ഭരണഘടന പറയുന്ന സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാണ്ടി. ബോഡി കോര്‍പറേറ്റ് ആയ കിഫ്ബിക്ക് വിദേശവായ്പ അനുവദനീയമാണ് എന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍ ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. ധനമന്ത്രി തോമസ് ഐസക് സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് എന്നും ധനമന്ത്രി രാജി വെയ്ക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.