മൊത്തത്തില്‍ കേരളം നമ്പർ 1, പക്ഷെ അകത്തോ? ജില്ലകള്‍ക്കിടയില്‍ നിലനില്‍ക്കുന്നത് വലിയ അസമത്വം
തിരുവനന്തപുരം: രാജ്യത്തെ മറ്റേത് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരവധി സാമൂഹിക-സാമ്പത്തിക സൂചകങ്ങളിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. നീതി ആയോഗ് ഉള്‍പ്പെടേയുള്ള പല കേന്ദ്ര സർക്കാർ സ്ഥാനങ്ങള്‍ തന്നെ പലപ്പോഴായി ഇത് അംഗീകരിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൗമാര വിവാഹം, ശിശുമരണ നിരക്ക്, സാക്ഷരത, ശുചിത്വം തുടങ്ങിയ നിരവധി മേഖലകളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിട്ട് നല്‍കുന്നു.
രാജ്യത്തിന് മുന്നില്‍ കേരളം ഇങ്ങനെ മികച്ച് നില്‍ക്കുമ്പോള്‍ തന്നെ സംസ്ഥാനത്തിന് അകത്തെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ജില്ലകള്‍ തമ്മില്‍ വലിയ അസമത്വം നിലനില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ താരതമ്യേന സമ്പന്ന ജില്ലകളും കാസർകോട്, പാലക്കാട്, വയനാട്, മലപ്പുറം തുടങ്ങിയ താരതമ്യേന ദരിദ്ര ജില്ലകളും തമ്മില്‍ ഇത്തരം സൂചകങ്ങളില്‍ വലിയ വ്യത്യാസമുണ്ടെന്ന് കണക്കുകള്‍ നിരത്തി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം തന്നെ, കേരളത്തിലെ അന്തർ ജില്ലാ വ്യത്യാസങ്ങൾ തമിഴ്നാട്ടിലെ പോലെ അത്ര പ്രകടമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂണ്‍ 26 തമിഴ്നാട്ടിലെ ജില്ലകള്‍ക്കിടയിലെ അസമത്വ സൂചകം ദ ഹിന്ദു തന്നെ പുറത്ത് വിട്ടിരുന്നു. എട്ട് സൂചകങ്ങളാണ് ജില്ലകള്‍ക്കിടയിലെ അസമത്വം വ്യക്തമാക്കാന്‍ ദ ഹിന്ദു സ്വീകരിച്ചിരിക്കുന്നത്. ദേശീയ കുടുംബാരോഗ്യ സർവേ, കേരള സർക്കാർ വെബ്സൈറ്റിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ, കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ റിപ്പോർട്ടുകള്‍ എന്നിവയാണ് ഇത്തരമൊരു താരതമ്യത്തിനായി പ്രധാനമായും സ്രോതസ്സാക്കിയിരിക്കുന്നതെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
എറണാകുളം ജില്ലയിലെ 88 ശതമാനം വീടുകളും പാചകത്തിന് വൈദ്യുതി, എൽപിജി,പ്രകൃതിവാതകം, ബയോഗ്യാസ് (ശുദ്ധമായ ഇന്ധനം) തുടങ്ങിയവ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇടുക്കിയില്‍ ഇത് 54 ശതമാനം മാത്രമാണ്. ആലപ്പുഴയിലും കൊല്ലത്തും 80 ശതമാനമോ അതിൽ കൂടുതലോ വീടുകളിൽ ശുദ്ധമായ ഇന്ധനം ഉപയോഗിച്ചപ്പോൾ, വയനാട്, മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളിലെ 60% അല്ലെങ്കിൽ അതിൽ താഴെയുള്ള കുടുംബങ്ങൾ മാത്രമാണ് ഇത്തരം മാർഗ്ഗങ്ങളിലൂടെ പാചകം ചെയ്യുന്നത്.
തൃശൂർ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ കൗമാരപ്രായത്തിൽ വിവാഹിതരായ സ്ത്രീകളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണ്. എന്നാല്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇത് 15 ശതമാനത്തിനടുത്താണ് ഇത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ച മുരടിപ്പ് സംബന്ധിച്ച 2019-21 വർഷങ്ങളിലെ കണക്ക് എടുക്കുമ്പോള്‍ വയനാട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ 30% കുട്ടികൾ ഇത്തരം പ്രശ്നം നേരിടുന്നു. ഈ വിഭാഗത്തില്‍ കണ്ണൂരിലും തിരുവനന്തപുരത്തും 20 ശതമാനത്തിൽ താഴെയും കൊല്ലത്ത് 15.5 ശതമാനവും കുട്ടികളാണുള്ളത്.
2021-22 ൽ 1 ലക്ഷം ജനസംഖ്യയിൽ ലഭ്യമായ ആശുപത്രി കിടക്കകളുടെ എണ്ണം (ആയുഷ് കിടക്കകൾ ഒഴികെ) പരിശോധിക്കുമ്പോള്‍ മലപ്പുറത്തും പാലക്കാടും ഒരു ലക്ഷം പേർക്ക് നൂറിൽ താഴെ ആശുപത്രി കിടക്കകൾ മാത്രമാണുള്ളത്. എന്നാല്‍ ആലപ്പുഴയിലും തിരുവനന്തപുരത്തും കോട്ടയത്തും ഒരു ലക്ഷം പേർക്ക് ഇരുന്നൂറിലധികം ആശുപത്രി കിടക്കകൾ ലഭ്യമാണ്. ഒരു ലക്ഷം ജനസംഖ്യയിൽ എത്രപേർ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നു എന്ന കണക്കില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് തുടങ്ങിയ ജില്ലകൾക്കിടയിൽ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്.
ഫലത്തില്‍ മറ്റ് പല ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകള്‍ പല സൂചകളിലും പിന്നിലാണ്. ഹിന്ദുവിന്റെ റിപ്പോർട്ടില്‍ സൂചിപ്പിക്കാത്ത സർക്കാർ സ്ഥാപനങ്ങള്‍, പൊതുവിദ്യാലയങ്ങളിലെ സീറ്റുകള്‍ തുടങ്ങിയ പല കാര്യങ്ങളിലും ഈ അന്തരം കാണാന്‍ സാധിക്കുന്നതാണ്.












Click it and Unblock the Notifications