കൊച്ചേ നിന്നെക്കാൾ വയസുണ്ട് എന്റെ എംഎൽഎ പണിക്ക്.. നോക്കി വർത്തമാനം പറയണം സ്മൃതിയോട് പിസി ജോര്‍ജ്ജ്
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ കലാപത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ താഴെ തട്ടിലുള്ള അണികള്‍ മുതല്‍ പാര്‍ട്ടിയിലെ യുവതുര്‍ക്കികളും എന്തിന് വിഎം സുധീരന്‍ വരേയുള്ളവര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ഇതിനിടെ തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ കളിയാണ് ഇതെന്ന് പിജെ കുര്യനും ആക്ഷേപം ഉന്നയിച്ചു. അതേസമയം കേരളാകോണ്‍ഗ്രസിനോട് പണം വാങ്ങിയാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്‍കിയതെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ ആരോപണമാണ് പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ശനിയാഴ്ച മാതൃഭൂമി ചാനല്‍ പ്രൈം ടൈമില്‍ ' ഉന്നം ഉമ്മന്‍ചാണ്ടിയോ' എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഈ ആരോപണത്തെ തള്ളി രംഗത്തെത്തി. ഇതിന്റെ ചുവടുപിടിച്ചാണ് അവതാരിക സ്മൃതി പരുത്തിക്കാട് ചര്‍ച്ചയില്‍ പങ്കെടുത്ത പിസി ജോര്‍ജിനോട് ചോദ്യം ഉന്നയിച്ചത്. പിസിയുടെ മറുപടികള്‍ ഇങ്ങനെ

ഗൂഡാലോചന ഉമ്മന്‍ചാണ്ടിയുടേതോ
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം തുടക്കം മുതലേ ഗ്രൂപ്പും ക്ലിക്കും കുതികാല് വെട്ടുമാണ്.ഒരു പ്രമുഖ പത്രം കൂടി ഒപ്പം ഉള്ളത് കൊണ്ടാണ് ഉമ്മന്‍ ചാണ്ടിക്ക് രാഷ്ട്രീയത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി എന്നോ ഔട്ടായേനെ.കെ കരുണകാരനെതിരെ ഗൂഡാലോചന നടത്തി ഡല്‍ഹിയില്‍ പോയി കളിച്ചത് മുഴുവന്‍ കുഞ്ഞുമാണിയും കുഞ്ഞുകുഞ്ഞും സഖ്യം ചേര്‍ന്നാണ്. അദ്ദേഹത്തിന്‍റെ കണ്ണീര് ഇപ്പോഴും കോണ്‍ഗ്രസിന് മുകളിലുണ്ട്.

എകെ ആന്‍റണി, നല്ല മനുഷ്യന്‍
അതിന് ശേഷം വന്നത് എകെ ആന്‍റിയാണ്. അതൊരു നല്ല മനുഷ്യന്‍. അദ്ദേഹം പറഞ്ഞ ഒറ്റക്കാര്യം ഭൂരിപക്ഷ വര്‍ഗീയത പോലെ തന്നെ അപകടകരമാണ് ന്യൂനപക്ഷ വര്‍ഗീയതയും എന്നാണ്. ആ ഒരൊറ്റ കാര്യത്തെ കുത്തിപ്പിടിച്ച് മാണിയും കുഞ്ഞാലികുട്ടിയും കുഞ്ഞാപ്പയും ചേര്‍ന്ന് കളിച്ചത്. ഇവര്‍ മൂന്നും ചേര്‍ന്നാണ് എല്ലാ കളികളും. ഇവര്‍ കേരളത്തെ കട്ടുമുടിക്കുന്ന കശ്മല കൂട്ടങ്ങളാണ്.

ആന്‍റണിയെ കരയിപ്പിച്ചു
രമേശ് ചെന്നിത്തല എവിടെയാണ് ഒഴിഞ്ഞുപോയതെന്ന് അവതാരക സ്മൃതിയുടെ ചോദ്യത്തിന് എല്ലാം പറയാം എന്നായിരുന്നു പിസിയുടെ മറുപടി. മൂന്ന് കുഞ്ഞന്‍മാരും കൂടിയാണ് ആന്‍റണിയെ കരയിപ്പിച്ചത്. രമേശ് ചെന്നിത്തലയുമായി താന്‍ ഇന്നലെ സംസാരിച്ചു. അദ്ദേഹത്തിന്‍റെ കണ്ണില്‍ കൂടി തീയാണ് പറക്കുന്നത്.ഒരു മനുഷ്യന്‍ എന്ത് മാത്രം സഹിക്കും. അദ്ദേഹം ചെയ്ത ഏക പാപം എന്താ. അഖിലേന്ത്യാ കോണ്‍ഗ്രസിന്‍റെ യൂത്ത് പ്രസിഡന്‍റായിരുന്നു, കെപിസിസി പ്രസിഡന്‍റായി നിന്നപ്പോള്‍ പോലും ഒരു പരാതിയും ആരെ കൊണ്ടും കേള്‍പ്പിച്ചില്ല. ഇപ്പോള്‍ പ്രതിപക്ഷ നേതാവായപ്പോള്‍ മുഖ്യമന്ത്രി ആകുമോയെന്ന് പേടി, അപ്പോള്‍ കോണ്‍ഗ്രസിനെ കൊല്ലുക. അതിനായി കുഞ്ഞന്‍മാര്‍ കളി തുടങ്ങി.

എവിടെയിരിക്കുന്ന കോണ്‍ഗ്രസ്
ഒന്‍പത് കൊല്ലം ലോക്സഭാ എംപിയായിരുന്ന ഒരുത്തന്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭയില്‍ നിന്ന് രാജ്യസഭയിലേക്ക് പോകുക. നാണക്കേടന്നല്ലേ ഇതിന്‍റെ പര്യായം. ഒന്‍പത് കൊല്ലം എംപിയായിരുന്നവന്‍ പറയുവാണ് എനിക്ക് ഇലക്ഷന്‍ നേരിടാന്‍ പേടിയാണ്. ഇവന്‍ എന്ത് കോപ്പിലെ നേതാവാണ്. ഇവനെങ്ങനെ നേതാവാവും എന്നായി ജോര്‍ജ്ജിന്‍റെ മറുപടി.

ഉന്നതനായവന്‍
മാണിക്കും ജോസ് കെ മാണിക്കും സീറ്റിന് താത്പര്യമുണ്ടായിരുന്നില്ല. ഉന്നതനായ ആള് തന്നെ പോകണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപെടുകയായിരുന്നില്ലെ എന്ന ചോദ്യത്തിന് സ്മൃതിയെ പോലുള്ള ആളുകള്‍ ഇങ്ങനെ കള്ളം പറയുന്നത് വിശ്വസിക്കണോ എന്നായി ജോര്‍ജ്ജ്. കെഎം മാണി കള്ളം പറയാനും കഞ്ഞികുടിക്കാനും മാത്രമാണ് വായി തുറന്നിട്ടുള്ളത്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എന്ന് പറഞ്ഞ് ചെങ്ങന്നൂരില്‍ മാണി പോയല്ലോ. എന്നിട്ട് എന്താ അവിടെ കിട്ടിയത്. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണ്ഡലത്തില്‍ പോലും കിട്ടിയത് മൂന്നാം സ്ഥാനം. പിന്നെ എന്തിനാണ് ഇവനെ ചുമക്കുന്നത്.

കുഞ്ഞന്‍മാര്‍
മൂന്ന് കുഞ്ഞന്‍മാരുടെ കളിയാണ് ഇവിടെ നടക്കുന്നതെന്നും ജോര്‍ജ്ജ് ആരോപിച്ചു. 20,000 കോടി രൂപയുടെ സ്വത്തിന്‍റെ അവകാശികളാണ് മാണിയും മാണിയുടെ മകനും മാണിയുടെ മകന്‍റെ പെണ്ണാട്ടിയും. ഉമ്മന്‍ചാണ്ടി അതിന്‍റെ ഇരട്ടിയാ, കുഞ്ഞാലിക്കുട്ടീം അങ്ങനെ തന്നെ. മൂന്നും കൂടെ കേരളത്തെ കട്ട് മുടിക്കുകയാണ് ജോര്‍ജ്ജ് പറഞ്ഞു.

കൈക്കൂലി കൊടുത്തു
രാജ്യസഭാ സീറ്റ് കിട്ടാന്‍ കേരള കോണ്‍ഗ്രസ് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിനെ സമ്പത്തികമായി സഹായിച്ചുവെന്ന ആരോപണം താങ്കള്‍ ഉന്നയിച്ചു. അതിന്‍റെ തെളിവ് എന്തായിരുന്നു എന്നായി സ്മൃതിയുടെ ചോദ്യം. എന്നാല്‍ താന്‍ ഇതുവരെ കളവ് പറഞ്ഞിട്ടില്ലല്ലോ,പറഞ്ഞതൊക്കേയും ഇവിടെ തെളിയിക്കപ്പെട്ടിട്ടില്ലേ എന്നായി പിസിയുടെ മറുപടി. മൂന്ന് കുഞ്ഞന്‍മാരില്‍ ഒരു കുഞ്ഞന്‍ എഐസിസിയിലേക്ക് പോയി. രണ്ടാമത്തെ ആള് കുഞ്ഞാപ്പ. അങ്ങേരെ ലീഗ് എംഎല്‍എമാര്‍ തട്ടി ഡല്‍ഹിയില്‍ എത്തിച്ചു. മൂന്നാമത്തെ ആള്‍ മാണി. അങ്ങേരും കൂടെ ഡല്‍ഹിയില്‍ എത്തണല്ലോ. അതിന് വേണ്ടിയാണ് ഇപ്പോള്‍ കളിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോണ്‍ഗ്രസിന് ആവശ്യത്തിന് പണം കെഎം മാണി നല്‍കിയത് ഉമ്മന്‍ചാണ്ടി എഐസിസിക്ക് കൊടുത്തെന്നാണ് എനിക്ക് ദില്ലിയില്‍ നിന്നും കിട്ടിയ വിവരം എന്നായി ജോര്‍ജ്ജ്.
ഇല്ലേങ്കില്‍ എങ്ങനെ കോണ്‍ഗ്രസില്‍ ഇത്രേം നേതാക്കളുണ്ടായിട്ടും കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് കിട്ടും എന്നും ജോര്‍ജ്ജ് ചോദിച്ചു.

എന്താണ് തെളിവ്
ഇതിനിടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ജോസ് ചാമക്കലിനോട് സ്മൃതി ചില ചോദ്യങ്ങള്‍ ചോദിക്കുകയും പിന്നാലെ ഒരു ആക്ഷേപം ഉന്നയിക്കുമ്പോള്‍ തെളിവ് മുന്നോട്ട് വെക്കേണ്ടതുണ്ട്. എന്താണ് താങ്കളുടെ തെളിവ് എന്നും പിസിയോട് ചോദിച്ചു. എന്നാല്‍ ജ്യോതികുമാര്‍ ചാമക്കാലയെ ചര്‍ച്ചയ്ക്ക് വിളിച്ചതും ഏറെ നേരം ഇരുന്നിട്ടും തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തതും പിസിക്കു രസിച്ചില്ല. ഇതോടെ പിസി അവതാരകയായ സ്മൃതിക്കെതിരെ തിരിഞ്ഞു.

എത്ര വയസുണ്ട്
സ്മൃതി, കൊച്ചിന് എത്ര വയസുണ്ട്. ഞാന്‍ 27ാം വയസില്‍ എംഎല്‍എ ആയ ആളാണ്. 2018 ഇപ്പോഴും എംഎല്‍എയാണ്. രാജ്യത്തെ രാഷട്രീയ പാര്‍ട്ടികള്‍ മൊത്തം എതിര്‍ത്തിട്ടും കേരളത്തില്‍ 28000 വോട്ടിനു ജയിച്ച ആളാണ് ഞാന്‍ കേട്ടിട്ടില്ലാത്ത ആരെയെങ്കിലും കൊണ്ടുവന്ന് കോണ്‍ഗ്രസാണ് എന്നു പറഞ്ഞ് അവര് പറയുന്നത് മുഴുവന്‍ കേള്‍പ്പിക്കാന്‍ എന്നെ കൊണ്ടിരുത്തിക്കുകയാണ്. മാൃതൃഭൂമി ചാനലിന് ഒരു മര്യാദയുണ്ട് അതുകൊണ്ട് മിണ്ടാതിരിക്കുകയാണ്. അല്ലാതെ ഇതും കേട്ടോണ്ടിരിക്കുന്നവനല്ല ഞാന്‍. എന്നെ പഠിപ്പിക്കാനൊന്നും നിങ്ങള്‍ നോക്കരുത് സ്മൃതി പഠിച്ചോളണം. മോളുടെ പ്രായമുണ്ട് എന്റെ എംഎല്‍എ പണിക്ക്. മനസിലായില്ലേ..

കുത്തിയിരിക്കുന്നു
എത്ര നേരമായി ഞാന്‍ ഇവിടെ കുത്തിയിരിക്കുന്നു.
എന്റെ മര്യാദകൊണ്ടാണ് ഇവിടെവരെ എത്തിയത്. ചാനലില്‍ ആളുകളെ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ ഒരുമാതിരി നിലനോക്കി വേണം വിളിക്കാന്‍'. കണ്ടിട്ടും കേട്ടിടുമില്ലാത്ത ആളാണ് ഇവിടെ കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കുന്നതെന്നായി പിസി ജോര്‍ജ്ജ്. എന്നാല്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മുതിരാതെ നമുക്ക് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് സ്മൃതി വ്യക്തമാക്കി.

യാതൊരു നിര്‍ബന്ധവും
താന്‍ തര്‍ക്കത്തനില്ല. എനിക്ക് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന് ഞാന്‍ അങ്ങോട്ട് വന്നു ചോദിച്ചോ എന്നായി പിസി ജോര്‍ജ്ജ്. എനിക്ക് ബോധ്യമുള്ള കാര്യം ഞാന്‍ പറയും. അത് കേള്‍ക്കാന്‍ താത്പര്യമില്ലേങ്കില്‍ കട്ട് ചെയ്ത് പോയ്ക്കൂള്ളൂവെന്നും ജോര്‍ജ്ജ് പറഞ്ഞു. പിന്നാലെ തെളിവ് എവിടെയെന്ന് വീണ്ടും സ്മൃതി ചോദിച്ചതോടെ യുഡിഎഫ് ഭരണകാലത്തെ അഴിമതിയും മാണി കോഴവാങ്ങിയതിന് തെളിവ് നല്‍കിയതിനെക്കുറിച്ചും ജോര്‍ജ്ജ് മറുപടി നല്‍കി.
വീഡിയോ
വീഡിയോ പൂര്‍ണ രൂപം