മന്ത്രിയായിരുന്നപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്നത് പരമാവധി 23 പേര്‍; സ്റ്റാഫ് കണക്കില്‍ മറുപടിയുമായി രാജീവ്
മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിലെ കണക്കുകള്‍ സംബന്ധിച്ച് വ്യത്യസ്ത വിവരം പുറത്തുവരവെ വ്യക്തത വരുത്തി മുന്‍ മന്ത്രി പി രാജീവ്. രാജിവെച്ച മന്ത്രിമാരുടെയും പിന്നീട് മന്ത്രിയായവരുടെയും സ്റ്റാഫ് അംഗങ്ങളുടെ മൊത്തം കണക്ക് ചേര്‍ത്ത് പറയുന്ന രീതിയെ എന്തുവിളിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. മന്ത്രിമാര്‍ ഒഴിയുമ്പോള്‍ സ്റ്റാഫ് മൊത്തം മാറും. പുതിയ മന്ത്രിമാര്‍ വരുമ്പോള്‍ പുതിയ സ്റ്റാഫിനെയാണ് നിയമിക്കുക. ഇതെല്ലാം ഒരേ സമയം ജോലി ചെയ്യുന്നവരാണ് എന്ന കണക്ക് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് സൂചിപ്പിക്കുകയാണ് അദ്ദേഹം.
മന്ത്രിയായിരുന്നപ്പോള്‍ തന്റെ ഓഫീസില്‍ പരമാവധി 23 പേരാണ് ഉണ്ടായിരുന്നത് എന്ന് രാജീവ് പറയുന്നു. ഇതില്‍ പലരും മാറി മാറി വന്നു. ഇതുപോലെ തന്നെയായിരുന്നു മറ്റു മന്ത്രിമാരുടെയും അവസ്ഥ എന്ന് രാജീവ് സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

''കേരളത്തില്‍ എത്ര സര്‍ക്കാര്‍ ജീവനക്കാരുണ്ട് എന്ന ചോദ്യം മുഖ്യമന്ത്രിയോടോ ചില മാധ്യമങ്ങളോടോ ഉന്നയിച്ചാല്‍ 1956 നവംബര്‍ ഒന്നുമുതല്‍ ഇന്നുവരെ സര്‍ക്കാര്‍ സര്‍വീസില്‍ ജോയിന്‍ ചെയ്ത മുഴുവനാളുകളുടെയും എണ്ണം മറുപടിയായി നല്‍കുമായിരിക്കും. ഇതുവരെ എത്ര പേരെ നിയമിച്ചുവെന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം ഉപയോഗിച്ച് എത്ര പേര്‍ ജോലിചെയ്യുന്നുവെന്ന മറുപടി കൊടുക്കുന്നത് ബോധപൂര്‍വം ആശയക്കുഴപ്പമുണ്ടാക്കാനും പരിധികളെല്ലാം ലംഘിച്ച് നിയമനം നടത്തുന്നവരെ വെള്ളപൂശാനുമാണ്. നിയമിച്ച അത്രയുമാളുകള്‍ ഒരേസമയം ജോലിചെയ്തിട്ടില്ലെന്ന് ശ്രദ്ധ കിട്ടാത്ത മട്ടില്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്!
രണ്ടു മന്ത്രിമാര്‍ രാജിവെച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന മുഴുവന്‍ പേഴ്‌സണല്‍ സ്റ്റാഫും ഒഴിവായി പുതിയ രണ്ടു മന്ത്രിമാര്‍ക്കൊപ്പം പുതിയ സ്റ്റാഫ് ജോയിന്‍ ചെയ്താല്‍ ആകെ രണ്ടു മന്ത്രിമാര്‍ക്ക് എത്ര സ്റ്റാഫ് എന്ന് ചോദിച്ചാല്‍ അപ്പോള്‍ ഉള്ളവരുടെയും രാജിവെച്ചവരുടെയും ആകെ സ്റ്റാഫിന്റെ എണ്ണം കൂട്ടിക്കൊടുക്കുന്ന രീതിയെ എന്തു പേരിട്ടുവിളിക്കും?
മന്ത്രിയായിരുന്ന ഘട്ടത്തില്‍ എന്റെ ഓഫീസില്‍ പരമാവധി ഉണ്ടായിരുന്നത് 23 പേരാണ്. അതില്‍ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരും ഉള്‍പ്പെടെ 9 പേര്‍ ഡെപ്യൂട്ടേഷനിലായിരുന്നു. ഡ്രൈവര്‍മാരും ഓഫീസ് അറ്റന്‍ഡര്‍മാരുമുള്‍പ്പെടെ 14 പേരെ മാത്രമാണ് ഡെപ്യൂട്ടേഷനില്ലാതെ നിയമിച്ചത്.
തുടക്കത്തില്‍ സെക്രട്ടേറിയറ്റില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നയാളുടെ സേവനം കാലാവധി മുഴുവന്‍ ലഭിക്കാന്‍ ഇടയില്ലാത്തതുകൊണ്ട് മാസങ്ങള്‍ക്കകം തിരിച്ചുപോയി. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍ തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ഉയര്‍ന്ന ചുമതല വഹിച്ച രണ്ടുപേര്‍ മാറിയപ്പോള്‍ ഒരു ഓഫീസ് അറ്റന്‍ഡന്റ് ഇടക്കാലത്ത് വന്നു. ഇങ്ങനെയൊക്കെ തന്നെയാണ് മറ്റു മന്ത്രിമാരുടെ ഓഫീസുകളിലെ സ്ഥിതിയും. ഇത്തരം വസ്തുതകള്‍ മുമ്പിലുള്ളപ്പോഴും നുണകള്‍ക്ക് ആധികാരികത ചമയ്ക്കാന്‍ ചില കൂട്ടര്‍ കാണിക്കുന്ന വ്യഗ്രത അവരെത്തന്നെ പരിഹാസ്യരാക്കുമെന്നറിഞ്ഞാല്‍ കൊള്ളാം.''





Click it and Unblock the Notifications
