'പത്മജ ബിജെപിയിൽ എത്തിയത് തൃശൂരിൽ സുരേഷ് ഗോപിക്ക് തിരിച്ചടി; കോൺഗ്രസിന് ഗുണം'; കാരണം പറഞ്ഞ് തേറമ്പിൽ
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ തൃശൂർ എംഎൽഎയുമായ തേറമ്പിൽ രാമകൃഷ്ണൻ. വിലപേശലാണ് പത്മജയുടെ കൂടുമാറ്റമെന്നും ഒരു കോൺഗ്രസ് നേതാവ് പോലും അവർക്കൊപ്പം പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മജയുടെ പോക്ക് തൃശൂരിൽ സുരേഷ് ഗോപിക്ക് ദോഷകരമായി ബാധിച്ചേക്കുമെന്നും തേറമ്പിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പാര്‍ട്ടിമാറ്റം ആശയപരമല്ല, ലാഭകരമായ വിലപേശലാണ്. താനതില്‍ ഖിന്നനാണ്. അവരുടെ ബി ജെ പി പ്രവേശം തന്നെ സംബന്ധിച്ച് സർപ്രൈസായിരുന്നു. അവർക്കൊപ്പം ഒരു കോൺഗ്രസ് നേതാവും പോകില്ല', തേറമ്പിൽ പറഞ്ഞു.

പത്മജയുടെ പോക്ക് കോണ്‍ഗ്രസിനത് ഗുണമായി വരുമെന്നും തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. 'പത്മജയെ വിശ്വസിച്ച സാധാരണ പ്രവര്‍ത്തകര്‍ ചേച്ചിയിത് ചെയ്തല്ലോ എന്ന് വാശിയോടെ ചിന്തിക്കാം. തെരഞ്ഞെടുപ്പ് കാലത്തെ ഈ കണ്‍ഫ്യൂഷന്‍ മൂന്നാലd ദിവസത്തിനപ്പുറം നില്‍ക്കില്ല. പ്രലോഭിച്ച് റാഞ്ചിയെടുക്കുന്നത് ജനാധിപത്യ രീതിയല്ല. സുരേഷ് ഗോപിക്കിത് ദോഷമാകാനും സാധ്യതയുണ്ട്', തേറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പത്മജ വേണുഗോപാൽ ബി ജെ പിയിൽ ചേർന്നത്. ഉപാധികളില്ലാതെയാണ് തന്റെ പാർട്ടി പ്രവേശം എന്നാണ് പാർട്ടി മാറ്റത്തിന് പിന്നാലെ പത്മജ പ്രതികരിച്ചത്. തന്റെ പരാതികൾ നിരന്തരം അവഗണിക്കുകയും തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസിനോടുള്ള അസംതൃപ്തിയാണ് തന്നെ ബിജെപിയിലെത്തിച്ചത്. തന്നെ ആകർഷിച്ചത് ബി ജെ പിയുടെ ശക്തമായ നേതൃത്വമാണെന്നും പത്മജ പറഞ്ഞു.
അതേസമയം പത്മജയുടെ പാർട്ടി മാറ്റത്തിന് പിന്നാലെ തൃശൂരിലെ ലോക്സഭ സ്ഥാനാർത്ഥിത്വത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് കോൺഗ്രസ്. ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ തന്നെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് കെ മുരളീധരനെ തൃശൂരിലേക്ക് നിർദ്ദേശിച്ചത്. തൃശൂർ സിറ്റിംഗ് എംപി ടിഎൻ പ്രതാപന് വരുന്ന നിയമസഭാ സീറ്റ് നൽകും
അതേസമയം പത്മജയുടെ വരവ് ആഘോഷമാക്കുകയാണ് ബി ജെ പി. തൃശൂർ ലോക്സഭ തിരഞ്ഞെടുപ്പിൽ പത്മജയുടെ ബി ജെ പി പ്രവേശം ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്.












Click it and Unblock the Notifications