സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദന; വി വി പ്രകാശിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മലപ്പുറം ഡിസിസി പ്രസിഡന്റും, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി വി പ്രകാശിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫ് നു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വിവി പ്രകാശന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. അഡ്വ. വി.വി പ്രകാശിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന് മലപ്പുറത്തെ കോണ്‍ഗ്രസ്സിന്റെ മുഖമായി മാറിയ നേതാവായിരുന്നു പ്രകാശ്. എന്നും സാധാരണക്കാരന്റെ ശബ്ദമായിരുന്നു അദ്ദേഹം.
ആദര്‍ശ ദീപ്തമായ ജീവിതമായിരുന്നു പ്രകാശിന്റേത്. ലാളിത്യമായിരുന്നു മുഖമുദ്ര. എല്ലാവരേയും വേര്‍തിരിവില്ലാതെ ചേര്‍ത്തു പിടിക്കുന്നതായിരുന്നു പ്രകാശിന്റെ പ്രവര്‍ത്തന ശൈലി. ഇന്നലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഡി.സി.സി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ പ്രകാശ് പങ്കെടുത്തിരുന്നു. ഞാന്‍ ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.
അപ്രതീക്ഷിതമായ വിയോഗ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. എനിക്ക് പ്രിയ സഹോദരനെ നഷ്ടമായതിന്റെ വേദനയാണ് ഉള്ളത്. കോണ്‍ഗ്രസ്സിനും മതേതര പ്രസ്ഥാനങ്ങള്‍ക്കും വിവി പ്രകാശിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍. കെപിസിസി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം,ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications