പാലാ ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തി, പ്രതീക്ഷയോടെ മുന്നണികൾ!
പാലാ: ഒരു മാസത്തെ പ്രചാരണങ്ങള്‍ക്ക് ശേഷം പാലാ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 87,729 പുരുഷന്മാരും 91,378 സ്ത്രീകളും ഉള്‍പ്പെടുന്നു. വൈകിട്ട് ആറ് മണിവരെ വോട്ടെടുപ്പ് തുടരും.
കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ത്ഥിയായും ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുതലാണ്. നിരവധി പ്രശ്നങ്ങൾക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിരുന്നത്. എങ്കിലും വിജയപ്രതീക്ഷ ഒട്ടും കുറയുന്നില്ല.

മാണി സി കാപ്പൻ വോട്ട് രേഖപ്പെടുത്തി
അതേസമയം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്ക് കോളേജിലെ 119-ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.

പ്രതീക്ഷയോടെ ബിജെപി
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ.എല്‍പി സ്‌കൂളിളാണ് വോട്ട് രേഖപ്പെടുത്തിയത്. പാലായില്‍ നൂറുശതമാനം വിജയം ഉറപ്പാണെന്ന് വോട്ട് രെഖപ്പെടുത്തിയതിന് ശേഷം അദ്ദേഹം പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രതീക്ഷ ഉണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി ഹരിയും വ്യക്തമാക്കി.

ജനങ്ങൾ തീരുമാനിക്കും
ഫലം ജനങ്ങൾ തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോയ് എബ്രഹാം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ മാണി വ്യക്തമാക്കിയത്. രാവിലെ തന്നെ പോളിങ് ബൂത്തിലേക്കുള്ള ഒഴുക്കാണ് പാലായിൽ കാണാൻ സാധിക്കുന്നത്.

സാങ്കേതിക തകരാർ
രണ്ടിടത്ത് മോക് പോളിങ്ങിനിടെ സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവി പാറ്റ് യന്ത്രങ്ങള്‍ മാറ്റി പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചു. വലവൂര്‍ ഗവ. യുപി സ്കൂളിലെ 95-ാം ബൂത്തിലുമാണ് പുതിയ യന്ത്രങ്ങൾ സ്ഥാപിച്ചത്. പാലാ സെന്റ് തോമസ് ടിടിഐയിലെ 131-ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 1380 വോട്ടർമരാണ് അവിടെയുള്ളത്. തലനാട് പഞ്ചായത്തിലെ 61-ാം ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 203 വോട്ടർ മാത്രമേ ബുത്തിലുള്ളൂ.

സെപ്തംബർ 27ന് വിധി അറിയാം
സെപ്തംബർ 27നാണ് വോട്ടെണ്ണൽ. എംഎൽഎ ആയിരുന്ന കെഎം മാണി അന്തരിച്ചതിനെ തുടർന്നാണ് പാലായിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാലായിൽ നിന്ന് തുടർച്ചായായി കെഎം മാണി നിയമസഭയിൽ എത്തിയിരുന്നു. കേരള കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ് പാലാ. കെഎം മാണിയുടെ അഭാവവും കേരള കോൺഗ്രസിന്റെ വിഭാഗീയതയും എത്രത്തോളം ബാധിക്കുമെന്ന് സെപ്തംബർ 27ന് കണ്ടറിയാം. കേരള കോൺഗ്രസിലെ വിഭാഗീയത വോട്ടാക്കാനായിരുന്നു മറ്റ് പാർട്ടികളുടെ ശ്രമം.
Recommended Video

ഭരണ വിരുദ്ധ വികാരം
ശബരിമല വിഷയും ഭരണവിരുദ്ധ വികാരവും കിഫ്ബിയും എടുത്തു കാണിച്ചായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ പാലാരിവട്ടം അഴിമതി കേസ് ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫ് അതിനെ എതിർത്ത് നിന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് സംസ്ഥാന സർക്കാരിനെന്ന് കവഴിഞ്ഞ ദിവസം പൊതു വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications