പാലക്കാട് ജില്ലാ ആശുപത്രിയിൽ സിടി സ്കാനിങ് യൂണിറ്റിന്റെ പ്രവർത്തനം തടസപ്പെട്ടു
പാലക്കാട് : രോഗികളെ വലച്ച് ജില്ലാ ആശുപത്രിയിൽ എസി സംവിധാനത്തിലെ തകരാറിനെത്തുടർന്ന് സിടി സ്കാനിങ് യൂണിറ്റിന്റെ പ്രവർത്തനം തടസപ്പെട്ടു. ഇതേത്തുടർന്ന് അടിയന്തരമായി എസി മാറ്റി സ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി സൂപ്രണ്ട് ഡോ വി രമാദേവി അറിയിച്ചു. കഴിഞ്ഞ ദിവസം തകരാർ ശ്രദ്ധയിൽപെട്ടതോടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.

ഇന്നലെ വീണ്ടും സംവിധാനം തകരാറിലായി. കാലപ്പഴക്കാണു തകരാറിനു കാരണമെന്നു കരുതുന്നു. യൂണിറ്റ് പ്രവർത്തിപ്പിക്കണമെങ്കിൽ താപനില ക്രമീകരിച്ചു നിർത്തണം. ആശുപത്രിയിൽ കുറഞ്ഞ ചെലവിലുള്ള സിടി സ്കാൻ പരിശോധന രോഗികൾക്ക് ഏറെ സഹായകരമാണ്. പുറത്ത് ഇതിന്റെ മൂന്നിരട്ടി നിരക്കുവരെ സിടി സ്കാനിങ്ങിന് ഈടാക്കുന്നുണ്ട്. ഇതുകൂടി കണക്കിലെത്താണ് പുതിയ എസി പിടിപ്പിക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി പരമാവധി വേഗത്തിൽ സ്കാനിങ് യൂണിറ്റ് പ്രവർത്തിപ്പിച്ചു തുടങ്ങുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നവീകരണ പ്രവർത്തനങ്ങളും പുതിയ സംവിധാനങ്ങളും മൂലം പുതിയ ദിശയിലേക്കു നീങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. വലിയ തിരക്കാണു ഇവിടെ അനുഭവപ്പെടുന്നത്. പുതിയ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്ക് വാഹനങ്ങൾ കയറ്റുന്നില്ല. ജില്ലാ ആശുപത്രിയിലേക്കെത്തുന്ന ഇരുചക്രവാഹനങ്ങളും കാറുകളുമെല്ലാം പുറത്ത് നിർത്തുകയോ ആശുപത്രിയുടെ പിൻവശത്തുള്ള സ്ഥലത്തോ ആണു നിർത്തുന്നത്. ഇതിനിടയിലാണു സിടി സ്കാനിങ് യൂണിറ്റ് പ്രവർത്തനം തടസ്സപ്പെട്ടത്. ഉടൻ പരിഹരിക്കുമെന്നു അധികൃതർ പറയുമ്പോഴും ദിവസേനയെത്തുന്ന ആയിരക്കണക്കിന് രോഗികളെ ഇത് ബുദ്ധിമുട്ടിലാക്കൂം.












Click it and Unblock the Notifications