പാലക്കാട് സ്‌കൂളിലെ വെടിവെപ്പ്; വിദ്യാര്‍ഥിയുടെ അമ്മയ്‌ക്കെതിരെ കേസ്, ഉദ്യോഗസ്ഥര്‍ക്കും വീഴ്ച
പാലക്കാട് തൃത്താലയ്ക്ക് അടുത്ത പരുതൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ആയുധ നിയമ പ്രകാരമാണ് തൃത്താല പോലീസ് കേസെടുത്തത്. അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വീട്ടില്‍ തോക്കുള്ളത് ഇവര്‍ക്ക് അറിയാമായിരുന്നു. കുട്ടിയുടെ മുത്തച്ഛന്റെ തോക്കാണിത്. മുത്തച്ഛന്റെ മരണ ശേഷം ഉപയോഗ ശൂന്യമായി എന്നാണ് കരുതിയിരുന്നതത്രെ.
അതേസമയം, സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് ആരോപണമുണ്ട്. മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന കാലത്ത് ലൈസന്‍സുള്ള തോക്കായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം തോക്ക് എന്തു ചെയ്തു എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയും നിയമ പരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല എന്നാണ് വിമര്‍ശനം.

വിദ്യാര്‍ഥിയുടെ മുത്തച്ഛനും അച്ഛനും മരിച്ചിട്ടുണ്ട്. അച്ഛന്‍ മരിച്ചിട്ട് അധികകാലം ആയിട്ടില്ല. വീട്ടില്‍ തോക്ക് കണ്ട കുട്ടി കൗതുകത്തിന് സഹപാഠികളെ കാണിക്കാന്‍ കൊണ്ടുവന്നതാണ് എന്നാണ് പറയപ്പെടുന്നത്. അമ്മ നല്‍കിയ മൊഴിയും സമാനമാണ്. എന്നാല്‍ വെടിപൊട്ടിയതോടെയാണ് സംഭവം വിവാദമായത്. രണ്ടു തവണയാണ് വെടിപൊട്ടിയത്. ഒന്ന് പുറത്തേക്കും മറ്റൊന്ന് സഹപാഠിയുടെ കൈക്കും കൊണ്ടു.
പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. വെടിയുണ്ട പോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് വിവരം. അതേസമയം, വെടിവെച്ച വിദ്യാര്‍ഥിയെ പോലീസ് പാലക്കാട് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. ശേഷം കോഴിക്കോട് വെളിമാട്കുന്നിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഡിസംബര്‍ അഞ്ച് വരെ ഇവിടെ തുടരും.
ലൈസന്‍സുള്ള തോക്ക് എന്തുകൊണ്ട് ഉടമ മരണപ്പെട്ട ശേഷം റവന്യൂ വകുപ്പ് തിരിച്ചെടുത്തില്ല എന്നത് അന്വേഷിക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പഴയ തോക്കില്‍ എന്തിന് വെടിയുണ്ട നിറച്ചുവച്ചു എന്ന ചോദ്യവും ബാക്കിയാണ്. രണ്ടു ഉണ്ടകള്‍ നഷ്ടമായിട്ടുണ്ടെങ്കിലും ബാക്കി തോക്കിലുണ്ടായിരുന്നു എന്നാണ് പോലീസിന്റെ പരിശോധനയില്‍ വ്യക്തമായത്.





Click it and Unblock the Notifications
