വയോധികയുടെ മീന്‍കുട്ട പോലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചരണമെന്ന് മുഖ്യമന്ത്രി
തിരുവന്തപുരം; പാരിപ്പള്ളിയിൽ വയോധികയുടെ മത്സ്യക്കുട്ട പോലീസ് തട്ടിത്തെറിപ്പിച്ചു എന്നത് തെറ്റായ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തിയതായി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളി പരവൂര്‍ റോഡില്‍ മീന്‍ വില്‍പന നടത്തിയ കൊച്ചുമേത്തൻ കടവിൽ മേരി എന്ന വയോധികയുടെ മത്സ്യങ്ങള്‍ പോലീസ് നശിപ്പിച്ചത്.ഡി കാറ്റഗറിയിൽ മീൻ വിൽക്കാൻ പാടില്ലെന്ന് പോലീസ് മേരിയോട് പറയുകയായിരുന്നു. ഇതോടെ ആദ്യം മേരി പോയെങ്കിലും കച്ചവടം മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ വീണ്ടും മേരി കച്ചവടം തുടരുകയായിരുന്നു. ഇതിനിടെ പോലീസ് വീണ്ടും വന്ന് മീൻകുട്ട അഴുക്കുചാലിലേയ്ക്ക് വലിച്ചെറിയുകയുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടെ കടുത്ത വിമർശനമായിരുന്നു ഉയർത്തിയത്.
എന്നാൽ പ്രതിഷേധം കനത്തതോടെ സംഭവത്തിൽ വിശദീകരണവുമായി പോലീസും രംഗത്തെത്തിയിരുന്നു. മീൻ വിൽപ്പനയുമായി ബന്ധപെട്ടു പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണെന്നായിരുന്നു പോലീസ് വിശദീകരണം. പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള 'ഡി കാറ്റഗറി'യിൽപെട്ട സ്ഥലമാണെന്നും അവിടെ എല്ലാതരത്തിലുള്ള കച്ചവടം ജില്ലാ ഭരണകുടം നിരോധിച്ചിരുന്നുവെന്നും പോലീസ് വിശദീകരിച്ചിരുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് ചിലർ മത്സ്യ കച്ചവടം നടത്തുകയും, ആളുകൾ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു . ഇതിനെതിരെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ ചിലർ ആസൂത്രിതമായി ഈ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications