കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയുണ്ടാക്കി പിസി ജോര്‍ജ് വരുന്നു...പുതിയ കളികള്‍ പഠിക്കാനും ചിലത് പഠിപ്പിക്കാനും...!!

ഒരിടവേളയ്ക്ക് ശേഷം പൂര്‍വാധികം ശക്തിയോടെ പിസി ജോര്‍ജ് വരുന്നു. അഴിമതിക്കെതിരെ ജനപക്ഷം'

Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങനെയൊന്നും തോറ്റുപിന്മാറുന്നവനല്ല പൂഞ്ഞാറിന്റെ പിസി. കളി കുറേയേറെ കണ്ടിട്ടുണ്ട്. പണി തന്നവര്‍ക്ക് മറുപണി കൊടുത്ത ചരിത്രമേ പിസി ജോര്‍ജിനുള്ളൂ. സകല എതിരാളികളും കരുതിയിരുന്നോളാന്‍ മുന്നറിയിപ്പുമായി പിസി ജോര്‍ജിന്റെ പുതിയ പാര്‍ട്ടി വരുന്നു.

ജനപക്ഷം എന്ന് പേരിട്ടിരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം മുപ്പതിന് നടത്താനാണ് പിസി ജോര്‍ജ് ആലോചിക്കുന്നത്. അഴിമതിക്കെതിരെ പോരാട്ടം മുഖമുദ്രയാക്കുമെന്ന് പറയുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് പിസി തെരഞ്ഞെടുക്കുക മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം തന്നെയാവുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ചെയര്‍മാന്‍ പിസി

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ ചെയര്‍മാന്‍ പിസി ജോര്‍ജ് തന്നെയായിരിക്കും. പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിസി ജോര്‍ജ് അനുകൂലികളുടെ ആലോചനാ യോഗം കോട്ടയത്ത് ചേര്‍ന്നിരുന്നു. ഭരണങ്ങാനത്തെ ഓശാന മൗണ്ടിലായിരുന്നു യോഗം.

കെജ്രിവാൾ മാതൃക

അഴിമതിക്കെതിരെയുള്ള ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പോരാട്ടങ്ങളെയാവും പിസി ജോര്‍ജിന്റെ ജനപക്ഷം മാതൃകയാക്കുക. ഈ മാസം മുപ്പതിന് നടക്കാനിരിക്കുന്ന പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തില്‍ അണ്ണാ ഹസാരെ അടക്കമുള്ളവരെ പങ്കെടുപ്പിക്കാനും ആലോചനകള്‍ നടക്കുന്നതായാണ് വിവരം.

ആദ്യ പ്രക്ഷോഭം നോട്ട് നിരോധനത്തിനെതിരെ

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധിക്കല്‍ നടപടിക്കെതിരെയാണ് ജനപക്ഷം ആദ്യ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആലോചിക്കുന്നത്. ഈ മാസം 17നാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. അയ്യായിരം പേരെ പ്രക്ഷോഭത്തില്‍ അണിനിരത്താനാണ് പാര്‍ട്ടി തീരുമാനം.

തുടക്കം എറണാകുളത്ത്

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ചുകൊണ്ടായിരിക്കും നോട്ട് നിരോധനത്തിനെതിരെയുള്ള പിസിയുടെ പാര്‍ട്ടിയുടെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുക. ഇതിന് ശേഷമായിരിക്കും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. ഇതിന് മുന്നോടിയായുള്ള നേതൃക്യാമ്പ് കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയത്ത് ചേര്‍ന്നു.

സിദ്ധാന്തം സമദൂരം

മാണിയോട് ഉടക്കി വലതുപക്ഷത്തു നിന്നും വിട്ട് ഇടത് തോള്‍ ചേരാന്‍ ശ്രമം നടത്തിയെങ്കിലും പിണറായി പിസിയെ അടുപ്പിച്ചില്ല. ഇതോടെ അവിടെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയിലായിരുന്നു ജോര്‍ജ്. അതുകൊണ്ടാവാം പുതിയ പാര്‍ട്ടിക്ക് ഇടത്-വലത് പക്ഷങ്ങളോട് സമദൂരമായിരിക്കുമെന്നാണ് പിസി പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളമാകെ കമ്മറ്റികൾ

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും 978 പഞ്ചായത്തുകളിലും എല്ലാ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ജനപക്ഷത്തിന് കമ്മറ്റികളുണ്ടാവുമെന്ന് പിസി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ 14 ജില്ലാ കമ്മിറ്റികള്‍ക്കും ജില്ലാ കണ്‍വീനര്‍മാരെ നിയമിച്ചു കഴിഞ്ഞു. ജില്ലാ കമ്മിറ്റികളും നിലവില്‍ വന്നിട്ടുണ്ട്.

പതാകയും റെഡി

ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയ്ക്കും അംഗീകാരമായിട്ടുണ്ട്. മൂന്നില്‍ രണ്ട് ഭാഗം ചുവപ്പും ഒരുഭാഗം മഞ്ഞയും നിറമുള്ളതായിരിക്കും ജനപക്ഷത്തിന്റെ ഔദ്യോഗിക പതാക. കൊല്ലത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ ആലോചനാ യോഗത്തില്‍ കൊടിയ്ക്ക് അംഗീകാരം നല്‍കി.

ഇനി എന്തൊക്കെ കാണേണ്ടി വരും

ഇടതും വലതും ഒരുപോലെ പുറന്തള്ളിയിട്ടും ഒറ്റയ്ക്ക് മല്‍സരിച്ച് നിയമസഭയില്‍ എത്തിയതാണ് പിസി ജോര്‍ജ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഒരു തവണ തോറ്റതൊഴിച്ചാല്‍ അപരാജിതന്‍. പുതിയ പാര്‍ട്ടിയുമായി കേരള രാഷ്ട്രീയത്തിന്റെ കളത്തിലിറങ്ങിക്കളിക്കാന്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും പിസി ജോര്‍ജ് കോപ്പ് കൂട്ടുമ്പോള്‍ ആര്‍ക്കൊക്കെ പണിവെച്ചിട്ടുണ്ടെന്ന് കാത്തിരുന്ന് കാണാം.

English summary
PC George to announce his new political party this month. The new party is named Janapaksham.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X