ഇന്ധന വില വർധന; ജനദ്രോഹം പരമാവധിയാക്കുന്ന മോഡി സർക്കാർ..ആഞ്ഞടിച്ച് ജയരാജൻ
തിരുവനന്തപുരം; രാജ്യത്ത് ഇന്ധന വില ദിവസേന ഉയരുകയാണ്. ഇന്ന് ഡീസല്‍ ലിറ്ററിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് വര്‍ദ്ധിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.39 രൂപയും ഡീസല്‍ ലിറ്ററിന് 99.82 രൂപയുമാണ് വില. കൊവിഡ് പ്രതിസന്ധിയും വിലക്കയറ്റവുമെല്ലാം ജനജീവിതം ദു;സഹമാക്കുന്നതിനിടയിലാണ് അടിക്കടിയുള്ള ഈ വിലവിർധന.
അതിനിടെ വിലവർധനവിൽ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമർശനം ഉയർത്തുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. വിലക്കയറ്റം തടഞ്ഞ്, പട്ടിണിയും ദാരിദ്ര്യം രാജ്യത്തുനിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുന്നതിന് പകരം, വിലക്കയറ്റം അതിരൂക്ഷമാക്കുന്ന നടപടി തുടരുന്നത് ജനദ്രോഹം അങ്ങേയറ്റമാക്കുന്ന മോഡി സർക്കാർ നയം തന്നെയാണ് തുറന്നുകാട്ടുന്നതെന്ന് ജയരാജൻ പറഞ്ഞു.വിലക്കയറ്റം തുടർച്ചയാവുമ്പോഴും കേന്ദ്രസർക്കാർ ജനങ്ങളെ പട്ടിണിയിലാക്കി കോർപ്പറേറ്റുകൾക്കൊപ്പം ചിരിക്കുമ്പോൾ, 20 രൂപയ്ക്ക് ഊണുൾപ്പടെ ലഭ്യമാക്കി സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പം നിന്ന് ബദലൊരുക്കുന്നതും വർത്തമാനകാല കാഴ്ചയാണെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശമം. ജയരാജന്റെ വാക്കുകളിലേക്ക്

ഇന്ധനവില തുടർച്ചയായി വർദ്ധിച്ചതോടെ, പെട്രോളിന് പിന്നാലെ ഡീസൽ വിലയും 100 കടന്നു. ലോക വിശപ്പ് രാഷ്ട്രങ്ങളുടെ പട്ടികയിൽ, പാകിസ്ഥാനും ശ്രീലങ്കയ്ക്കും മറ്റ് ഏഷ്യൻ രാഷ്ട്രങ്ങൾക്കും പിറകിലാണെന്നത് മാത്രമല്ല, ലോകത്തിന്റെ വിശപ്പ് രാഷ്ട്രങ്ങളുടെ തലസ്ഥാനമായി കരുതിപ്പോന്ന എത്യോപ്യയ്ക്കും പിറകിലായി മോഡി സർക്കാർ ഭരണത്തിൽ ഇന്ത്യ നാണം കെട്ടതാണ് പുതിയ വേൾഡ് ഹംഗർ ഇൻഡക്സ് തുറന്നുകാട്ടിയത്. വിലക്കയറ്റം തടഞ്ഞ്, പട്ടിണിയും ദാരിദ്ര്യം രാജ്യത്തുനിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുന്നതിന് പകരം, വിലക്കയറ്റം അതിരൂക്ഷമാക്കുന്ന നടപടി തുടരുന്നത് ജനദ്രോഹം അങ്ങേയറ്റമാക്കുന്ന മോഡി സർക്കാർ നയം തന്നെയാണ് തുറന്നുകാട്ടുന്നത്.
ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ച ഒരു കാര്യം ജനകീയ വികസനത്തെക്കുറിച്ചായിരുന്നു. എന്നാൽ, കോർപ്പറേറ്റുകൾക്ക് മുന്നിൽ കുമ്പിട്ട്, രാജ്യത്തിന്റെ സ്വത്ത് അവർക്ക് തീറെഴുതുന്നതും, ഇന്ധനവില നിയന്ത്രണാധികാരം സർക്കാരിൽ നിന്നുമാറ്റി വിലക്കയറ്റം തുടർച്ചയും കുത്തനെയുമാക്കുന്നതാണ് രാജ്യം കാണുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ബി.ജെ.പിക്കാർ വരെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴും കോർപ്പറേറ്റുകൾ തടിച്ചുകൊഴുക്കട്ടെ എന്ന ബി. ജെ. പി നയം തന്നെയാണിവിടെ തുറന്നുകാട്ടപ്പെടുന്നത്.
വിലക്കയറ്റം അതിരൂക്ഷമാവുമ്പോൾ, അത് ബാധിക്കാതിരിക്കാൻ അവശ്യസാധനങ്ങൾക്ക് വില വർദ്ധിക്കാതെ പിടിച്ചുനിർത്തിയ കേരളാ മോഡൽ ഇവിടെയുണ്ട്. 13 അവശ്യവസ്തുക്കളുടെ വില പൊതുവിപണിയിൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ വർദ്ധിച്ചില്ല എന്നത് കാണാൻ നമുക്ക് സാധിക്കണം. ഈ വിലക്കയറ്റം തുടർച്ചയാവുമ്പോഴും കേന്ദ്രസർക്കാർ ജനങ്ങളെ പട്ടിണിയിലാക്കി കോർപ്പറേറ്റുകൾക്കൊപ്പം ചിരിക്കുമ്പോൾ, 20 രൂപയ്ക്ക് ഊണുൾപ്പടെ ലഭ്യമാക്കി സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പം നിന്ന് ബദലൊരുക്കുന്നതും വർത്തമാനകാല കാഴ്ചതന്നെ. 20 രൂപ ഊണിൽ കറി കുറവാണെന്ന് വിലപിക്കുന്ന മാധ്യമങ്ങളേയും നമ്മൾ കണ്ടു.
Recommended Video
അത്തരം സംരംഭങ്ങൾ ഇല്ലാതാക്കുന്നതിനല്ല, ഇന്ധന വില നിയന്ത്രണാധികാരം തിരികെ സർക്കാരിൽ നിക്ഷിപ്തമാക്കിയും രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറവെയ്ക്കാതെ, സർക്കാർ തന്നെ നവീനവത്ക്കരിച്ച് രാജ്യ ഖജനാവിലേക്ക് ലാഭമെത്തിച്ച്, ആ ലാഭം കൊണ്ട് ജനങ്ങൾക്ക് ഉപകാരം ചെയ്യാനുമാണ് കേന്ദ്ര ബി. ജെ. പി സർക്കാർ ചെയ്യേണ്ടതെന്ന് നട്ടെല്ലോടെ വിളിച്ചുപറയാനാണ് മാധ്യമ പ്രവർത്തകർക്ക് കഴിയേണ്ടത്. വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്രനയം തിരുത്തും വരെ, സാമൂഹ്യ പ്രതിബദ്ധതയോടെ തുടർച്ചയായി ക്യാമ്പയിൻ ഏറ്റെടുക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. ഇന്ധന വില രൂക്ഷമാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ജീവിക്കുവാനുള്ള അവകാശത്തിനായി ജനകീയ പ്രതിഷേധവും ശക്തമാവട്ടെ, ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications