പിങ്ക് പൊലീസ് വിചാരണ; മാപ്പ് പറഞ്ഞെന്ന വാദം തള്ളി ഡിജിപിയുടെ ഓഫീസ്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് മോഷണക്കുറ്റം ആരോപിച്ച് പെണ്‍കുട്ടിയെ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി മാപ്പ് ചോദിച്ചെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പറഞ്ഞത് തള്ളി ഡി ജി പിയുടെ ഓഫീസ്. പെണ്‍കുട്ടിയുടെ കുടുംബം ഡി ജി പി അനില്‍കാന്തിനെ നേരിട്ട് കണ്ടിട്ടില്ലെന്നും ഡി ജി പി ക്ഷമ ചോദിച്ചിട്ടില്ലെന്നുമാണ് പൊലീസ് വക്താവ് അറിയിച്ചത്.
നേരത്തെ തന്റെ മകളോട് മാപ്പ് പറഞ്ഞെന്നും ഹൈക്കോടതി വിധി നടപ്പിലാക്കുമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയെന്നും ജയചന്ദ്രന്‍ പറഞ്ഞിരുന്നു. പരസ്യവിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയതായാണ് പിതാവ് ജയചന്ദ്രന്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണമെന്നായിരുന്നു നിര്‍ദേശം.

പെണ്‍കുട്ടിയേയും പിതാവിനേയും പരസ്യ വിചാരണ നടത്തി പൊതുജനമധ്യത്തില്‍ അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് ഈ ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണം. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കേസില്‍ കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ കോടതി രംഗത്തെത്തിയിരുന്നു. ആരോപിക്കുന്നത് പോലൊരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും കോടതി ചോദിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ കുട്ടി കരഞ്ഞത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. സംഭവത്തില്‍ ഡി.ജി.പി തയ്യാറാക്കിയ റിപ്പോര്‍ട്ടിമനെതിരേയും കോടതി രംഗത്തെത്തിയിരുന്നു. 2021 ആഗസ്റ്റ് 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി പി രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പെണ്‍കുട്ടിയേയും പിതാവിനേയും പരസ്യ വിചാരണ നടത്തിയത്. പിന്നീട് ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല.
പരസ്യമായി പൊതുയിടത്തില്‍ നടന്ന സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.തന്റെ പെരുമാറ്റം കൊണ്ട് പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായ മാനഹാനിക്കും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നതായി കാണിച്ച് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ പിന്നീട് മാപ്പപേക്ഷ നല്‍കിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയിരുന്നു.












Click it and Unblock the Notifications