'ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക'; കെടി ജലീലിനോട് പികെ ഫിറോസ്
മലപ്പുറം: കെടി ജലീൽ എംഎൽഎയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. മുസ്ലീം ലീഗിലെ ഭിന്നതകളുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രതികരണത്തിനാണ് പികെ ഫിറോസിന്റെ മറുപടി. ''ഒന്നുകിൽ മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക. അതല്ലെങ്കിൽ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവർക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക. മുത്തിന് വിൽക്കാൻ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കിൽ "ഇന്ത്യാവിഷൻ്റെ" ഗതി വരും മുസ്ലിംലീഗിന്. മുത്താറിക്ക് പോലും ആരും വാങ്ങില്ല'' എന്നായിരുന്നു കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
പികെ ഫിറോസിന്റെ പ്രതികരണം: പിണറായിയും വി.എസ്സും കണ്ടാൽ മിണ്ടാത്ത, കാണുമെന്ന് തോന്നിയാൽ തിരിഞ്ഞു നടക്കുന്ന സി.പി.എമ്മിലെ കടുത്ത വിഭാഗീയതയുടെ കാലത്ത് അതിൽ എരിവും പുളിയും കയ്പ്പുമെല്ലാം പുരട്ടി പിണറായിയുടെ കൂടെയാണെന്ന് തോന്നലുണ്ടാക്കിയ ആളാണ് കെ.ടി ജലീൽ. ലീഗിൽ നിന്ന സമയത്ത് കേട്ട സമദാനി സാഹിബിന്റെ 'ബക്കറ്റിലെ വെള്ളം' ഉപമയുള്ള പ്രസംഗം അതുപോലെ പകർത്തിയെടുത്ത് പിണറായിക്ക് നൽകി ശംഖുമുഖം കടപ്പുറത്ത് വി.എസ്സിനെതിരെ പ്രസംഗിപ്പിച്ച ജലീൽ, രണ്ടുപേരെയും പോളിറ്റ് ബ്യൂറോ പുറത്തിട്ടപ്പോൾ അപ്പുറത്ത് മാറിനിന്ന് കുലുങ്ങിച്ചിരിച്ചു.

ഇതുപോലെ ലീഗിൽ ഉണ്ടാകുമോ എന്നാണ് ജലീൽ ഇടയ്ക്കിടെ നാവുനനച്ചു കാത്തിരിക്കുന്നത്. അനവസരത്തിലൊക്കെ എടുത്തുപയറ്റിയ വേദവാക്യങ്ങളും പഴംചൊല്ലുകളും കവിതാ ശകലങ്ങളും മന്ത്രിസ്ഥാനം സംരക്ഷിക്കാൻ പര്യാപ്തമാവാതെ രാജിവെക്കേണ്ടി വന്നതിന്റെ കെറുവും അന്ധാളിപ്പും ഇതുവരെ വിട്ടുപോകാത്തതിന്റെ ലക്ഷണമാണ് ഇടയ്ക്കിടെ കാണുന്ന ഈ വൃഥാസ്വപ്നങ്ങൾ. പടിഞ്ഞിരിക്കാൻ വരാന്തയെങ്കിലും സമ്മാനിച്ച എ.കെ.ജി സെന്ററിലും പുറത്ത് സ്വന്തം സമുദായത്തിനിടയിലും ജലീൽ നടത്തിയ വിഭാഗീയ വിദ്വേഷ പ്രവർത്തനങ്ങൾ ചെറുതല്ല. ഇതിൽ മനംനൊന്ത് ഈ മുൻ മന്ത്രി ഭാരതപ്പുഴയിൽ പാപമോചന സ്‌നാനം ചെയ്താൽ ആ പുഴവെള്ളത്തിലും വെറുപ്പിന്റെ വിഷം കലരും എന്നത് മാത്രമാണ് മിച്ചം.
സംഘടനാപരമായി ലീഗിന്റെ രീതി അച്ചടക്ക നടപടി കൈക്കൊള്ളലാണ്. അല്ലാതെ ഇന്നോവ അയച്ചും 51 തവണ വെട്ടിയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ട ഗതികേട് ഈ പാർട്ടിയിൽ നിന്നു പോയവർക്കുണ്ടാകില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണല്ലോ താങ്കൾ. വിഭാഗീയതകൾക്കൊടുവിൽ ടി.പിയെ സിപിഎം കൊന്നശേഷം, അത് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഫ് നടത്തിയ കൊലപാതകമാണെന്ന് താങ്കൾ പ്രസംഗിച്ച പോലെ ന്യായീകരിക്കാനും ഒരു ലീഗ് നേതാവിനും അവസരമുണ്ടാകില്ല.
ലീഗിനെതിരായ അങ്ങയുടെ പകൽക്കിനാവുകൾക്ക് ആശംസകൾ. ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക''.












Click it and Unblock the Notifications