ഇന്ത്യ അലയന്‍സിന് എയര്‍ലൈന്‍സ് എന്നു പരിഭാഷ; പ്രധാനമന്ത്രിയുടെ രൂക്ഷവിമര്‍ശനം കൂട്ടച്ചിരിയായി; വിവാദവും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന്റെ പരിഭാഷയെചൊല്ലി സമൂഹ മാധ്യമങ്ങളില്‍ വിവാദം കനക്കുന്നു. ഇന്ത്യാ മുന്നണിക്കെതിരേയുള്ള പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം പരിഭാഷയില്‍ തട്ടി പൊളിഞ്ഞതാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളായി പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ എല്ലാവരും അഭിനന്ദിക്കുമ്പോഴും പരിഭാഷകന്റെ വിവര്‍ത്തനം ഒട്ടും നിലവാരമില്ലാത്തതാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നു. അതേസമയം, പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തുവന്നു.
നിറഞ്ഞ സദസിലാണ് പരിപാടിയുടെ ഗൗരവം കെടുത്തിയ പരിഭാഷ ഉണ്ടായത്. നിരവധി പിഴവുകളാണ് പരിഭാഷയില്‍ വരുത്തിയത്. മുഖ്യമന്ത്രിയെയും ശശി തരൂരിനെയും വേദിയിലിരുത്തി ഇന്ത്യാ മുന്നണിക്കെതിരേയുള്ള പ്രധാനമന്ത്രിയുടെ വിമര്‍ശനം കൂട്ടച്ചിരിക്കും കാരണമായി. ഇന്ത്യ അലയന്‍സ്' എന്നു മോദി പറഞ്ഞത് 'എയര്‍ലൈന്‍സ്' എന്നാണ് റിട്ടയേര്‍ഡ് ഹിന്ദി അധ്യാപകനായ പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാര്‍ കേട്ടത്. അതാണ് കൂട്ടച്ചിരി ഉയര്‍ത്തിയത്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു - 'മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യാ മുന്നണിയുടെ ശക്തനായ തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും'.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിങ് ഇന്ത്യാ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുമെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്. എന്നാല്‍ വിവര്‍ത്തകന്‍ കേട്ടത് മറ്റൊന്നായിരുന്നു. എയര്‍ലൈന്‍സ് എന്നു കേട്ട വിവര്‍ത്തകന്‍ പ്രധാനമന്ത്രി പറയാത്ത കാര്യങ്ങളാണ് പിന്നീട് പറഞ്ഞത്. 'നമ്മുടെ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യമായ ശ്രദ്ധ നല്‍കണം' എന്നാണ് പരിഭാഷകനായ ജയകുമാര്‍ മലയാളത്തില്‍ പറഞ്ഞത്.
പ്രസംഗം പെട്ടെന്ന് 'എയര്‍ലൈന്‍സി'ലേക്കു വഴിമാറിയത് സദസില്‍ ഇരുന്ന ആര്‍ക്കും പിടികിട്ടിയില്ല. ഒരു തരത്തിലുള്ള പ്രതികരണവും സദസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതോടെ പരിഭാഷയില്‍ പിഴവ് സംഭവിച്ചെന്ന് പ്രധാനമന്ത്രിക്ക് മനസിലായി. പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് മോദി, പരിഭാഷകനോട് നിങ്ങള്‍ ഈ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ചു. തന്റെ സന്ദേശം മനസിലാകേണ്ടവര്‍ക്ക് മനസിലായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗം നേരത്തെ എഴുതിക്കൊടുത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്വന്തം നിലയില്‍ പറഞ്ഞ രാഷ്ട്രീയ വിമര്‍ശനമാണ് പരിഭാഷകനായ ജയകുമാറിനെ വെട്ടിലാക്കിയത്. പരിഭാഷ പാളിയെന്നു മനസിലായതോടെ സദസില്‍ ചിരി പടര്‍ന്നു. എന്താണ് സംഭവിച്ചതെന്ന് വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിക്കുന്നതും കാണാമായിരുന്നു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നത് ജയകുമാറാണ്. 2023 ല്‍ പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രസംഗിച്ചപ്പോഴും ജയകുമാര്‍ തന്നെയായിരുന്നു പരിഭാഷകന്‍. അന്ന് മോദി ജയകുമാറിന്റെ പരിഭാഷയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അതിനിടെ പ്രധാനമന്ത്രിയുടെ പരിഭാഷ പാളിയത് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ഇതില്‍ ബിജെപി നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗമാണ് പരിഭാഷകനെ നിശ്ചയിച്ചത്. വിവാദത്തില്‍ സംഘാടകരുടെ ഭാഗത്തുനിന്ന് പ്രതികരണം ലഭ്യമായിട്ടില്ല.
അതേസമയം, ഓഡിയോ പ്രശ്‌നം മൂലമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവുണ്ടായതെന്ന് പരിഭാഷകന്‍ ജയകുമാര്‍ സമ്മതിച്ചു. അലയന്‍സ് എന്നത് എയര്‍ലൈന്‍സ് എന്നാണു കേട്ടത്. പ്രസംഗത്തിന്റെ കോപ്പി നേരത്തേ കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായെന്നും ജയകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
താന്‍ ബിജെപി അനുകൂലിയാണ്. മോദിയുടെ വലിയ ആരാധകനാണ്. മോദിയെ അപമാനിച്ചിട്ടില്ലെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളിലും നിരവധി പ്രതികരണങ്ങളാണ് പരഭാഷാ വിവാദത്തില്‍ വരുന്നത്. വിവാദത്തില്‍ ദുരന്ത നിവാരണ വിദഗ്ധനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടിയും പ്രതികരണവുമായി രംഗത്തെത്തി. തര്‍ജിമ ഒട്ടും നിലവാരം ഇല്ലാത്തതായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പരിഭാഷാ വിവാദത്തില്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
പ്രധാനമന്ത്രിയുടെ പ്രസംഗവും തർജ്ജുമയും
വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുന്നു. പ്രധാനമന്ത്രി ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞതിന് ശേഷം അതിന്റെ മലയാള പരിഭാഷ പറയുന്നതായിരുന്നു രീതി.
പ്രസംഗങ്ങൾ തത്സമയം തർജ്ജുമ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും പ്രധാനമന്ത്രി പോലുള്ള ഒരാൾ സംസാരിക്കുമ്പോൾ. പക്ഷെ എനിക്കറിയാവുന്നിടത്തോളം ഇത്തരം പ്രസംഗങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നതാണ്. അതുകൊണ്ട് അല്പം കാലേക്കൂട്ടി തയ്യാറെടുക്കാൻ സാധിക്കുന്നതുമാണ്.
അതുകൊണ്ട് തന്നെ ഇത്തവണത്തെ തർജ്ജുമ ഒട്ടും നിലവാരം ഇല്ലാത്തതായി പോയി എന്നെനിക്ക് തോന്നി. അനവധി പദങ്ങൾ ഹിന്ദിയിൽ നിന്നും ഇംഗ്ളീഷിലേക്കാണ് തർജ്ജുമ ചെയ്തത്. മലയാളത്തിൽ വാക്കുകൾ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത "friends, employment, infrastructure, ship building" എന്നിങ്ങനെ ഉള്ള വാക്കുകൾ പോലും ഇംഗ്ളീഷിലേക്ക് ആണ് തർജ്ജുമ ചെയ്തത്.
മുപ്പത് വർഷമായി ഗുജറാത്തിൽ തുറമുഖങ്ങൾ നിർമ്മിച്ചിട്ടും വിഴിഞ്ഞം പോലെ ഒന്ന് അവിടെ ഉണ്ടാക്കിയില്ല എന്നതിൽ അവിടുത്തെ ആളുകൾക്ക് അദാനിയോട് ദേഷ്യം വരുമെന്ന് പ്രധാനമന്ത്രി തമാശപറഞ്ഞതിന്റെ പരിഭാഷ അതിനോട് നീതി പുലർത്തിയില്ല.
അതുപോലെ തന്നെ മൂന്നു വ്യത്യസ്ത പാർട്ടികളിൽ നിന്നുള്ള പ്രധാനമന്ത്രി, മുഖ്യമന്ത്രി, ശശി തരൂർ, ഇവർ ഒത്തൊരുമിച്ചാണ് ഈ പരിപാടിക്കെത്തിയിരിക്കുന്നത് എന്നുദ്ദേശിച്ച് പറഞ്ഞ വാക്യത്തിന്റെ പരിഭാഷ "എയർ ലൈനെ പറ്റിയുള്ള പരാതികൾ ഞങ്ങൾ പരിശോധിക്കുന്നുണ്ട്" എന്നോ മറ്റോ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരു പക്ഷെ എഴുതി വച്ചിരുന്ന വരിയിൽ നിന്നും മാറി പ്രധാനമന്ത്രി സംസാരിച്ചതാകാം കാരണം. അങ്ങനെ എഴുതി വായിച്ചതായിരുന്നു പരിഭാഷയെങ്കിൽ ആദ്യം പറഞ്ഞത് പോലെ കൃത്യമായ മലയാളം വാക്കുകൾ ഉപയോഗിക്കാതിരുന്നത് കൂടുതൽ മോശമായി.
ഭാവിയിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്.
സത്യത്തിൽ ഇപ്പോൾ നിർമ്മിത ബുദ്ധിക്ക് മനുഷ്യർ ചെയ്യുന്നതിലും വേഗത്തിലും കൃത്യതയിലും പരിഭാഷ സാധ്യമാണ്. താമസിയാതെ ഇത് കേരളത്തിൽ എത്തുമെന്ന് കരുതാം. ചടങ്ങിന് ചേർന്ന നല്ല പ്രസംഗം ആയിരുന്നു പ്രധാനമന്ത്രിയുടേത്.
പ്രധാനമന്ത്രി പറഞ്ഞത് പോലെ നമുക്കൊരുമിച്ച് ഒരു വികസിത കേരളം പടുത്തുയർത്താം
ജയ് കേരളം, ജയ് ഭാരതം.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications