ബിപിസിഎല്ലിന്റെ നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദി; കൊച്ചിയിലേക്ക് വ്യവസായങ്ങളെത്തും
കൊച്ചി: ബിപിസിഎല്ലിന്റെ നാല് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബിപിസിഎല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സ് മോദി നാടിന് സമര്‍പ്പിച്ചു. പെട്രോകെമിക്കല്‍ കോപ്ലക്‌സിന് തറക്കല്ലിടുകയും ചെയ്തു.

ബിപിസിഎല്ലിന്റെ ഐആര്‍ഇപി പദ്ധതി കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നു മോദി പറഞ്ഞു. പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയിലെത്തും. 2016 മെയ് മാസം മുതല്‍ ദരിദ്രരായ ജനങ്ങള്‍ക്ക് ആറ് കോടിക്കടുത്ത് എല്‍പിജി കണക്ഷനുകള്‍ നല്‍കിയെന്ന് മോദി പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അതുകൊണ്ടാണ് സിഎന്‍ജിയുടെ ഉപയോഗത്തെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യയെ പെട്രോകെമിക്കല്‍ ഹബ്ബ് ആക്കിമാറ്റാനുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നതെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ബിപിസിഎല്ലിന് എല്ലാവിധ പിന്തുണയും സംസ്ഥാനം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥലം നല്‍കി, നികുതിയിളവും കൊടുത്തു. പൊതുമേഖലയെ ശക്തിപ്പെുടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. വിമാനത്തിന് തകരാറുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അല്‍പ്പം വൈകിയാണ് കൊച്ചിയിലെത്തിയത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തിയത്. ഗവര്‍ണര്‍ പി സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ സ്വീകരിച്ചു. നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ മോദി ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് മൈതാനത്തേക്ക് പോയി. ശേഷം റോഡ് മാര്‍ഗമാണ് കൊച്ചി റിഫൈനറിയില്‍ എത്തിയത്.
കൊച്ചിയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം മോദി തൃശൂരിലേക്ക് പോയി. തേക്കിന്‍കാട് മൈതാനിയില്‍ യുവമോര്‍ച്ച പരിപാടില്‍ പങ്കെടുത്ത ശേഷം കൊച്ചിയില്‍ തിരിച്ചെത്തി വൈകീട്ട് മോദി ദില്ലിക്ക് തിരിക്കും. ഒരുമാസത്തിനിടെ രണ്ടാംതവണയാണ് മോദി കേരളത്തില്‍ എത്തുന്നത്.












Click it and Unblock the Notifications