ഉമർ ഫൈസിക്കെതിരെ കേസെടുത്ത് പൊലീസ്: മുസ്ലിം സ്ത്രീകളുടെ വിജയമെന്ന് വിപി സുഹ്റ
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വനിത അവകാശ പ്രവർത്തക വിപി സുഹറ കഴിഞ്ഞ ഒക്ടോബറില്‍ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സമസ്തയുടെ മുതിർന്ന നേതാവിനെ സ്വീകരിച്ചിരിക്കുന്നത്.
ഐപിസി 295എ, 298 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരു ടിവി ചാനല്‍ ചർച്ചയ്ക്കിടെ ഉമർ ഫൈസി നടത്തിയ തട്ടമിടാത്ത സ്ത്രീകളൊക്കെ അഴിഞ്ഞാട്ടക്കാരികളാണ് എന്ന പരാമർശത്തിനെതിരെയായിരുന്നു വിപി സുഹറ പരാതി നല്‍കിയത്. പരാതിയില്‍ ഏറെ വൈകിയായിരുന്നു കേസ് രജിസ്റ്റർ ചെയ്യാന്‍ പൊലീസ് തയ്യാറായത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നായിരുന്നു വിപി സുഹറയുടെ ആരോപണം.

വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തില്‍ നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിയിൽ വി പി സുഹ്റ തട്ടം അഴിച്ച് പ്രതിഷേധിക്കുകയും ചെയ്തു. അന്ന് വേദിയിലുണ്ടായിരുന്ന സ്കൂള്‍ പി ടി എ പ്രസിഡന്റ് വിപി സുഹ്റയ്ക്ക് എതിരെ രംഗത്ത് വരികയും ചെയ്തു. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം, ഉമർഫൈസി മുക്കത്തിനെതിരായ കേസ് മുസ്ലിം സ്ത്രീകളുടെ വിജയമാണെന്നായിരുന്നു വിപി സുഹ്റയുടെ പ്രതികരണം. എല്ലാവർക്കും ആത്മാഭിമാനവും അന്തസും ഉണ്ട്. മുസ്ലീം സ്ത്രീകളുടെ അത്മാഭിനാവും അന്തസും സംരക്ഷിക്കേണ്ട കടമ നമുക്കൊക്കെ ഉണ്ട്. തമ്മില്‍ സ്പർദ്ധ ഉണ്ടാക്കാനുള്ള ഒരു ശ്രമം കൂടി അദ്ദേഹത്തിന്റെ അന്നത്തെ പരാമർശത്തിലുണ്ടെന്നും വിപി സുഹറ പറഞ്ഞു.
ഇതൊക്കെ കാണുമ്പോള്‍ മറ്റ് സമുദായക്കാർ കരുതുന്നത് ഇത് എന്തോ പ്രാകൃതമായ ഒരു മതം ആണെന്നാണ്. തട്ടം ഇടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന് പറയുന്ന ഒരു അവസ്ഥ വന്നു. രണ്ട് മൂന്ന് മാസമായി ഞാന്‍ ഇതിന്റെ പുറകെ നടക്കുന്നു. കേസ് എടുക്കാന്‍ വേണ്ടി തന്നെ പല കടമ്പകളും കടന്നിട്ടുണ്ടെന്നും വിപി സുഹ്റ കൂട്ടിച്ചേർത്തു.
അതേസമയം, നടപടിയില്‍ പ്രതിഷേധിച്ച് എസ് വൈ എസ് രംഗത്ത് വന്നു. പൊലീസ് നടപടി പ്രതിഷേധാർഹമാണ്. സംഘടനയുടെ പ്രതിഷേധം സർക്കാറിനെ അറിയിക്കുമെന്നും എസ് വൈ എസ് സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications