തട്ടിപ്പിന് ഇടനിലക്കാരനായത് മേക്കപ്പ് ആർട്ടിസ്റ്റ്? ഇരയായത് നിരവധി പെൺകുട്ടികൾ
കൊച്ചി: സിനിമാ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇടനിലക്കാരിയായത് മേക്ക് അപ്പ് ആർട്ടിസ്റ്റെന്ന് റിപ്പോർട്ടുകൾ. കേസിലെ പ്രധാന പ്രതിയുടെ ബന്ധുവാണ് ഇടനിലക്കാരനെന്ന് പറയപ്പെടുന്ന മേക്ക് അപ്പ് ആർട്ടിസ്റ്റ്. കേസിൽ ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളാണ് അന്വേഷണം നടത്തിവരുന്നത്.
എന്റെ പബ്ലിസിറ്റിക്ക് വേണ്ടിയല്ല പരാതി നല്‍കിയത്.... ഷംന പറയുന്നു, അവര്‍ പ്രൊഫണല്‍ സംഘം!!

18 പേരെ തിരിച്ചറിഞ്ഞു
ഷംനയ്ക്ക് പുറമേ നിരവധി പെൺകുട്ടികളാണ് ഇതിനകം തന്നെ ഇതേ സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇതിൽ തന്നെ 18 പെൺകുട്ടികളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സീരിയൽ നടിയും മോഡലിംഗ് രംഗത്ത് അവസരം ലഭിക്കുമെന്ന് കരുതിയെത്തിയ പലരുമാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇതുവരെ പോലീസിനെ പരാതിയുമായി സമീപിച്ച ഒമ്പത് പേരുടെ മൊഴിയാണ് ഇതിനകം രേഖപ്പെടുത്തിയിട്ടുള്ളത്.

തട്ടിപ്പിന് ഇരയായി
സിനിമാ രംഗത്തുള്ളവർക്ക് പുറമേ റിസപ്ഷനിസ്റ്റും ഇവന്റ് മാനേജ്മെന്റ് ജീവനക്കാരിയും ഈ സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. ഇതോടെ തട്ടിപ്പ് സംഘവുമായി പെൺകുട്ടികളെ ബന്ധപ്പെടുത്തിയ ഇവന്റ് മാനേജ്മെന്റ് ജീവനക്കാരിയെയും പോലീസ് ചോദ്യം ചെയ്യും. കേസിലെ പ്രതികളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന പോലീസിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. കേസിൽ ഒമ്പത് പ്രതികളാണ് ഉള്ളതെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതികൾക്കെതിരെ കൂടുൽ പേരിൽ നിന്ന് പോലീസിന് പരാതി ലഭിക്കുന്നുണ്ട്.

ചോദ്യം ചെയ്തുുവരുന്നു
കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായ പ്രതികളെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ വെച്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നടി ഷംനാ കാസിമിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികൾ എങ്ങനെയാണ് ഷംനാ കാസിമിലേക്ക് എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാ രംഗത്തുള്ളവർ സമാന തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

മൊഴി രേഖപ്പെടുത്തും
ഹൈദരബാദിലുള്ള ഷംന കാസിം ഞായറാഴ്ച തിരിച്ചെത്തുന്നതോടെ പോലീസ് നടിയിൽ നിന്നും മൊഴി രേഖപ്പെടുത്തും. നാളെ വൈകിട്ടോടെയായിരിക്കും ഇത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് ബ്ലാക്ക്മെയിൽ കേസ് അന്വേഷിച്ചുവരുന്നത്. കേസിൽ സിനിമാ രംഗത്തുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഷംന കേസിമിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിദേശത്ത് സലൂൺ നടത്തിവരുന്ന ആളുടെ പങ്കും പോലീസ് അന്വേഷിച്ച് വരികയാണ്.

പരാതി പിൻവലിക്കാൻ സമ്മർദ്ദം
കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായ പ്രതി പിടിയിലാവുന്നതിന് മുമ്പായി കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് വെളിപ്പെടുത്തൽ. മുഖ്യപ്രതിയ റഫീഖ് പരാതിക്കാരിൽ ഒരാളെ വിളിച്ച് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നാണ് വിവരം. 18 യുവതികളാണ് ഇത്തരത്തിൽ സംഘത്തിന്റെ തട്ടിപ്പിന് ഇരയായത്. മോഡലിംഗ് അവസരം വാഗ്ദാനം ചെയ്ത് പാലക്കാട് ഹോട്ടലിലെത്തിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. മാർച്ച് 16നാണ് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇവർ പരാതി നൽകുന്നത്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തുന്നതിന് മുമ്പാണ് പ്രതികൾ ഇവരെ വിളിച്ച് കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നത്.

മുഖ്യപ്രതി പിടിയിൽ
നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശനിയാഴ്ച അറസ്റ്റിലായിരുന്നു. പുലർച്ചെയാണ് പാലക്കാട് സ്വദേശിയായ ഷെരീഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് കേസിലെ മുഖ്യ ആസൂത്രകൻ. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതോടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. അതേ സമയം പരസ്യം നൽകി പെൺകുട്ടികളെ വിളിച്ച് വരുത്തിയത് ഏറ്റവും ഒടുവിൽ പിടിയിലായ ഷെരീഫാണെന്നാണ് പോലീസ് നൽകുന്ന വിവരം. കേസിൽ എട്ട് പേർ അറസ്റ്റിലായതോടെ കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

പ്രതികൾ പോലീസ് കസ്റ്റഡിയിൽ
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ റഫീഖ് ഉൾപ്പെടെയുള്ളവരെ ജില്ലാ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. നിലവിൽ ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഷംന കാസിമിന് വിവാഹാലോചനയുമായി എത്തിയത് സംബന്ധിച്ച സാമ്പത്തിക ഇടപാടുകൾ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങളിലും പോലീസ് പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുത്തും.

കേസ് പ്രത്യേക അന്വേഷണ സംഘത്തിന്
ഷംന തട്ടിപ്പ് സംഘത്തിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഒരു നടിയും ആലപ്പുഴ സ്വദേശിയായ മോഡലും ഇതേ സംഘത്തിനെതിരെ മരട് പോലീസിനെ സമീപിച്ച് പരാതി നൽകിയിരുന്നു. ഇതോടെ പ്രതികൾ ഉൾപ്പെട്ട തട്ടിപ്പും സ്വർണ്ണക്കടത്തുമായുള്ള ബന്ധവും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.