ഞങ്ങളെ ശപിച്ചു പോകരുത്; തിരുച്ചുവരൂ ശ്രീധരന്‍ സര്‍; അപേക്ഷയുമായി പിആര്‍ ശിവശങ്കര്‍
തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠം പഠിച്ചെന്നും ഞാന്‍ എം എല്‍ എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിടപറഞ്ഞത്. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല, ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നപ്പോഴും രാഷ്ട്രീയക്കാരനായല്ല ചേര്‍ന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പോട് കൂടിയാണ് ഇ ശ്രീധരന്‍ ബിജെപിയുടെ ഭാഗമായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ ആവേശത്തോടെ ഉയര്‍ത്തിക്കാട്ടിയ പേരായിരുന്നു ഇ ശ്രീധരന്റേത്. സംസ്ഥാനത്ത് അമിത് ഷായും മോദിയുമൊക്കെ നടത്തിയ റാലികളിലെ പ്രധാന താരവും അദ്ദേഹമായിരുന്നു. മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരത്തില്‍ അദ്ദേഹം പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ സജീവ രാഷ്ട്രീയം വിടുകയാണ് എന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹം ബിജെപിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയാണെന്ന തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍.

അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ,ഗുരുവിനെ വേണമെന്ന് പിആര്‍ ശിവശങ്കര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ശിവശങ്കറിന്റെ പ്രതികരണം. അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്.. തിരുച്ചു വരൂ ശ്രീധരന്‍ സര്‍.. ഞങ്ങള്‍ക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരണമെന്നും പിആര്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. കുറിപ്പിന്റെ പൂര്‍ണരൂപം..

ബഹുമാനപെട്ട ശ്രീധരന്‍ സര്‍, മാപ്പ്.. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കില്‍ ഞങ്ങള്‍ തോല്‍പ്പിച്ചു. തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്‌കാരത്തിന്റെ രാഷ്ട്രീയമാണ്..

ഞങ്ങള്‍ക്ക് അങ്ങയെ വേണം..തിരിച്ചുവരൂ ശ്രീധരന്‍ സര്‍.. ഞങ്ങള്‍ക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ,ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാര്‍ത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തില്‍.. വഴിയറിയാതുഴലുന്ന പാര്‍ത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായുയി യുധിഷ്ഠിരന് ധാര്‍മിക പിന്‍ബലമായി.. അങ്ങ് വേണം.

അധര്‍മ്മത്തിനെതിരായ യുദ്ധത്തില്‍ പിതാമഹനും , ഗുരുവിനുമെതിരെയാനെകില്‍ പോലും , ബന്ധുക്കള്‍ക്കും, അനുജ്ഞമാര്‍ക്കുമെതിരാണെങ്കില്‍ കൂടി, ഒരു കാലാള്‍പടയായി ഞങ്ങള്‍ ഇവിടെയുണ്ട്.. ജയിക്കുംവരെ.. അല്ലെങ്കില്‍ മരിച്ചുവീഴുംവരെ..
അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്.. തിരുച്ചു വരൂ ശ്രീധരന്‍ സര്‍.. ഞങ്ങള്‍ക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ.- പിആര്‍ ശിവശങ്കര്‍ പറഞ്ഞു.

അതേസമയം, സജീവ രാഷ്ട്രീയം വിടുകയാണ് എന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹം ബിജെപിയുടെ സജീവ പ്രവര്‍ത്തനത്തിലുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പറയുന്നു. ഇ ശ്രീധരന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ബിജെപിക്ക് യഥാസമയം ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസം ഉണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന്റെ പെട്ടെന്നുള്ള പിന്മാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
പരാജയം പാഠം പഠിപ്പിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരന്‍, ബിജെപിക്ക് തിരിച്ചടി