ഏത് പാനൽ എന്ത് പാനൽ? മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, തുറന്നടിച്ച് നടൻ നാസർ ലത്തീഫ്
കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് ഇത്തവണ പതിവിന് വിപരീതമായി വാശിയേറിയ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഔദ്യോഗിക പാനലിന് പുറത്ത് നിന്നും ചിലര്‍ മത്സരിക്കുന്നു എന്നതാണ് അമ്മ തിരഞ്ഞെടുപ്പിനെ ഇക്കുറി ശ്രദ്ധേയമാക്കുന്നത്.
'ആശ ശരതും ശ്വേത മേനോനും മോഹൻലാലിന്റെ പാനലല്ല', ജയിക്കാനുളള തന്ത്രമെന്ന് മണിയൻപിളള രാജു
അമ്മയിലെ മോഹന്‍ലാല്‍ നയിക്കുന്ന പ്രബല വിഭാഗത്തിന്റെ നോമിനികളെ കൂടാതെ മണിയന്‍പിളള രാജു, വിജയ് ബാബു, ലാല്‍, നാസര്‍ ലത്തീഫ് എന്നിവരാണ് ഔദ്യോഗിക പാനലിന് പുറത്ത് നിന്ന് മത്സരിക്കുന്നത്. ഔദ്യോഗിക പാനലിന് വേണ്ടി വൻ പ്രചാരണം സിനിമാക്കാരുടെ ഇടയിൽ നടക്കുന്നുണ്ട്. അതിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്.

മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് നാസർ ലത്തീഫിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ: '' ഏതൊരു സംഘടന ആയാലും വിവാദങ്ങളുണ്ടാകും. അമ്മയില്‍ ഇതുവരെ ഇങ്ങനൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. എല്ലാവരും പരസ്പരം സഹകരിച്ച് അമ്മയുടെ മക്കളായി തന്നെ ആയിരുന്നു പോയിരുന്നത്. താന്‍ മൂന്ന് തവണ മത്സരിക്കണം എന്ന് ആഗ്രഹിച്ച ആളാണ്. അപ്പോഴൊക്കെയും വേറെ പല സുഹൃത്തുക്കള്‍ക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒഴിഞ്ഞു കൊടുത്തു. സല്‍പ്രവര്‍ത്തി ചെയ്യണം എന്നുളള ആഗ്രഹം കൊണ്ടാണ് നാലാമത്തെ തവണ മത്സരിക്കാനിറങ്ങിയത്''.

''അതല്ലാതെ അമ്മയിലെ ഒരു കമ്മിറ്റിയില്‍ വന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങള്‍ ഒന്നും ഇല്ല. കുറച്ച് സല്‍പ്രവര്‍ത്തികള്‍ ചെയ്യാം. താന്‍ സല്‍പ്രവര്‍ത്തി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ടാണ് മത്സരിക്കാമെന്ന് കരുതിയത്. അമ്മ ഇപ്പോള്‍ വളരെ നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നസെന്റ് പ്രസിഡണ്ടായിരുന്നപ്പോള്‍ വളരെ നല്ല രീതിയില്‍ തന്നെ സംഘടനയെ വളര്‍ത്തിക്കൊണ്ട് വന്നു''.
എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

''മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ഇടവേള ബാബുവിന്റെയും അടക്കം വലിയ സംഭാവനകളുണ്ട്. ഇടവേള ബാബു ഇപ്പോള്‍ ഫ്രീ ആയത് കൊണ്ട് മുഴുവന്‍ സമയവും സംഘടനയ്ക്ക് വേണ്ടി ചിലവഴിക്കാന്‍ സാധിക്കുന്നുണ്ട്. ആരെയും താന്‍ കുറ്റക്കാരായി പറയുന്നില്ല. അമ്മയുടെ മക്കള്‍ തമ്മില്‍ ഈ വാശിയും ഗ്രൂപ്പിസവും പാനലുണ്ടാക്കലുമെല്ലാം തെറ്റാണെന്നാണ് തനിക്ക് പറയാനുളളത്''.

''വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മണിയന്‍ പിളള രാജു മത്സരിക്കുന്നുണ്ട്. അദ്ദേഹം മുതിര്‍ന്ന നടനും നിര്‍മ്മാതാവുമാണ്. അദ്ദേഹത്തിന്റെ ഇങ്ങനെ വന്ന് മത്സരിക്കേണ്ട ഒരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു. അദ്ദേഹത്തിന് വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കി രണ്ട് സ്ത്രീകളില്‍ ഒരാളെ നിര്‍ത്തുകയാണ് വേണ്ടത്. മറ്റേയാള്‍ക്ക് പിന്നെ ഒരു സ്ഥാനം നല്‍കുക''.

''കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിക്കുന്നത്. 11 സ്ഥാനങ്ങളാണ് ഉളളത്. അവിടെയും മത്സരം. ഏതോ സ്വാര്‍ത്ഥതയുളള ഒന്ന് രണ്ട് പേരുടെ പരിപാടിയാണ്. മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. വര്‍ഷങ്ങളായി അദ്ദേഹത്തെ അറിയാം. നല്ല മനസ്സിന്റെ ഉടമയും നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുമാണ്. ഒരിക്കലും ഡേര്‍ട്ടി പൊളിറ്റിക്‌സിന് നില്‍ക്കുന്ന ആളല്ല. ഇത് ഒന്ന് രണ്ട് പേരുടെ സ്വാര്‍ത്ഥതയുടെ പുറത്ത് നടക്കുന്നതാണ്.''

അവര്‍ വലിയ പ്രചാരണം നടത്തുകയാണ്. എല്ലാവരേയും വിളിച്ച് പാനലിന് വോട്ട് ചെയ്യാന്‍ പറയുന്നു. എന്ത് പാനല്‍, എവിടുത്തെ പാനല്‍. തങ്ങളെല്ലാവരും അമ്മയുടെ മക്കളാണ്. എല്ലാവര്‍ക്കും മത്സരിക്കാനുളള അവകാശമുണ്ട്. അതാണ് അതിന്റെ മര്യാദ. ഇപ്പോള്‍ നടക്കുന്നതിനോട് യോജിപ്പില്ല. സ്ഥാനമോഹികള്‍ ഉളളത് കൊണ്ടാണ് മറ്റുളളവര്‍ക്ക് അവസരം ലഭിക്കാത്തത്. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും സ്ഥാനമാനങ്ങള്‍ വേണം. എല്ലാ സാധാരണക്കാര്‍ക്കും മത്സരിക്കാനാവണം.

പ്രസിഡണ്ട് പദവിയിലും വൈസ് പ്രസിഡണ്ട് പദവിയിലുമൊക്കെ പ്രധാനപ്പെട്ട ആളുകള്‍ തന്നെ നില്‍ക്കട്ടെ. അവര്‍ നമുക്ക് വേണം. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും ഇല്ലാതെ ഈ സംഘടനയെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല. അവരുടെ ബലത്തിലാണ് ഇത് നില്‍ക്കുന്നത്. അവര്‍ അമ്മയുടെ തൂണുകളാണ്. അതേസമയം കമ്മിറ്റിയിലേക്ക് സീനിയറായിട്ടുളളവരേയും സ്ത്രീകളേയും ഒക്കെ പരിഗണിച്ച് നല്ലൊരു കൂട്ടായ്മയായി മാറ്റുകയാണ് വേണ്ടത്.