പ്രകോപനപരമായ പ്രസംഗം; വത്സന്‍ തില്ലങ്കേരിയ്‌ക്കെതിരെ കേസ്
കണ്ണൂര്‍: ഹിന്ദു ഐക്യ വേദി നേതാവ് വത്സന്‍ തില്ലങ്കേരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് കേസ്. വത്സന്‍ തില്ലങ്കേരിയെക്കൂടാതെ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്.
ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം. കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസ്സം ഉണ്ടാക്കല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളി തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍ ഉണ്ടാകില്ലെന്ന് വത്സന്‍ തില്ലങ്കേരി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രകടനത്തിന് അവസാനം നടത്തിയ പ്രസംഗത്തില്‍ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇതോടെയാണ് പൊലീസ് കേസ് എടുത്തത്.

പോപുലര്‍ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം. കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളോട് തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ എണ്ണം പറഞ്ഞ തീവ്രവാദി സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നുമായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം.
നാളേറെയായി പോപുലര്‍ ഫ്രണ്ട് തങ്ങളെ (സംഘപരിവാര്‍) വെല്ലുവിളിച്ച് നടക്കുകയാണെന്നും ഇനി ആ വെല്ലുവിളി സ്വീകരിക്കാനാണ് തീരുമാനമെന്നുമാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. ഇതുവരെ പോപുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി അവഗണിക്കുകയായിരുന്നു തങ്ങള്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിങ്ങള്‍ (പോപലുര്‍ ഫ്രണ്ട്) ഇപ്പോള്‍ സകല സീമകളും ലംഘിച്ചിരിക്കുകയാണ്. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുകയാണ്. നേതാക്കളെ അറിയാം എന്നുള്ള ഭീഷണി മുഴക്കുകയാ് നിങ്ങള്‍. അവരെയൊക്കെ കൊല്ലും എന്നും ഭീഷണിപ്പെടുത്തുന്നു,' വത്സന്‍ തില്ലങ്കേരി പറഞ്ഞു.
അതിനാല്‍ പോപുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി സ്വീകരിക്കുന്നെന്നും ഏത് മാര്‍ഗമാണ് സ്വീകരിക്കാനുള്ളതെങ്കിലും അതിന് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സംഘപരിവാറിന് അതിനുള്ള കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'കാര്യത്തിന്റെ ഗൗരവം മനസിലാക്കിയാല്‍ അധികാരികള്‍ക്ക് കൊള്ളാം. ആവേശം മൂത്ത് തീവ്രവാദികളെ പിന്തുണയ്ക്കുന്നവരോടും കൂടിയാണ് പറയുന്നത്. മനസിലാക്കാന്‍ ഉള്ളവര്‍ക്ക് മനസിലാക്കാം,' എന്നായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം.
കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെയായിരുന്നു കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദിയുടെ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തിലുടനീളം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍ മുഴക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കണ്ടാല്‍ തിരിച്ചറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം കേരളത്തില്‍ പലയിടത്തും സംഘപരിവാറിന്റെ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications