ബിഷപ്പുമാര്‍ യേശുവിനെ വീണ്ടും കുരിശിലേറ്റും:പിടി തോമസ്
തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പിടി തോമസ് രംഗത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് പിടി തോമസും ക്രിസ്ത്യന്‍ സഭയും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന ബിഷപ്പുമാര്‍ യേശുദേവനെ വീണ്ടും കുരിശിലേറ്റുമെന്നാണ് പിടി തോമസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. യുവജനക്ഷേമ ബോര്‍ഡിന്റെ പരിശീലന ക്യാമ്പില്‍ വച്ചായിരുന്നു പിടിയുടെ രൂക്ഷ വിമര്‍ശനം.

ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്കെതിരെയായിരുന്നു പിടി തോമസിന്റെ പ്രസംഗം. എന്നാല്‍ സഭ മുഴുവനും റിപ്പോര്‍ട്ടിന് എതിരായിരുന്നില്ലെന്ന വാദവും അദ്ദേഹം ഉന്നയിക്കുന്നു. പരിസ്ഥിതി വിഷയത്തില്‍ മാര്‍പാപ്പയുടെ വാക്കുകളേയും പിടി തോമസ് പിന്‍ പറ്റുന്നുണ്ട്. ദൈവത്തോട് തെറ്റ് ചെയ്താല്‍ അത് ക്ഷമിക്കപ്പെടും, എന്നാല്‍ പ്രകൃതിയോട് തെറ്റ് ചെയ്താല്‍ ക്ഷമിക്കില്ലെന്നാണ് മാര്‍പാപ്പ പറഞ്ഞിട്ടുള്ളത്.
പ്രകൃതിയെ കുറിച്ച് ഇത്രയം ആകുലതയുള്ള മാര്‍പാപ്പയുടെ അനുയായികളാണ് തനിക്കെതിരെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ രംഗത്ത് വന്നതെന്നും പിടി തോമസ് പറഞ്ഞു. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാകാതിരിക്കാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്ന് ഭംഗ്യന്തരേണ പിടി തോമസ് പറഞ്ഞു. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ കമ്പനി രാജ്യം വിട്ടുപോയതും കൊക്ക കോള കമ്പനിയെ കെട്ടുകെട്ടിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ നിശ്ചയ ദാര്‍ഢ്യവും ആയിരുന്നു ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിയത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ഇടുക്കി, താമരശ്ശേരി രൂപതകള്‍ ഇനിയെങ്കിലും മാപ്പ് പറയണം എന്നും പിടി തോമസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications