കെഎസ്ആർടിസി പമ്പിനെതിരെ പൊതുതാൽപര്യ ഹർജി; പതിനായിരം രൂപ പിഴയിട്ട് കോടതി
തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി കിഴക്കേകോട്ടയിൽ ആരംഭിച്ച ഇന്ധന ഔട്ട്ലെറ്റിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്ത പാൽക്കുളങ്ങര സ്വദേശിക്ക് കോടതി പതിനായിരം രൂപ പിഴയിട്ടു. പേട്ട പാൽക്കുളങ്ങര സ്വദേശി ഡി സെൽവിനാണ് കോടതി പിഴയിട്ടത്. ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് എൻഒസി വാങ്ങാതെയാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലെറ്റ് ആരംഭിച്ചത് എന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെതാണ് നടപടി.

ജില്ലാ മജിസ്ട്രേറ്റിൻ്റെ പക്കൽ നിന്ന് എതിർപ്പില്ല രേഖ (എൻ ഒ സി ) വാങ്ങാതെയായിരുന്നു തിരുവനന്തപുരം കിഴക്കേകോട്ടയിൽ കെഎസ്ആർടിസി പെട്രോൾ - ഡീസൽ ഔട്ട്ലെറ്റ് ആരംഭിച്ചതെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. എന്നാൽ, 1971 ൽ കെഎസ്ആർടിസിക്ക് എൻഒസി ലഭിച്ചതിന് പിന്നാലെ പൊതുജനങ്ങൾക്കായി ഇന്ധന ഔട്ട്ലെറ്റ് തുറന്നു കൊടുക്കുന്നതിന് മുൻപ് ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെതടക്കമുള്ള അനുമതിയും പരിശോധനയും ഇതിൻ്റെ ഭാഗമായി പമ്പുകളിൽ നടന്നിരുന്നു.ഇതിന് ശേഷമാണ് പമ്പുകൾ ആരംഭിച്ചതെന്നായിരുന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്.
ഹർജിക്കാരൻ ആവശ്യമായ രേഖകൾ പരിശോധിക്കാതെയാണ് ഹർജി സമർപ്പിച്ചിട്ടുള്ളതെന്നും ഇത് വീഴ്ചയാണെന്നും കോടതി കണ്ടെത്തി. പൊതുതാൽപര്യ ഹർജി തള്ളിയ കോടതി ആവശ്യമായ വിവരങ്ങൾ ശേഖരിക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും വിലയിരുത്തി.

ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പേട്ട പാൽക്കുളങ്ങര സ്വദേശി ഡി സെൽവിന് പിഴയിട്ടത്. പിഴയായി ഈടാക്കിയ പതിനായിരം രൂപ അർബുദ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ക്ഷേമത്തിനായി നൽകണമെന്നും കോടതി നിർദേശിച്ചു. കെഎസ്ആർടിസിക്ക് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ അഡ്വ.ദീപു തങ്കൻ കോടതിയിൽ ഹാജരായി.

അതേസമയം, ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസിയിൽ പുതിയ സംരംഭത്തിന് ഇക്കഴിഞ്ഞ ബുധനാഴ്ച മുതൽ തുടക്കമായത്. കെഎസ്ആർടിസിയുടെ പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാൻ കഴിയുന്നതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കിഴക്കേകോട്ടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചിരുന്നു. സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാ ഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്.

കെഎസ്ആര്‍ടിസി കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്ത് നടപ്പിലാക്കുന്ന ന്യൂതന സംരംഭമാണ് കെ.എസ്.ആര്‍.ടി.സി.യാത്രാ ഫ്യൂവല്‍സ്. കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ മുഖേനയാണ് പദ്ധതിയുടെ നിര്‍വ്വഹണം.
ആദ്യഘട്ടത്തിൽ പെട്രോളും ഡീസലും കെഎസ്ആർടിസിയുടെ ഇത്തരം പമ്പുകളിൽ നിന്ന് വിതരണം ചെയ്യാനാണ് കോർപ്പറേഷൻ ആലോചിക്കുന്നത്. എന്നാൽ, അടുത്ത ഘട്ടത്തിൽ എൽഎൻജി, സിഎൻജി, ഇലക്ട്രിക വാഹനങ്ങളുടെ ചാർജിം ഗ് സെന്റർ തുടങ്ങിയവയും നിലവിൽ വരും. അഞ്ച് കിലോയുള്ള എൽപിജി സിലിണ്ടറായ 'ചോട്ടു' എന്നിവയും ഇവിടെ നിന്ന് ലഭിക്കും.

സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് പുതിയ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ എട്ട് പമ്പുകളാണ് കോർപ്പറേഷൻ ആരംഭിക്കുന്നത്. വിവിധ ദിവസങ്ങളിലായി വിവിധ ജില്ലകളിൽ നടക്കുന്ന കെ എസ് ആർ ടി സി പമ്പുകളുടെ ഉദ്ഘാടന ചടങ്ങുകളിൽ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ സംബന്ധിക്കുന്നുണ്ട്.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലയിലെ കെ എസ് ആർ ടി സി പമ്പുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ചേർത്തലയിൽ കൃഷിമന്ത്രി പി പ്രസാദ് പമ്പുകൾ തുറന്നുകൊടുത്തു. മറ്റുള്ള സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ ഇന്ധന ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം നടക്കും.
ചടയമംഗലത്ത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും കെഎസ്ആർടിസി പമ്പുകൾ ഉദ്ഘാടനം ചെയ്യും. മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിനും മൂവാറ്റുപുഴയിൽ പി രാജീവും ചാലക്കുടിയിൽ മന്ത്രി ആർ ബിന്ദുവും പമ്പുകൾ തുറക്കുന്ന ചടങ്ങിൽ സന്നിഹിതരായിരിക്കും. കിളിമാനൂരിൽ മന്ത്രി വി ശിവൻകുട്ടിയും പങ്കെടുക്കും.
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍












Click it and Unblock the Notifications