Puthuppally By Election 2023: 'എക്‌സിറ്റ് പോളിൽ വിശ്വാസമില്ല', ജയിക്കുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് ജെയ്ക്
കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും ജനങ്ങളിലാണ് വിശ്വാസമെന്നും ജെയ്ക് പ്രതികരിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇടതുപക്ഷത്തിന് പുതുപ്പള്ളിയിലുളള അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായും തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
മണ്ഡലത്തില്‍ ബിജെപി വോട്ടുകളില്‍ വലിയ തോതില്‍ കുറവുണ്ടായി. 2021ലെ തിരഞ്ഞെടുപ്പ് മുതല്‍ പുതുപ്പള്ളിയില്‍ ബിജെപി വോട്ട് ചോര്‍ച്ചയുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടെങ്കില്‍ ആ വോട്ടുകള്‍ ആര്‍ക്കാണ് പോയത് എന്ന് ഊഹിക്കാം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. പുതുപ്പള്ളിയില്‍ ഇക്കുറി ജയിക്കുമെന്ന പൂര്‍ണ വിശ്വാസമുണ്ടെന്നും ജെയ്ക് വ്യക്തമാക്കി.

ഇത് മൂന്നാമത്തെ തവണയാണ് ജെയ്ക് പുതുപ്പള്ളിയില്‍ ജനവിധി തേടുന്നത്. 2016ലാണ് ആദ്യം ജെയ്ക് മത്സരിക്കുന്നത്. പിന്നീട് 2021ലും. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിയോട് ജെയ്ക് തോല്‍വിയേറ്റുവാങ്ങി. 2021ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്കിന് സാധിച്ചിരുന്നു. മൂന്നാമങ്കത്തില്‍ ജെയ്ക് വിജയം കാണുമെന്നാണ് ഇടത് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് മൂന്നാം വട്ടവും തോല്‍വിയേറ്റുവാങ്ങും എന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം ചാണ്ടി ഉമ്മന്‍ 53 ശതമാനം വോട്ട് നേടി വിജയിക്കും. തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ട 131026 വോട്ടുകളില്‍ ചാണ്ടി ഉമ്മന് 69443 വോട്ട് ലഭിച്ചേക്കും. 39 ശതമാനം വോട്ടാണ് ജെയ്കിന് ലഭിക്കാന്‍ സാധ്യത. അതായത് 51100 വോട്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വന്ന ദ ഫോര്‍ത്ത്-എഡ്യുപ്രസ് സര്‍വ്വേയും ചാണ്ടി ഉമ്മന് വിജയം പ്രവചിച്ചിരുന്നു.












Click it and Unblock the Notifications