പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ജെയ്ക്ക് സി തോമസിന് ആദ്യ പരിഗണന,സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാാർത്ഥിയായി ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗമായ ജെയ്ക്ക് സി തോമസിനെ പ്രഖ്യാപിക്കാൻ സാധ്യത. ബുധനാഴ്ച ചേർന്ന എട്ട് സി പി എം ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിർദ്ദേശിച്ചത്. ജെയ്ക്ക് എത്തുന്നത് കനത്ത മത്സരം കാഴ്ചവെയ്ക്കാൻ സഹായിക്കുമെന്നാണ് ലോക്കൽ കമ്മിറ്റികൾ വ്യക്തമാക്കുന്നത്.
ജില്ലാ സെക്രട്ടറിയേറ്റംഗം റജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരുടെ പേരുകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പേരുകൾ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. നാളെ ജില്ലാ കമ്മിറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.

തുടക്കം മുതൽ തന്നെ ജെയ്ക്കിന്റെ പേരായിരുന്നു നേതൃത്വത്തിനിടയിൽ ചർച്ചയായിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിക്ഷം കുത്തനെ കുറക്കാൻ ജെയ്ക്കിന് സാധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ജെയ്ക്കിന് ലഭിച്ചത് 54,328 വോട്ടുകളായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടുകളും. ആദ്യ തിരഞ്ഞെടുപ്പിന് ശേഷം പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടി നേടിയ ഏറ്റവും കുറവ് ഭൂരിപക്ഷമായിരുന്നു ഇത്.
മണ്ഡലത്തിൽ സഹതാപ തരംഗം ഉണ്ടെങ്കിലും ജെയ്ക്ക് മത്സരിച്ചാൽ പോരാട്ടം കടുപ്പിക്കാനാകുമെന്നാണ് ലോക്കൽ കമ്മിറ്റികൾ ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും എൽ ഡി എഫ് ആണ് ഭരിക്കുന്നത്. ഇത് അനുകൂലമാക്കാൻ ആകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ജെയ്ക്ക് സി തോമസിനുള്ള സമുദായിക പരിഗണനയും പരിഗണിക്കേണ്ടതുണ്ടെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്.
എൻഡിഎ സ്ഥാനാർത്ഥി ആര്? പ്രഖ്യാപനം നാളെ
പുതുപ്പള്ളിയിൽ എൻ ഡി എ സ്ഥാനാർത്ഥി ആരെന്ന സംബന്ധിച്ച് ശനിയാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും. ബി ജെ പി ജില്ലാ പ്രസിഡന്റ് ആയ ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, പ്രഭാരി പ്രകാശ് ബാബു എന്നിവർ സ്ഥാനാർത്ഥികളെ സംബന്ധിച്ച് മണ്ഡലംതല നേതാക്കളുടെ അഭിപ്രായം തേടിയിട്ടുണ്ട്. എൻ ഹരി ഏടക്കമുള്ള നേതാക്കളുടെ പേരുകൾ സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മണ്ഡലത്തിൽ പരമാവധി വോട്ടുകൾ സമാഹരിച്ച് സാന്നിധ്യം അറിയിക്കുകയെന്നതാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് മണ്ഡലത്തിൽ ലഭിച്ചത് പതിനാറായിരത്തിനടുത്ത് വോട്ടായിരുന്നു. എന്നാൽ 2016 ൽ എൻ ഹരി സ്ഥാനാർത്ഥിയായെത്തിയപ്പോൾ വോട്ടുകൾ കുത്തനെ കുറഞ്ഞു. 11,694 വോട്ടുകളായിരുന്നു സ്ഥാനാർത്ഥിയായ എൻ ഹരിക്ക് ലഭിച്ചത്.












Click it and Unblock the Notifications