കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്മിലടിക്കുന്ന നേതൃത്വം, ആന്റണി മൗനിബാബ; രാഹുല്‍ ഗാന്ധി ഒഴിയണം: പൊട്ടിത്തെറിച്ച് സിആര്‍ മഹേഷ്

പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്നാണ് മഹേഷ് പറഞ്ഞത്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പുകളില്‍ ഒന്നൊന്നായി തോറ്റ് കൂപ്പ് കുത്തുന്ന കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരേ അമര്‍ഷം പുകയുന്നു. ഗ്രൂപ്പ് കളിയും നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വവും ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സിആര്‍ മഹേഷാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരേ ആഞ്ഞടിക്കുന്ന എറണാകുളത്തെ മണ്ഡലം നേതാവിന്റെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്നാണ് മഹേഷ് പറഞ്ഞത്. രാഹുല്‍ ഗാന്ധിക്കെതിരേയും മുതിര്‍ന്ന നേതാവ് എകെ ആന്റണിക്കെതിരേയും ഗ്രൂപ്പ് കളിക്കുന്നവര്‍ക്കെതിരേയും ഫേസ്ബുക്കിലാണ് മഹേഷ് പൊട്ടിത്തെറിച്ചത്.

 രാഹുല്‍ കണ്ണ് തുറന്ന് കാണണം

രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വേരുകള്‍ അറ്റ് പോവുന്നത് രാഹുല്‍ കണ്ണ് തുറന്ന് കാണണമെന്ന് മഹേഷ് പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും കോണ്‍ഗ്രസ് ഉരുകി തീരുകയാണ്. ഇത് ലാഘവത്തോടെ കാണുന്ന നേതൃത്വം റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ ഓര്‍മിപ്പിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

നാഥനില്ലാത്ത കെപിസിസി

കെപിസിസിക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച ആകുന്നു. ബിജെപിയുടെയും സിപിഎമ്മിന്റെയും ഭരണ പരാജയത്തിനെതിരേ സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശബ്ദതയിലാണ്. കെഎസ്‌യു കാംപസുകളില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും മഹേഷ് പറയുന്നു.

കെഎസ്‌യുവിനെ ഗ്രൂപ്പ് കളിപ്പിക്കുന്നു

കെഎസ്‌യുവിനെ പരസ്പരം മല്‍സരിപ്പിച്ച് പാര്‍ട്ടിയില്‍ മെംബര്‍ഷിപ്പ് എടുക്കും മുമ്പേ ഗ്രൂപ്പില്‍ അംഗത്വം എടുപ്പിക്കുകയാണ് നേതാക്കള്‍. പിന്നീട് നാട് മുഴുവന്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

പടനയിക്കേണ്ടവര്‍ പകച്ച് നില്‍ക്കുന്നു

പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരേ പടനയിക്കേണ്ടവര്‍ പകച്ച് നില്‍ക്കുന്നു. രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ മാറി നില്‍ക്കണം. മഹത്തായ പ്രസ്ഥാനത്തിന്റെ വേര് അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണമെന്നും മഹേഷ് വ്യക്തമാക്കുന്നു.

 ആന്റണി ദില്ലിയില്‍ മൗനിബാബ

കെഎസ്‌യു വളര്‍ത്തി വലുതാക്കിയ ആന്റണി ദില്ലിയില്‍ മൗനിബാബയായി തുടരുകയാണ്. അങ്ങ് കാണുന്നില്ലേ താങ്ങള്‍ വളര്‍ത്തിയ സംഘങ്ങളെ നേതൃത്വവും അനുഭവ പരിചയമില്ലാത്തവരും കോര്‍പറേറ്റ് ശൈലിക്കാരും ചേര്‍ന്ന് പരീക്ഷണ വസ്തുവാക്കിയിരിക്കുന്നതെന്നും മഹേഷ് ചോദിക്കുന്നു.

വ്യാജ മെംബര്‍ഷിപ്പുകള്‍

കെഎസ്‌യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കൂടി സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു. എന്‍എസ്‌യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെംബര്‍ഷിപ്പുകളില്‍ 80 ശതമാനവും വ്യാജമാണ്. അധികാരം പിടിക്കാനാണ് ഇത്തരം വ്യാജ മെംബര്‍ഷിപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പുതിയ നേതൃത്വം വരണം

പുതിയ നേതൃത്വം വരണം. വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. ഒരേ പ്രത്യശ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ തമ്മില്‍ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്‌കാരം അവസാനിപ്പിക്കണം. അല്ലെങ്കില്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്നും മഹേഷ് ഓര്‍മിപ്പിക്കുന്നു.

ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്

കോണ്‍ഗ്രസ് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്. പക്ഷേ ഈ സ്ഥിരം ഗ്രൂപ്പ് കളി, സെറ്റില്‍മെന്റ് രാഷ്ട്രീയം, കാല് വാരല്‍, അഴിമതി, വിഴുപ്പലക്കല്‍ പരിപാടികളുമായി മുന്നോട്ട് പോവാനാവില്ല. പ്രതീക്ഷ കൈവിടാതെ ഒരു പുതിയ സൂര്യോദയത്തിനായി കാത്തിരിക്കാം-ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
CR Mahesh Attacked Rahul Gandhi, if you can't take leadership should be resign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X