ജലന്ധർ ബിഷപ്പിനെതിരായ പരാതി പിൻവലിക്കാൻ വാഗ്ദാനപ്പെരുമഴ; പുതിയ മഠം നിർമിച്ച് നൽകാം; സംഭാഷണം പുറത്ത്
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പിനെ സംരക്ഷിക്കാൻ സമ്മർദ്ദ തന്ത്രങ്ങളുമായി സഭ. കന്യാസ്ത്രി പരാതി പിൻവലിച്ചാൽ പ്രത്യുപകാരങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന വൈദികന്റെ ഫോൺ സംഭാഷണങ്ങൾ പുറത്തായി .
മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ വൈദികനായ ജെയിംസ് എർത്തലയിൽ ഒത്തുതീർപ്പിന് ശ്രമം നടത്തുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബിഷപ്പ് ശക്തനാണെന്നും കേസ് പിൻവലിക്കുന്നതാണ് ബുദ്ധിയെന്നുമാണ് വൈദികൻ ഉപദേശിക്കുന്നു.

ഭൂമിയും മഠവും
പരാതിക്കാരിയായ കന്യാസ്ത്രിയുടെ ഒപ്പമുള്ള സിസ്റ്റർ അനുപമയുമായാണ് വൈദികൻ ഫോൺ സംഭാഷണം നടത്തുന്നത്. കന്യാസ്ത്രിക്കും കൂടെയുള്ളവർക്കും മഠം സ്ഥാപിച്ച് നൽകാമെന്ന് വൈദികൻ വാഗ്ദാനം നൽകുന്നു. പരാതി പിൻവലിച്ചാൽ ജലന്ധർ രൂപത കന്യാസ്ത്രികളെ സഹായിക്കുമെന്നും നന്നായി ആലോചിച്ച് മാത്രം വേണം തീരുമാനമെടുക്കാനെന്നും അവർ ശക്തരാണെന്നും വൈദികൻ പറയുന്നുണ്ട്.

11 മിനിട്ട്
11 മിനിറ്റ് ദൈർഘ്യമുള്ള വൈദികന്റെ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കന്യാസ്ത്രി പട്ടം ഉപേക്ഷിച്ച് വീട്ടിലേക്ക് വരുന്നത് ബുദ്ധിപരമായ നടപടിയല്സ. ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടിയാൽ എഴ് വട്ടം ദേഷ്യം വന്നാലും തിരികെ കയറാൻ പറ്റില്ല. ജലന്ധർ രൂപതയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ റാന്നിയിലോ എരുമേലിയിലോ സ്ഥലം വാങ്ങി സകല സൗകര്യങ്ങളോടും കൂടി മഠം സ്ഥാപിച്ച് തരുമെന്നും വൈദികൻ പറയുന്നുണ്ട്. തിരുവസ്ത്രം ഉപേക്ഷിച്ച് പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. അറയ്ക്കൽ പിതാവിന്റെ അനുഗ്രഹാശിസുകളോടെ പുതിഠ മഠം സ്ഥാപിച്ച് നൽകുമെന്നും പറയുന്നു.

മഠത്തിൽ എത്തിയിരുന്നു
ഫാദർ ജെയിംസ് എർത്തല മൂന്നു തവണ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 5, 13, 28 ദിവസങ്ങളിലായിരുന്നു ഒത്തുതീർപ്പ് ശ്രമങ്ങൾക്കായി വൈദികനെത്തിയത്. 28ാം തീയതി എത്തിയപ്പോൾ പരാതിക്കാരിയായ കന്യാസ്ത്രിയേയും പിന്തുണയ്കക്കുന്നവരെയും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കന്യാസ്ത്രികൾ കാണാൻ തയാറായിരുന്നില്ല. കന്യാസ്ത്രിമാരുടെ നന്മയ്ക്ക് വേണ്ടിയാണ് താൻ ഇടനിലയ്ക്ക് നിൽക്കുന്നതെന്നും അതിൽ കവിഞ്ഞ് യാതൊരു താൽപര്യവും തനിക്കില്ലെന്നും ഫോൺ സംഭാഷണത്തിൽ വൈദികൻ പറയുന്നുണ്ട്.

അന്വേഷണം വൈകുന്നു
ജലന്ധർ ബിഷപ്പിനെതിരെ നടപടിയെടുക്കാൻ അന്വേഷണസംഘം വൈകുന്നുവെന്ന ആരോപണവും ശക്തമാണ്. ഇതുവരെ ബിഷപ്പിനെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയാറായിട്ടില്ല. പീഡനക്കേസ് പിൻവലിക്കാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഞ്ച് കോടി വാഗ്ദാനം ചെയ്തിരുന്നതായും കന്യാസ്ത്രി മൊഴി നൽകിയിരുന്നു. നിരവധി തെളിവുകളും പരാതിയും ഉയർന്നിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.












Click it and Unblock the Notifications