ദിലീപിന്റെ നോട്ടീസ് കിട്ടിയിട്ടുണ്ട്, പേടിപ്പിക്കാന്‍ നോക്കേണ്ട; നികേഷ് കുമാറിന്റെ മറുപടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തതിന് പിന്നാലെ കേസിലെ പ്രതിയായ നടന്‍ ദിലീപ് അയച്ച വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ് കുമാര്‍. വക്കീല്‍ നോട്ടീസിന് കൃത്യമായ മറുപടി നല്‍കുമെന്നും അതിന് മാധ്യമ വിചാരണ എന്ന് ആരോപിച്ച് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്കിടെ നികേഷ് കുമാര്‍ പറഞ്ഞു.
അഡ്വ ശ്രീജിത് പെരുമനയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം. രഹസ്യവിചാരണ നടത്തുന്ന ഒരു കേസില്‍ അതിലെ നിര്‍ണായക സാക്ഷികളേയും തെളിവുകളേയും പരസ്യമായി മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുകയാണ് നികേഷ് കുമാറും റിപ്പോര്‍ട്ടര്‍ ടി വിയും എന്നായിരുന്നു ശ്രീജിത് പെരുമനയുടെ ആരോപണം.

ദീലിപിന്റെ വക്കീല്‍ നോട്ടീസ് താനല്ല അയച്ചതെന്നും അദ്ദേഹത്തിന്റെ വക്കാലത്ത് തന്റെ അടുത്തല്ലെന്നും ചര്‍ച്ചയ്ക്കിടെ ശ്രീജിത് പെരുമന പറഞ്ഞു. എന്നാല്‍ നികേഷ് കുമാറിന്റെ ചാനലില്‍ ഭീകരമാം വിധം നിരന്തരമായി വിചാരണ നടത്തുകയാണെന്ന് ശ്രീജിത് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലേക്ക് കേരള പൊലീസിനും അന്വേഷണ സംഘത്തിനും കണ്ടെത്താന്‍ സാധിച്ചതിനേക്കാള്‍ വലിയ എന്തോ ഒരു കാര്യം എം വി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ ടിവി കണ്ടെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

'അതിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് ഇപ്പോള്‍ സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു. രഹസ്യവിചാരണ നടത്തുന്ന ഒരു കേസില്‍ താങ്കള്‍ അതിലെ നിര്‍ണായക സാക്ഷികളേയും പ്രധാനപ്പെട്ട തെളിവുകളേയും പരസ്യമായി മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്നു. അതാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്,' ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ ശ്രീജിത് പെരുമന പറഞ്ഞു.

അതേസമയം മാധ്യമ വിചാരണ എന്ന് പറഞ്ഞാല്‍ തങ്ങള്‍ പേടിക്കില്ലെന്നായിരുന്നു എം വി നികേഷ് കുമാറിന്റെ മറുപടി. വക്കീല്‍ നോട്ടീസില്‍ കോടതിയലക്ഷ്യമുണ്ടെന്നാണ് ദിലീപ് അവകാശപ്പെടുന്നത്. എന്തായാലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുതല്‍ എം വി നികേഷ് കുമാര്‍ വരെയുള്ള അഞ്ച് പേരെയാണ് റെസ്‌പോണ്ടന്റ് ആയി ചേര്‍ത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വക്കീല്‍ നോട്ടീസിന് താനും തന്റെ കമ്പനിയും മറുപടി പറയുമെന്നും എന്നിട്ടും ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്നതിന് കാരണം ഇതുമായി ഞങ്ങള്‍ മുന്നോട്ടുപോകും എന്നുള്ളത് കൊണ്ട് തന്നെയാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. അതിന്റെ പേരില്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതിനെ ചില പ്രയോഗങ്ങളിലൂടെ എവിടെയോ തളച്ചുകെട്ടാനുള്ള ശ്രമം നിങ്ങള്‍ നടത്തുമ്പോള്‍ അതിന് കൂട്ടുനിന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ഇതൊന്നും വിചാരണയല്ല. താങ്കള്‍ക്ക് പറയാനുള്ളത് പറയാം, എതിരഭിപ്രായമുള്ളവര്‍ക്ക് അതും പറയാം. അങ്ങനെയാണ് മാധ്യമസ്ഥാപനങ്ങള്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. ഇതിനെയൊന്നും വിചാരണ എന്ന് പറയാന്‍ പറ്റില്ല. ഇനി അങ്ങനെ പറഞ്ഞാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. വിചാരണ എന്ന് പറഞ്ഞ് പേടിപ്പിച്ചാലും ഞങ്ങള്‍ക്ക് ഒരു ഭയവുമുണ്ടാകാന്‍ പോണില്ല, നികേഷ് കുമാര്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് അടുക്കവെയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാര്‍, കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ എന്നിവരുടെ ഗുരുതര വെളിപ്പെടുത്തല്‍ പുറത്തായത്. ഇതോടെ വീണ്ടും അന്വേഷണം ആരംഭിക്കാന്‍ തീരുമാനിക്കുകയും പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്.

കേസിന്റെ വിചാരണ ഫെബ്രുവരി 16നകം തീര്‍ത്ത് വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്ഷി വിസ്താരം വേഗത്തില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് ദിലീപിനെതിരായ കേസില്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. ഇതോടെയാണ് തനിക്കെതിരായ ഗൂഢാലോചന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചത്.

കേരള പ്രോസിക്യൂട്ടര്‍ ഓഫീസ്, ഡി വൈ എസ് പി ബൈജു പൗലോസ്, ബാലചന്ദ്ര കുമാര്‍, എം വി നികേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ടി വി എന്നിവര്‍ക്കാണ് ദിലീപ് നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന് തെളിയാനായതോടെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ദിലീപിന്റെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍. കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെ അറിയാമെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും ഒരു വി ഐ പിയാണ് ഇത് കൊണ്ടുവന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
Recommended Video

രഹസ്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ദിലീപ് ബന്ധപ്പെട്ടുവെന്നും തിരുവനന്തപുരത്ത് ഹോട്ടലില്‍ എത്തി തന്നെ വിളിച്ചെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. അതിനിടെ പള്‍സര്‍ സുനിയുടെ അമ്മയും ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ മകനെ കുടുക്കിയതാണെന്നും അവനല്ലെങ്കില്‍ മറ്റാരെങ്കിലും ഇത് ചെയ്യുമായിരുന്നു എന്നുമായിരുന്നു പള്‍സര്‍ സുനിയുടെ അമ്മയുടെ പ്രതികരണം.












Click it and Unblock the Notifications