നീതിയ്‌ക്കൊപ്പം അതിജീവിതയ്‌ക്കൊപ്പം; റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും നികേഷ് കുമാറിനും പിന്തുണയുമായി റിമ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വിയ്ക്കും ചാനല്‍ എം ഡി എം വി നികേഷ് കുമാറിനുമെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. റിപ്പോര്‍ട്ടര്‍ ടി വിയ്ക്ക് പിന്തുണയര്‍പ്പിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ സി സി) അംഗം കൂടിയായ റിമ തന്റെ നിലപാട് വ്യക്തമാക്കിയത്. സപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടി.വി. എന്നെഴുതി 'നീതിക്കൊയ്പ്പം, അതിജീവിതയ്ക്കൊപ്പം പിന്നോട്ടില്ല' എന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററാണ് റിമ പങ്കുവെച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പശ്ചാത്താലത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും നികേഷ് കുമാറിനെതിരെയും പൊലീസ് സ്വമേധയാ കേസെടുത്തത്. ദിലീപിന്റെ ഹരജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി ഡി ജി പിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഐ.പി.സി സെക്ഷന്‍ 228 എ(3) പ്രകാരമാണ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വിചാരണക്കോടതിയുടെ പരിഗണനയിലുള്ള വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആക്ഷേപം. നടിയെ ആക്രമിച്ച കേസില്‍ വിചാരണ ബാക്കി നില്‍ക്കെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം റിപ്പോര്‍ട്ടര്‍ ചാനല്‍ ആയിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ഇതാണ് കേസിനാസ്പദമാക്കിയത്.

ഡിസംബര്‍ 27ന് അഭിമുഖം നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചുവെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ബാലചന്ദ്രകുമാര്‍ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. വിചാരണക്കോടതിയുമായി ബാലചന്ദ്രകുമാറിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ബാലചന്ദ്രകുമാറിന്റെ അഭിമുഖത്തിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയും ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു. ഇതും റിപ്പോര്‍ട്ടര്‍ ചാനല്‍ വഴിയാണ് പുറത്തുവന്നത്.

അതേസമയം കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നികേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. 'അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ' എന്ന കുറിപ്പോടെ തനിക്കെതിരെ കേസെടുത്തുന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു നികേഷിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസെടുത്താലും നടിയെ ആക്രമിച്ച കേസില്‍ നിന്ന് പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ദിലീപ് നികേഷും റിപ്പോര്‍ട്ടര്‍ ടി വിയ്ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ നടന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയായത്. ബാലചന്ദ്രന്റെ വെളിപ്പെടുത്തലോടെ ദിലീപിനെ ഒന്നാം പ്രതിയാക്കി മറ്റു ആറുപേരെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അതേസമയം ദിലീപും കൂട്ടുപ്രതികളും ഫോണുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. മുദ്ര വെച്ച കവറില്‍ ആറ് ഫോണുകള്‍ ഹാജരാക്കണം എന്നാണ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.

ഫോണുകള്‍ ഹാജരാക്കാനാകില്ലെന്ന് പറഞ്ഞ് ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ ഹൈക്കോടതി തള്ളി. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അതേസമയം അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. എറണാകുളത്തെ എം ജി റോഡിലുള്ള മേത്തര്‍ ഹോംസിന്റെ ഫ്‌ളാറ്റിലാണ് പ്രതികള്‍ ഒത്തുച്ചേര്‍ന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.












Click it and Unblock the Notifications