വീടുകൾക്ക് മതിലില്ല, വാതിലുകൾക്ക് പൂട്ടും, ഭൂമിയിലെ ഏറ്റവും സംതൃപ്തരായ മനുഷ്യരുടെ തുരുത്ത്; കുറിപ്പ്
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനദ്രോഹപരമായ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിനൊപ്പം കൈ കോർത്തിരിക്കുകയാണ് കേരളവും. സേവ് ലക്ഷദ്വീപ് ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നു. ഇതോടെ ലക്ഷദ്വീപ് വിഷയം ദേശീയ ശ്രദ്ധയിൽ എത്തിയിരിക്കുകയാണ്. ലക്ഷദ്വീപിലെ പച്ചയായ മനുഷ്യരെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകനായ റിനീഷ് തിരുവള്ളൂർ.
കുറിപ്പ് വായിക്കാം: പൊരുതുന്ന ലക്ഷദ്വീപിനെ കുറിച്ചാണ്. 'ഭൂമിയിലെ ഏറ്റവും സംതൃപ്തരായ മനുഷ്യരുടെ തുരുത്ത് ' എന്ന് പതിനൊന്ന് വർഷം മുമ്പ് ലക്ഷദ്വീപിൽ പോയി തിരിച്ചു വരുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിനീഷ് പുതുപ്പണത്തോട് പറഞ്ഞത് ഓർക്കുകയാണിപ്പോൾ. ഇന്ന് പവിഴ ദ്വീപ് അസ്വാതന്ത്രത്തിൻ്റെയും ഭരണകൂട അടിച്ചമർത്തലിൻ്റേയും ഫാസിസ്റ്റ് അധിനിവേശത്തിൻ്റെയും കരിനിഴൽ വീണ നാടായിരിക്കുന്നു. സംഘപരിവാർ ദ്വീപ് വാസികളുടെ ജനാധിപത്യ അവകാശങ്ങൾ ഓരോന്നായി നിഷേധിക്കുകയാണ്.

സായിപ്പ് നാട് ഭരിച്ചതു പോലെ കേന്ദ്ര സർക്കാർ ദ്വീപ് ഭരിക്കാൻ തുടങ്ങിയിരിക്കുന്നു. ദ്വീപ് ജനതയെ അടുത്തറിയുന്ന ഏതൊരാൾക്കുമെന്ന പോലെ ഞാനും എൻ്റെ രോഷവും പ്രതിഷേധവുമറിയിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും ലക്ഷദ്വീപിൽ വന്നവർ, ദ്വീപ് ജനതയെ അടുത്തറിഞ്ഞവർ ഈ നാടിനെ നെഞ്ചോട് ചേർക്കും. ഇവിടുത്തെ മനുഷ്യരെ മറക്കില്ല. നീല പളുങ്കിലെ പച്ചത്തുരുത്തിലേക്ക് വീണ്ടും വീണ്ടും വരാൻ ആഗ്രഹിക്കും. നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ പവിഴപ്പുറ്റുകളുടെ കൂനയാാണിത്.
ജീവിതം കണ്ടെത്താൻ മനുഷ്യൻ കടലുതാണ്ടി കരകയറിയ നാട്. കടലിനോട് മല്ലിട്ട ജീവിതങ്ങൾ. തലമുറകൾ താണ്ടി വളർന്നു ഭൂപടമുള്ള ദ്വീപായി; ഹൃദയത്തിൻ്റെ ആകൃതിയുള്ള നാട്. പിന്നീട് നാടിന് പേരിട്ടു, ഭരണമായി. ഇവിടെ വീടുകൾക്ക് മതിലില്ല. വാതിലുകൾക്ക് പൂട്ടില്ല, മോഷണമില്ല, കലാപവും കലഹവുമില്ല, കുറ്റവാളികളില്ല, പണിതീർത്ത ജയിൽ തടവുകാരില്ലാതെ പൂട്ടി. മദ്യവും മാലിന്യവുമില്ല, ലാഭക്കൊതിയില്ല, ആർത്തി മൂത്ത മത്സരമില്ല, അതിഥികളെ സ്വന്തമെന്ന പോൽ സ്വീകരിക്കുന്നവർ; നിസ്വാർത്ഥർ. മനുഷ്യരുടെ കണ്ണിൽ നോക്കി സംസാരിക്കുന്നവർ. കാവ്യാത്മകമായ ഭാഷയുള്ളവർ.
നാടോടി ഇശലിൻ്റെ താളത്തിൽ വർത്തമാനം പറയുന്നവർ, ഒരുമയും സഹകരകരണമുള്ളവർ, പിറന്ന നാടിനെ നെഞ്ചോട് ചേർക്കുന്നവർ, ദേശാഭിമാനികൾ. പവിഴ ദ്വീപിൻ്റെ ചുറ്റുമുള്ള നീലക്കടലു പോലെ തെളിഞ്ഞ രാഷ്ട്രീയമുള്ളവർ. ജനാധിപത്യമുള്ളവർ, മതേതര വാദികൾ, അവകാശ ബോധമുള്ളവർ. ഒറ്റ വാക്കിൽ, പച്ച മനുഷ്യർ അവരിപ്പോൾ ശ്വാസം മുട്ടുകയാണ്.
തൊഴിൽ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നു. മീൻപിടിക്കാൻ, പാൽ വിൽക്കാൻ, പശുവളർത്താൻ, യാത്ര ചെയ്യാൻ, കിരാത നടപടികൾക്കെതിരെ ശബ്ദമുയർത്താൻ പാടില്ലെന്ന് കൽപ്പിക്കുകയാണ് ഭരണാധികാരികൾ.
Recommended Video
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കേന്ദ്ര സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ നിഷേധിക്കുകയാണ്. ഇത്തരത്തിലുള്ള നെറികെട്ട നടപടികൾക്കെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായ് ദ്വീപ് ജനതയോടൊപ്പം നിൽക്കുക. പ്രതികരിക്കുക, ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പോരാടുക'.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications