മണിക്കെതിരായ ആരോപണം; പിന്നില്‍ ഗൂഢാലോചനയെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: കലാഭവന്‍ മണിക്കെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു മണിയുടെ കുടുംബാംഗങ്ങള്‍. ശാന്തിവിള ദിനേശനെതിരേ നടപടിക്കണമെന്ന് ആവശ്യപ്പെട്ടു കലാഭവന്‍ മണിയുടെ കുടുംബം സാംസ്‌കാരിക വകുപ്പിന് രേഖാമൂലം പരാതി നല്‍കി. ഇതു സംബന്ധിച്ചു മന്ത്രി എ.കെ. ബാലനു നേരിട്ടു പരാതി നല്‍കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ അറിയിച്ചു. മണിച്ചേട്ടന്റെ ശവകുഴി തോണ്ടുന്നതിന് സമമാണ് ആരോപണങ്ങളെന്നു രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ചോദിക്കാനും പറയാനും ആരുമില്ലെന്ന ചിന്തയാണ് ഇത്തരം അവഹേളനങ്ങള്‍ക്കു പിന്നില്‍.


യാതൊരു പ്രകോപനവുമില്ലാതെ ഇപ്പോള്‍ മണിയെ അവഹേളിക്കുന്നതിന് പിന്നില്‍ മറ്റാരോ ഉണ്ടെന്നാണു സംശയിക്കുന്നത്. അവരുടെ ലക്ഷ്യം എന്താണെന്നു മനസിലാക്കാന്‍ കഴിയുന്നില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ശാന്തിവിള ദിനേശനെതിരേ സിനിമാ സംഘടനയായ അമ്മയിലും പരാതി നല്‍കി. അമ്മയുടെ ഭാരവാഹിയായ മമ്മൂട്ടിക്കു വാട്ട്‌സാപ്പില്‍ പരാതി അയച്ചു. ജീവിച്ചിരുന്നപ്പോഴോ മണിച്ചേട്ടനെതിരെ കേസുകള്‍ വന്നപ്പോഴോ ശാന്തിവിള ദിനേശന്‍ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ അനവസരത്തിലുള്ള അവഹേളനമാണ് ഗൂഢാലോചനയാണെന്നു സംശയമുണ്ടാക്കുന്നത്. കേരളം സ്‌നേഹിച്ച ഒരു മനുഷ്യനെതിരേ ഇത്തരത്തില്‍ ആരോപണങ്ങളുണ്ടാകുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

 കലാഭവന്‍ മണി അഹങ്കാരിയായിരുന്നു

കലാഭവന്‍ മണി അഹങ്കാരിയായിരുന്നു

കലാഭവന്‍ മണി അഹങ്കാരിയായിരുന്നെന്നും പൊതുവേദിയില്‍ ദാരിദ്ര്യം പ്രസംഗിച്ച് സമ്പന്നതയില്‍ അഹങ്കരിച്ചയാളാണെന്നുമായിരുന്നു ശാന്തിവിള ദിനേശിന്റെ പരാമര്‍ശം. സ്വകാര്യ ചാനലിന്റെ (മംഗളം ടിവി) അഭിമുഖത്തിലായിരുന്നു ദിനേശിന്റെ പരാമര്‍ശമുണ്ടായത്. സ്‌റ്റേജില്‍ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്ത പ്രവൃത്തികള്‍ പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫീസര്‍മാരെ തല്ലിയതും ഇത്തരം സംഭവത്തിന് ഉദാഹരണമാണ്. അന്നു ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെന്‍കുമാര്‍ മണിയെ ന്യായീകരിച്ചു. സത്യത്തില്‍ സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയതെന്നും ദിനേശന്‍ വ്യക്തമാക്കി. യൂണിഫോം ഇട്ടിരുന്ന പൊലീസുകാരേയും മണി തല്ലിയിട്ടുണ്ട്. ഒരു ഡോക്ടറെയും പാചകക്കാരനെയും കൂട്ടി പോകാന്‍ പാടില്ലാത്ത ഡാമിലേക്ക് പോകാനാണ് മണി ശ്രമിച്ചത്. ഇതിനെ തടഞ്ഞ ഗാര്‍ഡുമാരെ കലാഭവന്‍ മണി ക്രൂരമായി തല്ലിയെന്നും ശാന്തിവിള ദിനേശന്‍ ആരോപിച്ചു.

തുടക്കം മാക്ട ജനറല്‍ ബോഡിയില്‍ നിന്ന്

തുടക്കം മാക്ട ജനറല്‍ ബോഡിയില്‍ നിന്ന്

മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവന്‍ മണി തനിക്കെതിരായതെന്നായിരുന്നു ദിനേശിന്റെ ആരോപണം. താരങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കൊപ്പമാണു നില്‍ക്കേണ്ടതെന്നും താന്‍ സൂചിപ്പിച്ചു. തന്റെ അഭിപ്രായ പ്രകടനം സംവിധായകന്‍ ഷാജി കൈലാസ് ഹൈദരാബാദിലായിരുന്ന മണിക്കു ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തു. തുടര്‍ന്ന് മണി തന്നോട് വളരെ മോശമായി സംസാരിച്ചു. ചാലക്കുടിയില്‍ നിന്ന് ഓട്ടോ ഓടിച്ച് ഒരാള്‍ വരുമെന്ന് വിചാരിച്ചല്ല താന്‍ സഹസംവിധായകനായി സിനിമാരംഗത്തെത്തിയതെന്നു മണിയോട് തിരിച്ചടിച്ചെന്നും ദിനേശന്‍ പറഞ്ഞിരുന്നു. വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു താന്‍ കലാഭവന്‍ മണിയെ തന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും ശാന്തിവിള പറഞ്ഞു.

പ്രമുഖർ പ്രതികരിച്ചില്ല..

പ്രമുഖർ പ്രതികരിച്ചില്ല..

മണിക്കെതിരേയുള്ള ആരോപണത്തില്‍ സിനിമാ ലോകത്തെ പ്രമുഖര്‍ ആരും ശാന്തിവിള ദിനേശിനെതിരെ പ്രതികരിക്കാത്തതില്‍ തങ്ങള്‍ നിരാശരാണെന്നും മണിയുടെ കുടുംബം അറിയിച്ചു. കലാഭവന്‍ മണിയെ അനുകൂലിച്ചും ആരും രംഗത്തെത്തിയില്ല. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടക്കുമ്പോഴാണ് മണിയെ അപമാനിച്ച് ശാന്തിവിള ദിനേശന്‍ രംഗത്ത് വന്നത്.

ദിലീപുമായി അടുപ്പം...

ദിലീപുമായി അടുപ്പം...

നടന്‍ ദിലീപിന് ഏറ്റവും അടുപ്പമുള്ള സിനിമാക്കാരനാണ് ശാന്തിവിള ദിനേശനെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ സിനിമാരംഗത്തു നിന്നും ദിലീപിനെ പിന്തുണയ്ക്കുന്ന ആള്‍ കൂടിയാണ് ശാന്തിവിള ദിനേശന്‍. മിമിക്രി കാലഘട്ടം മുതല്‍ ദിലീപും കലാഭവന്‍ മണിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് കൂടിയാണ് ദിലീപിന്റെ വിശ്വസ്തനായ ശാന്തിവിള ദിനേശന്റെ വിമര്‍ശനങ്ങള്‍ സിനിമാ ലോകത്തെ മണിയുടെ സുഹൃത്തുക്കളേയും കുടുംബക്കാരേയും ഞെട്ടിച്ചത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
rlv ramakrishnana against shanthivila dineshan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X