കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; 40 പേര്‍ രാജിവെച്ചു, ഡിസിസി നേതാക്കളും!!

  • Written By:
Subscribe to Oneindia Malayalam

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതനായി മല്‍സരിച്ച ഡിഎംകെ മുഹമ്മദിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെ ചൊല്ലി കാസര്‍കോട് കോണ്‍ഗ്രസില്‍ കലാപം. ഡിസിസി നേതാക്കള്‍ ഉള്‍പ്പെടെ 40 പേര്‍ പാര്‍ട്ടി വിട്ടു. കൂടുതല്‍ പേര്‍ രാജിവെയ്ക്കുമെന്ന്് സൂചനയുണ്ട്.

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിമതനായി മല്‍സരിച്ചതിനെ തുടര്‍ന്ന് ഡിഎംകെ മുഹമ്മദിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. എന്നാല്‍ അടുത്തിടെ അച്ചടക്ക നടപടി പിന്‍വലിച്ച് അദ്ദേഹത്തെ തിരിച്ചെടുത്തു. ഇതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ നേരത്തെ പടലപ്പിണക്കം നിലനില്‍ക്കവെയാണ് ഈ സംഭവം.

അണികള്‍ക്ക് മുറുമുറുപ്പ്

മുഹമ്മദിനെ തിരിച്ചെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയാണ് ഒരു വിഭാഗം അണികളെ ചൊടിപ്പിച്ചത്. ഡിഎംകെ മുഹമ്മദ് വിമതനായി മല്‍സരിച്ചത് കോണ്‍ഗ്രസ് നേതാവ് ഹര്‍ഷദ് വോര്‍ക്കാടിക്കെതിരേ ആയിരുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ് അദ്ദേഹം.

സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും രാജിവെച്ചു

മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഹര്‍ഷദ് തന്റെ ചെയര്‍മാന്‍ പദവി രാജിവച്ചു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വിമതനായി മല്‍സരിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദിനെ പുറത്താക്കിയിരുന്നത്.

സിപിഎമ്മിനെ സഹായിക്കുന്നു?

മുഹമ്മദിന്റെ പല നീക്കങ്ങളും സിപിഎമ്മിനെ സഹായിക്കുന്ന തരത്തിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തിരിച്ചെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കി

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചത് പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഹര്‍ഷദ് വോര്‍ക്കാടി പാര്‍ട്ടി നേതൃത്വത്തിനാണ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച് കത്തുനല്‍കിയിട്ടുള്ളത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് ഉടന്‍ കത്തു നല്‍കുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞു.

സമ്മര്‍ദ്ദ തന്ത്രം

എന്നാല്‍ ഹര്‍ഷദ് എന്തിനാണ് പാര്‍ട്ടി നേതൃത്വത്തിന് പദവി രാജിവെയ്ക്കുന്ന കത്ത് നല്‍കിയതെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ചോദിക്കുന്നു. രാജിവെയ്ക്കുമ്പോള്‍ കത്ത് കൈമാറേണ്ടത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കാണ്. എന്നാല്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണ് ഹര്‍ഷദ് നടത്തുന്നതെന്നാണ് ആക്ഷേപം.

English summary
Division in Kasaragod Congress; 40 people resigned including district leaders
Please Wait while comments are loading...