അങ്കമാലി-എരുമേലി ശബരി റെയിൽപാത; തിരുവനന്തപുരത്തേക്ക് നീട്ടാൻ ശുപാർശ, സ്ഥലമേറ്റെടുപ്പ് ഓഫീസ് തുറക്കും
കൊച്ചി: നിർദ്ദിഷ്‌ട അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന് ശുപാർശ. കെആർഡിസിഎൽ (കേരള റെയിൽ ഡിവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) ആണ് ഇക്കാര്യം ശുപാർശ ചെയ്‌തിരിക്കുന്നത്. ഇതുസംബന്ധിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ കെആർഡിസിഎലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽ പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന്റെ സാധ്യതകൾ തെളിയുന്നത്.
ഏറെനാളായി ആളുകൾ ഉന്നയിക്കുന്ന ആവശ്യമായ അങ്കമാലി-എരുമേലി പാതയുമായി മുന്നോട്ടുപോകാൻ കേരള സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അതിനാൽ തന്നെ പദ്ധതി നീട്ടാൻ സാധ്യതാ പഠനത്തിനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ പരിഗണിക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ അധികം വൈകാതെ തന്നെ ഇതിന്റെ സാധ്യതാ പഠനം ആരംഭിച്ചേക്കും. ഇത് നിരവധി യാത്രക്കാർക്ക് പ്രയോജനകരമാകും എന്നാണ് വിലയിരുത്തൽ.

ആകെ 111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-എരുമേലി ശബരിപ്പാതയിൽ നിലവിൽ 14 സ്‌റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സ്ഥലമെടുപ്പ് വിജ്ഞാപനം വന്നാൽ പദ്ധതി മരവിപ്പിച്ച നടപടി റെയിൽവേ റദ്ദാക്കുമെന്നാണ് വിവരം. ഇടയ്ക്ക് നിലച്ചുപോയ പദ്ധതിക്ക് ഇപ്പോൾ വീണ്ടും പുതുജീവൻ വന്നിരിക്കുകയാണ്.
കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് നിലവിൽ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന് ശുപാർശ ചെയ്‌ത കെആർഡിസിഎൽ. തെക്കൻ കേരളത്തിൽ കൂടി ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുന്നതാണ് ഇപ്പോഴത്തെ ഈ നിർദ്ദേശം. സാധ്യതാ പഠനം കൂടി വിജയിച്ചാൽ 160 കിലോമീറ്റർ കൂടി അധിക റെയിൽ പാത മേഖലയിൽ ഒരുങ്ങും.
അതേസമയം, നിലവിൽ റെയിൽവേ സൗകര്യമില്ലാത്ത അരലക്ഷമോ അതിലേറെയോ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പാതനിർമിക്കുന്നതിനായി റെയിൽവേ മുൻപ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട് ഇതിൽ ഉൾപ്പെടുന്നതാണ്. എരുമേലിമുതൽ തിരുവനന്തപുരം ബാലരാമപുരംവരെ 160 കിലോമീറ്ററുള്ള നിർദ്ദിഷ്‌ടപാതയിൽ 13 സ്‌റ്റേഷനുകൾ ആയിരിക്കും ഉണ്ടാവുക.
ശബരിപ്പാത എരുമേലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന്റെ പ്രാഥമിക സർവേ 2013ൽ റെയിൽവേ നടത്തിയിരുന്നെങ്കിലും കുറഞ്ഞ വരുമാനമേ ലഭിക്കൂ എന്ന നിഗമനത്താൽ പദ്ധതി നടപ്പാക്കാതെ ഒഴിവാക്കുകയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം സാഹചര്യം അപ്പാടെ മാറിയിരിക്കുകയാണ്. വാഹനങ്ങളുടെ എണ്ണം പലമടങ്ങ് വർധിക്കുകയും റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിലേക്ക് മാറുകയും ചെയ്‌തിട്ടുണ്ട്.
ഇതോടെ പാത തിരുവനന്തപുരം വരെ നീളാൻ സാധ്യത വന്നിരിക്കുന്നത്. എരുമേലി, അത്തിക്കയം, പെരിനാട് റോഡ്, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട് റോഡ്, നെടുമങ്ങാട്,കാട്ടാക്കട, ബാലരാമപുരം എന്നിങ്ങനെയാവും തിരുവനന്തപുരം വരെ ശബരി റെയിൽ പാത നീട്ടുമ്പോൾ അനുവദിക്കുന്ന സ്‌റ്റേഷനുകൾ.












Click it and Unblock the Notifications