ശബരിമല വിമാനത്താവളം: കര്‍ഷകരുടെ കുടിയിറക്കത്തിന് കാരണമാകുമെന്ന് സാമൂഹികാഘാത റിപ്പോര്‍ട്ട്
പത്തനംതിട്ട: നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ സാമൂഹിക ആഘാത റിപ്പോര്‍ട്ട് (എസ്ഐഎ) സമര്‍പ്പിച്ചു. കാലങ്ങളായി ചെറുവള്ളി എസ്റ്റേറ്റിനെ ആശ്രയിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് നടത്തിയ പഠന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ കര്‍ഷകര്‍ അടക്കമുള്ളവരുടെ കുടിയിറക്കത്തിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇത് ഇവിടെ കാലങ്ങളായി താമസിക്കുന്ന തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകും. പദ്ധതി
149 കോണ്‍ക്രീറ്റ് കെട്ടിടങ്ങളെയും, 74 ഷീറ്റിട്ട കെട്ടിടങ്ങളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂര്‍ണ്ണമായും ബാധിക്കും എന്നാണ് സാമൂഹിക ആഘാത റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പ് വരുത്തണം എന്നും റിപ്പോര്‍ട്ട് പറയുന്നു. റണ്‍വേക്കായി വീണ്ടും പഠനം നടത്തി കൃത്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തും. പ്രകൃതിദത്ത അരുവികളുടേയും പദ്ധതി പ്രദേശത്തിനകത്തുള്ള മലനിരകളുടേയും കാര്യത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും നീങ്ങുക.
നേരത്തെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പബ്ലിക് ഹിയറിംഗ് നടത്തിയിരുന്നു. ഇതിന് ശേഷം തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട്, പദ്ധതി പ്രദേശത്തിന് സമീപമുള്ള പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍ ലഘൂകരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ സഹിതമാണ് നല്‍കിയിരിക്കുന്നത്. ഹിയറിംഗില്‍ ഉയര്‍ന്നുവന്ന മിക്ക നിര്‍ദേശങ്ങളും പ്രധാന പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും പുനരധിവാസവുമായി ബന്ധപ്പെട്ടായിരുന്നു.
എസ്റ്റേറ്റില്‍ താമസിക്കാത്ത 358 കുടുംബങ്ങള്‍ ഉള്‍പ്പെടെ 579 കുടുംബങ്ങളെയാണ് പദ്ധതി നേരിട്ട് ബാധിക്കുക. ഈ പ്രദേശത്ത് കച്ചവടം നടത്തുന്നവരും ഇതില്‍ ഉള്‍പ്പെടും. അന്തിമ എസ്ഐഎ റിപ്പോര്‍ട്ട് പഠിക്കാന്‍, പ്രാദേശിക സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍, സാമൂഹിക-സാങ്കേതിക വിദഗ്ധര്‍, പുനരധിവാസ വിദഗ്ധര്‍ എന്നിവരടങ്ങിയ ഒരു വിദഗ്ധ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിലെ അസിസ്റ്റന്റ് പ്രൊഫസറായ ബിജുലാലിനാണ് ഏഴംഗ സമിതിയുടെ ചുമതല. കമ്മിറ്റി എസ്‌ഐഎ റിപ്പോര്‍ട്ട് വിലയിരുത്തുകയും രണ്ട് മാസത്തിനുള്ളില്‍ അതിന്റെ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും.വിമാനത്താവള നിര്‍മാണത്തിനും വികസനത്തിനുമായി കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി മൊത്തം 1039.876 ഹെക്ടര്‍ (2,570 ഏക്കര്‍) ഭൂമി ഏറ്റെടുക്കാനാണ് ശ്രമം ചെറുവള്ളി എസ്റ്റേറ്റിന്റെ ഭാഗമല്ലാത്ത 307 ഏക്കറും ഇതില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications