ശരണമുഖരിതം സന്നിധാനം; മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു; മണ്ഡലപൂജ ഡിസംബർ 26ന്
പമ്പ/സന്നിധാനം: മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് നാലരയോടെ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ആറ് മണിയോടെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ നടന്നു. ചൊവ്വാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം മുപ്പതിനായിരത്തോളം തീർത്ഥാടകർക്ക് ദർശനത്തിന് അനുമതിയുണ്ട്. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിനെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അയ്യപ്പഭക്തർ കയ്യിൽ കരുതണം. ഡിസംബർ 26 നാണ് ചരിത്രപ്രസിദ്ധമായ മണ്ഡലപൂജ.

വൈകിട്ട് നാലരയോടെ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവത ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകർന്നു. തുടർന്ന് ശബരിമല- മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് വൈകിട്ട് ആറുമണിയോടെ സന്നിധാനത്ത് നടന്നു.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല-മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകൾ നടന്നത്. സോപാനത്തിനു മുന്നിലായി നടന്ന ചടങ്ങിൽ വച്ച് ക്ഷേത്രതന്ത്രി പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്ത് ആശിർവദിച്ചു.

ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്‍റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതികൊടുത്തു. പിന്നീട്, മാളികപ്പുറം
ക്ഷേത്രത്തില്‍ വച്ച് മാളികപ്പുറം മേല്‍ശാന്തിയെ അവരോധിച്ചു. പുതിയ തീർഥാടനകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്ന് നാളെ മുതൽ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭുനമ്പൂതിരിയും ശബരിമലയിലെയും സന്നിധാനത്തെയും പുറപ്പെടാശാന്തിമാരാകും.

നാളെ മുതൽ ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടാകും. പ്രതിദിനം മുപ്പതിനായിരത്തോളം തീർത്ഥാടകർക്ക് ദർശനത്തിന് അനുമതിയുണ്ട്. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിനെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അയ്യപ്പഭക്തർ കയ്യിൽ കരുതണം. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ പമ്പ സ്നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ലെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

നവംബർ 15 ന് തുറക്കുന്ന ശബരിമല നട ഡിസംബർ 26ന് അടക്കും.26നാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുന്നത്. ശേഷം, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി നവംബർ 16 മുതൽ 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്. അയ്യന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ജനുവരി 14 ന് വൈകിട്ട് 6.30 ന് നടക്കും. ചരിത്രപ്രസിദ്ധമായ മകരവിളക്ക് പൂജയും ജനുവരി 14 ന് നടക്കും. അതിനിടെ, തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്. സംസ്ഥാന തലത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേകം യോഗം വിളിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ ജീവനക്കാരെ വിന്യസിച്ച് വരികയാണ്. പമ്പയിലും സന്നിധാനത്തും മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. കൊവിഡിനോടൊപ്പം മഴക്കാലം കൂടിയായതിനാല്‍ തീര്‍ത്ഥാടകരും ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ അഞ്ച് സ്ഥലങ്ങളിലായി എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ സജ്ജമാക്കിവരുന്നു. മലകയറ്റത്തിനിടയില്‍ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടതാണ്.

തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി സ്റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോട് കൂടിയ ഡിസ്‌പെന്‍സറികള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയേറ്ററും പ്രവര്‍ത്തിക്കും.

പമ്പയിലും സന്നിധാനത്തും വെന്‍റിലേറ്ററുകള്‍ സജ്ജമാക്കി. ഇതുകൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ ടീമിനേയും സജ്ജമാക്കി. വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാണ്. ഇന്ത്യയില്‍ എവിടെ നിന്നും വരുന്ന കാസ്പ് കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനത്തെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന എംപാനല്‍ ചെയ്ത എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. സംസ്ഥാനത്തെ 555 സ്വകാര്യ ആശുപത്രികളിലും 194 സര്‍ക്കാര്‍ ആശുപത്രികളിലും ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാണ്.

കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. തൊട്ടടുത്തുള്ള എംപാനല്‍ ചെയ്ത ആശുപത്രികള്‍ക്കായി ദിശ 1056 ല്‍ ബന്ധപ്പെടാവുന്നതാണ്. എല്ലാ ഭാഷകളിലും ആരോഗ്യ വകുപ്പ് അവബോധം പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലെയും പമ്പയിലെയും നിലയ്ക്കലിലെയും വിവിധ പോയിൻ്റുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി ഡിജിപി അനിൽകാന്ത് അറിയിച്ചു. സുരക്ഷാചുമതലയുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്താണ്.

ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പൊലീസ് കോര്‍ഡിനേറ്ററാണ്. സായുധ പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവർ അഡീഷണല്‍ പൊലീസ് കോര്‍ഡിനേറ്റര്‍മാരായി ശബരിമലയിലുണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഓരോഘട്ടത്തിൻ്റെയും ചുമതല നൽകിയിട്ടുള്ളത്.

മഴസമയത്തെ മലകയറ്റം പ്രത്യേകം ശ്രദ്ധിക്കണം. മല കയറുമ്പോള്‍ 2 മീറ്റര്‍ ശാരീരിക അകലം സ്വയം പാലിക്കണം. വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്. ഉപയോഗിച്ച മാസ്‌ക്, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്. ഇടയ്ക്കിടെ കൈ വൃത്തിയാക്കണം. യാത്രയില്‍ സാനിറ്റൈസര്‍ കരുതേണ്ടതാണ്. വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പര്‍ശിക്കരുത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനം ഒഴിവാക്കുക.

മൂന്ന് മാസത്തിനകം കൊവിഡ് വന്നവര്‍ക്ക് മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ തീര്‍ത്ഥാടനത്തിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ പള്‍മണോളജി, കാര്‍ഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്. കടകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക. ശുദ്ധജലം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.
തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.












Click it and Unblock the Notifications