ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു; ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് ആര്‍എസ്എസ് ഫലപ്രദമായി നേതൃത്വം കൊടുക്കാന്‍ ശ്രമിച്ചു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ നീക്കം നടന്നു.
ഭക്തിയുടെ പേര് പറഞ്ഞ് ആളുകളെ സംഘടിപ്പിച്ച് അക്രമം നടത്തുകയാണ് ചെയ്തത്. സംഘപരിവാര്‍ ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ശ്രമിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില വോയ്‌സ്‌മെസ്സേജുകള്‍ ഇതാണ് തെളിയിക്കുന്നത്. ശബരിമലയിലേക്ക് വന്ന സ്ത്രീകളുടെ വീടുകള്‍ ആക്രമിച്ചതും മാധ്യമങ്ങളെ ആക്രമിച്ചതും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.
പത്ത് മുതല്‍ അമ്പത് വരെ പ്രായമുള്ളവരെ തടയുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അല്ലാത്തവെരെയും തടഞ്ഞു. കണ്ണീരോടെയാണ് പല സ്ത്രീകളും സന്നിധാനം വിട്ടത്. ശബരിമലയില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന അക്രമികളെ പുറത്താക്കും. വിശ്വാസികള്‍ക്ക് കടന്നുചെല്ലാന്‍ അവസരമൊരുക്കും. അത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷ ഒരുക്കുന്ന പോലീസ് ഓഫീസര്‍മാരെ പോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായി. പോലീസിനെ പോലും വര്‍ഗീയ വല്‍ക്കരിക്കാനുള്ള ഹീനമായ ശ്രമം നടന്നു. പോലീസ് സേനയിലെ വിശ്വാസികള്‍ തങ്ങളുടെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പോലീസിലെ അച്ചടക്കം തകര്‍ക്കാനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സാധിക്കുമോ എന്ന ശ്രമവുമാണ് നടന്നത്. പോലീസില്‍ കലാപമുണ്ടാക്കാനും ശ്രമം നടന്നായി സംശയിക്കുന്നു. സുപ്രീംകോടതി വിധിയെ പൊളിക്കാനാണ് നീക്കം. അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന വര്‍ഗീയ ശക്തികളുടെ പ്രവര്‍ത്തനമാണ് കണ്ടത്.
പോലീസിലും വിശ്വാസികളുണ്ടാകും. ദര്‍ശനത്തിന് എത്തിയ പോലീസ് ഓഫീസറെ പോലും അപമാനിക്കുന്ന ഹീനകൃത്യവും നടന്നു. വിശ്വാസം വ്യക്തിപരമാണ്. വിശ്വാസികളെ അപമാനിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് നടപ്പാക്കാന്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.