രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; എല്ലാ കേസിലും ജാമ്യം, ജയിൽ മോചിതനാകും
തിരുവനന്തപുരം: ഡിജിപി ഓഫീസ് മാർച്ച് കേസിലും ജാമ്യം ലഭിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ജയിൽ മോചിതനാകും. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട ഒരു കേസിൽ ഇന്നും രണ്ട് കേസിൽ ഇന്നലേയും ജാമ്യം ലഭിച്ചിരുന്നു.
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്ന് കേസുകളും ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമായിരുന്നു രാഹുലിനെതിരെ എടുത്തത്. ഇതിൽ ഇതിൽ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്.

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത 2 കേസിൽ ഇന്നലെ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഉപാധികളോടെയായിരുന്നു ജാമ്യം. 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണം. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. മൂന്നാമത്തെ കേസിൽ ഇന്ന് രാവിലെ ജാമ്യം ലഭിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്.
ഡിസംബർ 20ന് നടന്ന യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു രാഹുൽ മാങ്കൂട്ടത്തലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.പോലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയ കേസുകൾ. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും രാഹുലിനെതിരെ ചുമത്തിയിരുന്നു.
മാർച്ചിൽ പോലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞതിനും രണ്ട് പോലീസ് വാഹനങ്ങൾ തകർത്തതിനും വെവ്വേറെ കേസുകൾ എടുത്തിരുന്നു. ഇതോടെയാണ് ഒരേ സംഭവത്തിൽ മൂന്ന് കേസാകാൻ കാരണം.












Click it and Unblock the Notifications