ഷേവ് ചെയ്തില്ലെങ്കില്‍ പിഴ; സോക്‌സിന്റെ കളര്‍ മാറിയാല്‍ പിഴ... ഐസാറ്റില്‍ വിദ്യാര്‍ഥിപീഡനം

  • By: Akshay
Subscribe to Oneindia Malayalam

കളമശേരി: കളമശേരി ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐസാറ്റ്) സ്വാശ്രയ എന്‍ജിയറിങ് കോളേജില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതായി പരാതി. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കോളേജാണ് ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. പീഡനത്തെ തുടര്‍ന്ന് എസ്എഫ്‌ഐ സമരം ആരംഭിച്ചു.

എന്തിനും ഏതിനും കനത്ത പിഴയും കുട്ടികളില്‍നിന്ന് ഈടാക്കുന്നു. ഒരുദിവസം ഷേവ് ചെയ്തില്ലെങ്കിലും സോക്‌സിന്റെ കളര്‍ മാറിയാലും 500 രൂപവീതം പിഴ ഈടാക്കുമെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഈ ചെറിയ കുറ്റങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ദിവസംപോലും കുട്ടികളെ ഹാളില്‍നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് കുട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

AISAT

തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഇവരെ അകത്തുകയറ്റി കോളേജ് അധികൃതര്‍ ഗേറ്റ് പൂട്ടി. പുറത്തുണ്ടായിരുന്നവര്‍ സമരം തുടര്‍ന്നു. ഇതിനിടെ എസ്എഫ്‌ഐ നേതൃത്വത്തില്‍ 18 ഇന അവകാശപത്രികയും മാനേജ്‌മെന്റിന് കൈമാറിയിട്ടുണ്ട്. ആദ്യം ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച മനേജ്‌മെന്റ് അവകാശപത്രിക നല്‍കാന്‍ കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിക്കാനും തയ്യാറായില്ല. ഒടുവില്‍ പോലീസ് സംരക്ഷണയിലാണ് വിദ്യാര്‍ഥികള്‍ അകത്തുകയറി അവകാശപത്രിക നല്‍കിയത്.

മാനേജ്‌മെന്റിന്റെ പിടിവാശി കാരണം കോളേജ് സ്‌റ്റോറില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് ഷേവിങ്‌സെറ്റാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സമരത്തെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വി എം ജുനൈദ്, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി മിഥുല്‍, ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം എ ഡി സുജില്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

English summary
SFI strikes in Albertian Institute of Science and Technology
Please Wait while comments are loading...