ഷാഫി ഉപയോഗിച്ചത് 17 മൊബൈല്‍ ഫോണുകള്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ജയിലില്‍ ഉപയോഗിച്ചത് 17 മൊബൈല്‍ ഫോണുകളെന്ന് റിപ്പോര്‍ട്ട്. കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി.
ഷാഫി ജയിലില്‍ രണ്ട് സിമ്മുകളാണത്രെ ഉപയോഗിച്ചിരുന്നത്. 2012 ഡിസംബര്‍ മുതല്‍ ഇതുവരെ നിരവധി കോളുകളാണ് ഈ സിമ്മുകളില്‍ നിന്ന് പുറത്ത് പോയിരിക്കുന്നത്. എന്നാല്‍ ജയിലിലെ ഫേസ്ബുക്ക് ഉപയോഗം വിവാദമായതോടെ ഈ നമ്പറുകള്‍ നിശ്ചലമായതായും പറയുന്നു. ടിപി വധത്തിന്റെ ഗൂഢാലോചന വേളയില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് തന്നെയാണ് കിര്‍മാണി മനോജ് ജയിലിനുള്ളില്‍ ഉപയോഗിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.

പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്ന സിം കാര്‍ഡുകളുടെ ലോക്കേഷന്‍ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ നമ്പറുകള്‍ കോഴിക്കോട് ജില്ലാ ജയില്‍ സ്ഥിതിചെയ്യുന്ന ടവര്‍ ലൊക്കേഷനില്‍ നിന്നാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. ചിന്താവളപ്പ് ടവര്‍ പരിധിയിലാണ് ഇത്.
ഷാഫിയുടെ ഫോണിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വിളിക്കുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. കെകെ ലതിക എംഎല്‍എ ജയില്‍ സന്ദര്‍ശിച്ച ശേഷം പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നുവെന്നാണ് പോലീസ് ആരോപിക്കുന്നത്. പിന്നീട് ഷാഫി ഉപയോഗിച്ച നമ്പറുകള്‍ ചൊക്ലി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇന്റര്‍ നെറ്റ് കണക്ഷന്‍ ഉള്ള സിം കാര്‍ഡ് ആയിരുന്നു ഷാഫി ഉപയോഗിച്ചിരുന്നത്. ഈ നമ്പറുകളില്‍ നിന്ന് വിദേശത്തേക്കും ഇയാള്‍ ഫോണ്‍ ചെയ്തിരുന്നു. വിദേശ കോളുകള്‍ തിരിച്ചും ഷാഫിയുടെ ഫോണില്‍ എത്തിയിരുന്നു.
പ്രതികള്‍ ജയിലില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചോ എന്ന കാര്യത്തില്‍ ഇപ്പോഴും പോലീസിന് വ്യക്തയില്ല എന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ വച്ച് തന്നെയാണോ ഫോണ്‍ ഉപയോഗിച്ചത് എന്നതിന് കൃത്യമായ തെളിവുകള്‍ ഇനിയും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications