സിദ്ധീഖ് വിഷയം ഞാന്‍ നേരത്തെ ഉന്നയിച്ചു; എല്ലാം ക്ലോസ് ചെയ്തെന്ന മറുപടിയാണ് ലഭിച്ചത്: ഷമ്മി തിലകന്‍
സിദ്ധീഖിനെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണം സംബന്ധിച്ച് താന്‍ നേരത്തെ തന്നെ താര സംഘടനയായ അമ്മയില്‍ പ്രതികരിച്ചിരുന്നുവെന്ന് നടന്‍ ഷമ്മി തിലകന്‍. ആദ്യമൊന്നും പ്രതികരണം ഉണ്ടായില്ലെങ്കിലും നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ ഈ വിഷയം ചർച്ച ചെയ്ത് ക്ലോസ് ചെയ്തെന്നായിരുന്നു അന്നത്തെ ജനറല്‍ സെക്രട്ടറി തനിക്ക് തന്നെ മറുപടിയെന്നും ഷമ്മി തിലകന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
സിദ്ധീഖ് ജനറല്‍ സെക്രട്ടറിയായി വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ഞാന്‍ ഉന്നയിച്ചിരുന്നു. സംഘടനയില്‍ നിന്ന് എന്നെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഒരു ഷോക്കോസ് നോട്ടീസ് തന്നിരുന്നു. അതിന് കൃത്യമായ മറുപടി ഞാന്‍ എഴുതി നല്‍കി. എന്നാല്‍ അതില്‍ തൃപ്തി വരാതെ പുതിയ കുറച്ച് ആരോപണങ്ങള്‍ കൂടെ ഉന്നയിച്ചുകൊണ്ട് അച്ചടക്ക സമിതിയുടെ മുന്നിലേക്ക് എന്നെ വിളിപ്പിച്ചു.

സിദ്ധീഖ് അധ്യക്ഷനായ അധ്യക്ഷ സമിതിയുടെ മുന്നില്‍ ഞാന്‍ നേരിട്ട് ഹാജരായി കാര്യം ബോധിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ചില കാര്യങ്ങളാല്‍ നേരില്‍ ഹാജരാകുന്നതിന് ബുദ്ധിമുട്ടുണ്ട് എന്ന് അറിയിച്ചു. സിദ്ധീഖിനെതിരെ ഉയർന്ന് വന്ന മീടു ആരോപണമായിരുന്നു ഞാന്‍ ഉന്നയിച്ച കാരണം. അദ്ദേഹത്തിന് മുന്നില്‍ ഹാജരാകുന്ന കാര്യം ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹം അല്ല വേറെ ആരെങ്കിലുമാണെങ്കില്‍ നേരിട്ട് ഹാജരാകാമെന്നും അറിയിച്ചെന്നും ഷമ്മി തിലകന്‍ പറയുന്നു.
ഇദ്ദേഹം അധ്യക്ഷനായ അച്ചടക്ക സമിതിയുടെ മുമ്പാകെ ഹാജരാകില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് എന്നെ പുറത്താക്കുന്നത്. ഈ വിഷയം ഞാന്‍ സംഘടനയില്‍ നിരന്തരം ഉന്നയിച്ചിരുന്നു. എന്നാല്‍ തുടക്കത്തിലൊന്നും യാതൊരു മറുപടിയും തന്നില്ല. എന്നാല്‍ സമ്മർദം ശക്തമായതോടെ അതൊക്കെ ചർച്ച ചെയ്ത് ക്ലോസ് ചെയ്തെന്നായിരുന്നു അന്നത്തെ ജനറല്‍ സെക്രട്ടറി എന്നെ അറിയിച്ചത്. അക്കാര്യത്തിന് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേർക്കുന്നു.
അതേസമയം, സിദ്ധീഖ് രാജി അർഹിക്കുന്നുവെന്നായിരുന്നു രേവതി സമ്പത്തിന്റെ പ്രതികരണം. സിദ്ധീഖ് മലയാള സിനിമയിലെ കൊടും ക്രിമിനലാണ്. അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കണം. നടന്‍ റിയാസ് ഖാനില്‍ നിന്നും മോശം അനുഭവമുണ്ടായി. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടുവെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.












Click it and Unblock the Notifications