ഷെയിന് യുവനടന്‍മാരുടെ രഹസ്യപിന്തുണ;ഇടപെട്ട് മോഹന്‍ലാല്‍,തുടര്‍ ചര്‍ച്ചകള്‍ വേണ്ട
കൊച്ചി: ജോബി ജോസഫ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന സിനിമയെ ചൊല്ലി ഉയര്‍ന്ന തര്‍ക്കമാണ് ഷെയ്ന്‍ നിഗമിന്‍റെ വിലക്കിലേക്കും സിനിമാ മേഖലയിലെ മയക്കുമരുന്ന് വിവാദത്തിലേക്കും വഴി തുറന്നത്. 'മുടി മുറിച്ച്' കരാറുകള്‍ ലംഘിച്ച ഷെയ്നിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നായിരുന്നു നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ 'പരസ്യ ബ്രഷ്ടിനെതിരെ' താരസംഘടനായ എഎംഎംഎ ഉള്‍പ്പെടെ ഷെയ്ന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം തര്‍ക്കം ഇപ്പോള്‍ നിര്‍മ്മാതാക്കളും സാങ്കേതിക വിദഗ്ദരും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
വിഷയത്തില്‍ ഇടപെടാന്‍ താരസംഘടനയുടെ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാല്‍ രംഗത്ത് വന്നതോടെ വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ഉടന്‍ തന്നെ ഷെയ്ന്‍ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങിനെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

ഒത്തുതീപ്പിലേക്ക്
വെയില്‍ സിനിമയുമായി സഹകരിക്കുന്നില്ലെന്നാരോപിച്ച് ജോബി ജോര്‍ജ്ജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന ഷെയ്നിന്‍റെ ആരോപണത്തോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ താരസംഘടനയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും നടന്‍ പരാതി നല്‍കിയിരുന്നു. ഒടുവില്‍ സംഘടനകള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

രൂപമാറ്റവും വിലക്കും
എന്നാല്‍ ഇതിന് ശേഷം ചിത്രീകരിണത്തിനിടെ ഷെയ്ന്‍ നിസഹകരണം തുടര്‍ന്നുവെന്ന ആരോപണമായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. അതിനിടെ മുടി മുറിച്ച് രൂപമാറ്റം വരുത്തിയ നിലയില്‍ ഷെയ്ന്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നിര്‍മ്മാതാക്കള്‍ ഷെയ്നെതിരെ യോഗം ചേര്‍ന്ന് വിലക്ക് പ്രഖ്യാപിക്കുന്നത്.

സഹകരിക്കില്ലെന്ന്
ഇനി ഷെയ്നുമായി ഒരു സിനിമകളിലും സഹകരിക്കില്ലെന്നും ചിത്രീകരണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന വെയില്‍ , കുര്‍ബാനി എന്നീ സിനികള്‍ ഉപേക്ഷിച്ചതായും സംഘടനകള്‍ അറിയിക്കുകയായിരുന്നു. അതേസമയം നിര്‍മ്മാതാക്കളുടേത് ജനാധിപത്യ വിരുദ്ധമായ നീക്കമാണെന്ന ആരോപണം ഇതോടെ ശക്തമായി. നിരവധി താരങ്ങള്‍ ഷെയ്ന് വേണ്ടി രംഗത്തെത്തി.

യോഗം ചേര്‍ന്നിട്ടില്ല
ഒടുവില്‍ വിലക്കില്‍ വിയോജിപ്പ് രേഖപ്പെടുത്തി മോഹന്‍ലാല്‍ കൂടി രംഗത്തെത്തിയതോടെ പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണ്. വിലക്കിനെതിരെ നേരത്തേ എഎംഎംഎയും രംഗത്തെത്തിയിരുന്നു. സിദ്ധിഖ് സിനിമയായ ബിഗ് ബ്രദറിന്‍റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ഇപ്പോള്‍ പൊള്ളാച്ചിയിലാണ്. അതുകൊണ്ട് തന്നെ ഇതുവരെ സംഘടനയുടെ യോഗം ചേര്‍ന്നിട്ടില്ല.

ചര്‍ച്ച ചെയ്തു
പ്രശ്നങ്ങള്‍ വിശദമായി ഷെയ്നിന്‍റെ അമ്മ മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. എല്ലാ പിന്തുണയും മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം വെയില്‍, കുര്‍ബാനി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഉടനടിയുള്ള പ്രശ്നപരിഹാര നടപടിയെന്ന വിലയിരുത്തല്‍ ഉണ്ട്.

തയ്യാറെന്ന്
സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ താന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഷെയ്നിന്‍റെ 'രൂപമാറ്റ'മാണ് സംവിധായകരേയും കുഴക്കുന്നത്. പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പായതോടെ ഉടന്‍ തന്നെ ഷൈന്‍ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

യുവനിര
അതേസമയം നിലവിലെ പ്രശ്നത്തില്‍ ഷെയ്ന് ശക്തമായ പിന്തുണ നല്‍കുന്നത് സിനിമയിലെ യുവനിര താരങ്ങളാണ്. കരാര്‍ ലംഘനത്തോടെ സിനിമാ സെറ്റിലെ ലഹരി ഉപയോഗം ചര്‍ച്ചയായതാണ് ഇപ്പോള്‍ സിനിമാ മേഖലയെ അസ്വസ്ഥമാക്കിയിരിക്കുന്നത്.

ഇടപെട്ടു
ലഹരി ഉപയോഗം പരിശോധിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തോടെ സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിരുന്നു. ആവശ്യം വന്നാല്‍ ലൊക്കേഷനുകളില്‍ പരിശോധന നടത്താന്‍ തയ്യാറാണെന്നായിരുന്നു മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയത്. എന്നാല്‍ അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് സിനിമാ മേഖലയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് യുവനിര നല്‍കുന്നത്.

ചിത്രീകരണം തുടരണം
അതുകൊണ്ട് തന്നെ ഷെയ്ന്‍ വിവാദത്തിലെ തുടര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് സിനിമാ ചിത്രീകരണം തുടരടുന്നതാണ് ഗുണം ചെയ്യുകയെന്ന സൂചനയും യുവതാരങ്ങള്‍ നല്‍കുന്നു.അതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആരോപണത്തിനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.

തെളിവ് നല്‍കൂ
മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാകണമെന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ പുകമറയിൽ നിർത്തേണ്ട കാര്യമില്ല. കയ്യിലുള്ള വിവരങ്ങൾ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു..