'അതിഗുരുതരമായ ട്രോമയിൽ കൂടി കടന്ന് വന്നവൾ', പേട്ടനു വേണ്ടി ഒളിയുദ്ധം നടത്തുന്നവരോട് സി ഷുക്കൂർ
ദിലീപ് കേസിലെ കോടതി വിധിക്ക് പിന്നാലെ അതിജീവിതയ്ക്ക് നേരെ വ്യാപകമായ സോഷ്യൽ മീഡിയ ആക്രമണം ആണ് നടക്കുന്നത്. നടിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിന് പിറകെ വൈകാരിക പ്രതികരണവുമായി അതിജീവിത തന്നെ രംഗത്ത് വന്നു.
താൻ ഇരയും അതിജീവിതയും അല്ലെന്നും സാധാരണ മനുഷ്യൻ ആണെന്നും ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറയുന്നു. നടിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകനും നടനുമായ സി ഷുക്കൂർ.
'' അവരോടൊപ്പം ഒരു സിനിമ ചെയ്യുവാൻ ഭാഗ്യമുണ്ടായി . ആ ദിവസങ്ങളിൽ ഒക്കെ അവർക്ക് പറയാനുണ്ടായിരുന്നതു അവർ അനുഭവിച്ച കൊടിയ അതിക്രമങ്ങളെ കുറിച്ചായിരുന്നു. തുടർന്നു കേസിനെ കുറിച്ചായിരുന്നു. അന്നു അവർ പറഞ്ഞത് അവർക്ക് രണ്ട് ഓപ്ഷനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നു പോലീസിൽ പരാതി നൽകുക, രണ്ടാമത്തേത് മിണ്ടാതിരിക്കുക.

ഈ രണ്ട് കാര്യങ്ങളിൽ ഏതു സ്വീകരിച്ചാലും അക്രമികൾ റിക്കാർഡു ചെയ്ത വീഡിയോ അവരുടെ കൈയ്യിൽ ഉണ്ട്. അതു ഏതു സമയത്തും പുറത്തു വരാം. അത്തരം ഒരു അതിഗുരുതരമായ ട്രോമയിൽ കൂടി കടന്നാണ് അവർ പോലീസിൽ പരാതി പറയുവാൻ തയ്യാറായത്. ആ പരാതി നമ്മുടെ സ്ത്രീ പോരാട്ട ചരിത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയവും ധീരവുമായ ചുവടുവെയ്പ്പാണ്.
പിന്നീടുള്ള സംഭവങ്ങൾ നമ്മൾ കണ്ടതാണ്, ഏറ്റവും ശക്തനായ ദിലീപ് എട്ടാം പ്രതിയാകുന്നതും , കേസിലെ പ്രധാന മെറ്റീരിയൽ ഒബ്ജക്ടായ ആ ക്രൂര കൃത്യം അടങ്ങുന്ന പെൻഡ്രൈവ് കിട്ടുവാൻ അയാൾ സുപ്രിം കോടതി വരെ പോയതും അയാൾക്ക് അതു അതു നൽകുവാൻ കഴിയില്ലെന്ന് സുപ്രിം കോടതി നിലപാടു സ്വീകരിച്ചതും നിയമ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിധിയാണ്.
കേരളത്തിലെ മനുഷ്യർ എന്ന നിലയിൽ നാം ധീരയായ ആ പോരാളിയോടൊപ്പം തന്നെ നിൽക്കണം , അവരുടെ ഓരോ ചുവടു വെപ്പിനും നമ്മൾ പിന്തുണ നൽകണം . അവർക്ക് നീതി ലഭിചെന്നു അവർ കരുതുന്നതു വരെ അവർക്ക് നീതി ലഭിച്ചില്ലെന്നു തന്നെയാണ് അർത്ഥം.. അവർക്കെതിരെ പേട്ടനു വേണ്ടി ഒളിയുദ്ധം നടത്തുന്നവർ മനുഷ്യ സമൂഹത്തോടാണ് ഒളിയുദ്ധം ചെയ്യുന്നതെന്നു നാം തിരിച്ചറിയണം..
അവർ ആ നശിച്ച ദിവസത്തെ അനുഭവങ്ങൾ ഓർക്കുമ്പോൾ തന്നെ കണ്ണുകളിൽ തീ ആളുന്നതു നമുക്കു കാണുവാൻ കഴിയും.. പ്രിയപ്പെട്ട സഹോദരി ഈ നാടു മുഴുവൻ നിങ്ങൾക്ക് ഒപ്പമുണ്ട്, പരാതി നൽകുവാൻ തീരുമാനിച്ച ആ നിമിഷം മുതൽ നിങ്ങൾ ഈ പോരാട്ടത്തിൽ ജയിച്ചവളാണ്.. സ്‌നേഹം












Click it and Unblock the Notifications