ആര്‍എസ്പിയിലും തലമുറമാറ്റം, ഷിബു ബേബി ജോണ്‍ സംസ്ഥാന സെക്രട്ടറിയാകും; അസീസ് പടിയിറങ്ങുന്നു
തിരുവനന്തപുരം: ആര്‍ എസ് പി സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറി എ എ അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഷിബു ബേബി ജോണ്‍ ആയിരിക്കും പകരം സംസ്ഥാന സെക്രട്ടറിയാകുക. ആര്‍ എസ് പി കേന്ദ്രകമ്മിറ്റി യോഗത്തില്‍ ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക എന്നാണ് അറിയാന്‍ കഴിയുന്നത്.
ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ വെച്ചാണ് ആര്‍ എസ് പി കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനം നേരത്തെ തന്നെ ഒഴിയാന്‍ എ എ അസീസ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആര്‍ എസ് പി സംസ്ഥാന സമ്മേളനത്തിലും എ എ അസീസിനെ സംസ്ഥാന സെക്രട്ടിയായി തെരഞ്ഞെടുക്കുകയായിരുന്നു. 2022 ഒക്ടോബറില്‍ ശക്തികേന്ദ്രമായ കൊല്ലത്തായിരുന്നു ആര്‍ എസ് പി സമ്മേളനം നടന്നത്.

ഇത് നാലാം തവണയായിരുന്നു എ എ അസീസ് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഷിബു ബേബി ജോണ്‍ തന്നെയായിരുന്നു എ എ അസീസിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചിരുന്നത്. സംസ്ഥാന സമ്മേളനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആള്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനം ഒഴിയും എന്ന് എ എ അസീസ് പറഞ്ഞിരുന്നു.

82 കാരനായ എ എ അസീസ് ആരോഗ്യപരമായ കാരണങ്ങലാണ് സ്ഥാനമൊഴിയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വരട്ടെ എന്നാണ് നിലപാട്. ഇരവിപുരം മണ്ഡലത്തില്‍ നിന്ന് ദീര്‍ഘകാലം എം എല്‍ എയായിരുന്ന അസീസ് ആര്‍ എസ് പിയുടെ ദേശീയതലത്തിലെ തന്നെ മുതിര്‍ന്ന നേതാക്കളിലൊരാണ്. ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമാണ്.

അതേസമയം കഴിഞ്ഞ ആര്‍ എസ് പി സംസ്ഥാന സമ്മേളനത്തിനിടെ ഷിബു ബേബി ജോണ്‍ അനുകൂലികളും എ എ അസീസ് അനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അസീസ് തീരുമാനിച്ചതോടെ ഷിബു ബേബി ജോണ്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 2014 ല്‍ ആര്‍ എസ് പി പാര്‍ട്ടികളുടെ ലയനകാലത്ത് ആര്‍ എസ ്പി ബിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബി ജോണ്‍.

ആര്‍ എസ് പി രണ്ട് പാര്‍ട്ടികളായിരുന്ന കാലത്ത് യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ആര്‍ എസ് പി ബി പ്രതിനിധിയായിരുന്നു ഷിബു ബേബി ജോണ്‍. പിന്നീട് എല്‍ ഡി എഫില്‍ നിന്ന് ആര്‍ എസ് പിയെ യു ഡി എഫിലേക്കത്തിച്ചതിനും ആര്‍ എസ് പി ലയനത്തിനും പിന്നില്‍ ഷിബു ബേബി ജോണിന്റെ നീക്കങ്ങള്‍ ആയിരുന്നു.












Click it and Unblock the Notifications