ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ഷൈന്‍ ടോം ചാക്കോ; നടനെ പൂട്ടിയ പോലീസ് പെട്ടു, തലപുകയ്ക്കുന്നു
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയെ മയക്കുമരുന്ന് കേസില്‍ പൊക്കിയ പോലീസ് ആശയക്കുഴപ്പത്തില്‍. നടന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. ഇനി എങ്ങനെ കേസ് നിലനില്‍ക്കുമെന്ന ചോദ്യമാണ് ബാക്കി. താരത്തിനെതിരെ ഗൂഢാലോചന കേസ് നിലനില്‍ക്കുമോ എന്ന് പോലീസ് പരിശോധിക്കുകയാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും.
കഴിഞ്ഞ ഏപ്രിലിലാണ് ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നടന്‍ ചോദ്യം ചെയ്യലിന് ഹാജരായതും അറസ്റ്റ് രേഖപ്പെടുത്തിയതും. എന്നാല്‍ താരത്തിനെതിരെ തെളിവില്ലെന്ന് വന്നതോടെ പോലീസിന് കുരുക്കായി.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് ലഹരി ഇടപാട് നടത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചാണ് പോലീസിന്റെ ഡാന്‍സാഫ് സംഘം എത്തിയത്. ഈ വേളയില്‍ നടന്‍ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളും പുറത്തായിരുന്നു. നടനും സുഹൃത്തും ലഹരി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഹോട്ടല്‍ മുറിയെടുത്തത് എന്നാണ് പോലീസ് പറയുന്നത്. ഹോട്ടലില്‍ നിന്ന് പോയ ഷൈന്‍ ടോം ചാക്കോ ദിവസങ്ങള്‍ കഴിഞ്ഞ് പോലീസിന് മുന്നില്‍ ഹാജരായി.
നഖവും മുടിയും പരിശോധിച്ചു
ഈ വേളയില്‍ രക്തപരിശോധനയില്‍ കൃത്യമായ വിവരം ലഭിക്കില്ലെന്ന് മനസിലാക്കിയ പോലീസ് മുടിയും നഖവും പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതിന്റെ ഫലമാണ് വന്നിരിക്കുന്നത്. താരം ആ ദിവസം ലഹരി ഉപയോഗിച്ചതിന് തെളിവില്ല എന്നാണ് ഫലം. ഇതോടെ കേസ് നിലനില്‍ക്കുമോ എന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
ലഹരി വിമുക്തി നേടുന്ന കേന്ദ്രത്തില്‍ താരം പിന്നീട് ചികില്‍സ തേടിയിരുന്നു. പൂര്‍ണമായും ലഹരിയില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു. അപ്രതീക്ഷിതമായി അപകടമുണ്ടാകുകയും പിതാവിനെ നഷ്ടമാകുകയും ചെയ്തു. ചികില്‍സയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ പുതിയ ഷൈന്‍ ടോം ചാക്കോയെ ആണ് മലയാളികള്‍ കണ്ടത്. ഈ വേളയില്‍ കൂടിയാണ് പരിശോധനാ ഫലം വന്നിരിക്കുന്നത് എന്നതും എടുത്തു പറയണം.
തെളിവില്ലാത്തതിനാല്‍ ഇനി കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഗൂഢാലോചന ആരോപിച്ച് കേസ് നിലനിര്‍ത്താമെങ്കിലും അന്തിമ ഫലം പോലീസിന് എതിരാകും. അതുകൊണ്ടുതന്നെ കേസ് പിന്‍വലിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുടെ പ്രതികരണം അറിഞ്ഞ ശേഷം പോലീസ് അന്തിമ തീരുമാനമെടുക്കും.












Click it and Unblock the Notifications