'പ്രതിപക്ഷം അനാവശ്യ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നു'; 'സിൽവർ ലൈൻ സമാധാനപരം'; പിണറായി വിജയൻ
തിരുവനന്തപുരം; പ്രതിപക്ഷം വീണ്ടും വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സിൽവർ ലൈൻ സമരങ്ങളിൽ അനാവശ്യ പ്രകോപനമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ചങ്ങനാശേരിയിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞു വച്ചു. ആക്രമണത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണം. പദ്ധതി സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചങ്ങനാശ്ശേരിയിൽ സിൽവർ ലൈൻ പദ്ധതിയിൽ കല്ലിടലിനെതിരെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചു.

എന്നാൽ, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിയപ്പോയിരുന്നു. ഇതിന് എതിരെയാണ് പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രിയുടെ മറുപടി.
പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ ; -
'പ്രതിപക്ഷം അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണ്. കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ സമാധാനപരമായാണ് നടക്കുന്നത്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങളും ഉയർന്നു വരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു സംഘർഷാവസ്ഥയുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. തെറ്റായ ഇടപെടലും പ്രകോപനം സൃഷ്ടിക്കലും പൊലീസിനേയും സർവ്വേയ്ക്ക് എത്തിയ തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും നടക്കുകയാണ്.

ഈ പദ്ധതിക്കെതിരെ യുഡിഎഫിൽ തന്നെ പല അഭിപ്രായമുണ്ട്. അതിനെ മറികടക്കാൻ അക്രമങ്ങളിലൂടെ ഐക്യമുണ്ടാക്കാൻ ശ്രമിക്കരുത്. അക്രമം നടത്തി കാര്യങ്ങൾ അട്ടിമറിക്കാം എന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണ്' - മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കെ-റെയിൽ സർവേ കല്ലിടുന്നതിനെടിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സമരം ചെയ്ത നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറി. കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മമാരെ വലിച്ചിഴയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിഡി സതീശൻ്റെ വാക്കുകൾ ഇങ്ങനെ ; -
'കെ റെയിൽ സർവ്വേയുടെ പേരിലുള്ള പൊലീസ് അതിക്രമങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ സഭയിൽ ഈ വിഷയം ഉന്നയിച്ചതാണ്. എന്നാൽ പൊലീസിൽ നിന്നും യാതൊരും പ്രകോപനമോ അക്രമമോ ഉണ്ടാവില്ല എന്ന ഉറപ്പാണ് മുഖ്യമന്ത്രി തന്നത്. ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായി പൊലീസ് പെരുമാറി. സ്ത്രീകളോടും കുട്ടികളോടും വരെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചു. തന്ന ഉറപ്പിന് വിപീരതമായ കാര്യങ്ങളാണ് ഇന്ന് ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിൽ കണ്ടത്.

പൊലീസ് അതിക്രമം നേരിടുന്ന ഈ ജനവിഭാഗങ്ങൾക്കൊപ്പം യുഡിഎഫ് ഉറച്ചു നിൽക്കും അവർക്ക് യുഡിഎഫ് സംരക്ഷണമൊരുക്കും. നിരവധി സ്ത്രീകളേയും കുട്ടികളേയും പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തു. വലിച്ചഴിച്ച് പൊലീസ് വണ്ടികളിലേക്ക് കേറ്റി. ഇതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. ജനാധിപത്യരീതിയിൽ പൊലീസിനെ തടയുക അല്ലാതെ ഒരക്രമമവും പൊലീസിന് നേരെ പ്രതിപക്ഷം നടത്തിയിട്ടില്ല. കല്ലെറിയുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ല.' - അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം നടന്നത്. സമരത്തിൽ പങ്കെടുത്തവരെ പൊലീസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ ചങ്ങനാശേരിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിഷേധത്തിനിടെ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications