കടിഞ്ഞൂൽ കൺമണിയെ കാണാനെത്തിയ പിതാവിനെ ആശുപത്രി വളപ്പിൽ കുത്തിക്കൊന്നു

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാനായി ഇന്നലെ സ്വകാര്യ ആശുപത്രിയിലെത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരനെ ഭാര്യാപിതാവ് കുത്തിക്കൊന്നു. നേമം കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം വിവേകാനന്ദനഗറിൽ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടിൽ സുധാകരൻ - പ്രഭാവതി ദമ്പതികളുടെ മകൻ കൃഷ്ണകുമാറാണ് (29) കൊല്ലപ്പെട്ടത്. ഭാര്യാ പിതാവ് കല്ലിയൂർ വള്ളംകോട് ഗീതുനിവാസിൽ ഉദയകുമാറാണ് (61) ജനറൽ ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന ഗോവിന്ദൻസ് ആശുപത്രി വളപ്പിൽ വച്ച് കൃഷ്ണകുമാറിനെ കത്തികൊണ്ട് കുത്തിയത്.

krishna

കൃഷ്ണകുമാറിനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്ത് വഴയില സ്വദേശി അഖിലിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പതിനൊന്നുമാസം മുൻപാണ് ഉദയകുമാറിന്റെ മകൾ അലീനയും സെക്രട്ടറിയേറ്റ് സഹകരണ വകുപ്പ് ജീവനക്കാരനായ കൃഷ്ണകുമാറും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ അലീനയുടെ കുടുംബം ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കൃഷ്ണകുമാറുമായി ശത്രുതയിലായിരുന്നു.

ഇക്കഴിഞ്ഞ 12ന് അലീന പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞിനെ കാണാനായി കൃഷ്ണകുമാറിനെയോ കുടുംബത്തെയോ അലീനയുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഒടുവിൽ അഞ്ചു ദിവസത്തിനുശേഷമാണ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തായ അഖിലിനെയും കൂട്ടി കുഞ്ഞിനെ ഒരുനോക്കു കാണാനായി കൃഷ്ണ കുമാർ ആശുപത്രിയിലെത്തിയത്.

എന്നാൽ ആശുപത്രിയിൽ വച്ച് ഉദയകുമാറും കൃഷ്ണകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രകോപിതനായ ഉദയകുമാർ കൃഷ്ണകുമാറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച അഖിലിനും പരിക്കേറ്റു. ഇരുവരെയും ഉടൻ മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണകുമാറിനെ രക്ഷിക്കാനായില്ല. സംഭവശേഷം ആശുപത്രി വിട്ട ഉദയകുമാറിനായി പൊലീസ് തെരച്ചിലിലാണ്.

കൃഷ്ണകുമാറിനെ ആക്രമിക്കണമെന്ന ലക്ഷ്യത്തിൽ തന്നെയാണ് ഉദയകുമാർ ആശുപത്രിയിൽ എത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു.
കൃഷ്ണകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
son in law killed by father in law in thiruvanathapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്