കേരള എൻസിപിയിൽ പിളർപ്പ്; ആലപ്പുഴയിൽ പ്രമുഖ നേതാക്കൾ ഉൾപ്പെടെ കേരള കോൺഗ്രസിലേക്ക്
ആലപ്പുഴ: എൻസിപി കേരള ഘടകത്തിൽ പിളർപ്പ്. ആലപ്പുഴയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പാർട്ടി വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നാണ് നേതാക്കൾ ഇപ്പോൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. റെജി ചെറിയാന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്. ലയനസമ്മേളനം അടുത്ത മാസം ആലപ്പുഴയില്‍ വച്ച് നടക്കും.
പിസി ചാക്കോയ്‌ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. പാർട്ടി മുൻ ദേശീയ പ്രവർത്തക സമിതി അംഗം ഉൾപ്പെടയുള്ളവരാണ് എൻസിപി വിട്ടത്. ഔദ്യോഗിക നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് ഈ പുതിയ നീക്കം.

നിലവിൽ എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് റെജി ചെറിയാൻ. അദ്ദേഹത്തിനൊപ്പം സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമടക്കമുള്ളവർ പാർട്ടി വിട്ടിട്ടുണ്ട്. കുട്ടനാട്ടിൽ കഴിഞ്ഞ ദിവസം പിജെ ജോസഫുമായി നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായതായി റെജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാക്കള്‍ പോലും ഇപ്പോള്‍ എന്‍സിപിയില്‍ ഇല്ല. പാര്‍ട്ടിയില്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ്. പാര്‍ട്ടിയില്‍ ഒരു വിഭാഗം ആളുകൾ തന്നെ എപ്പോഴും അധികാരം പങ്കിടുന്നു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ധ്വാനിച്ച് ജയിപ്പിച്ച് അയക്കുന്ന എംഎല്‍എമാര്‍ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് നല്‍കണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുന്‍കാലങ്ങളില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടാകാറില്ല. എന്നാൽ ഈ തിരഞ്ഞെടുപ്പില്‍ അഹങ്കാരം ആര് കാണിച്ചാലും വോട്ടുമാറ്റി ചെയ്യുമെന്ന് ജനം തെളിയിച്ചുകൊടുത്തു. ഈ രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്തിയാല്‍ ജനം കൈകാര്യം ചെയ്യുമെന്നും നാൽപത് വർഷത്തോളം എൻസിപിയിൽ പ്രവർത്തിച്ചവരാണ് ഇപ്പോൾ പാർട്ടി വിടുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
എൻസിപി കേരളത്തിൽ പലരുടെയും സ്വന്തം പാർട്ടിയായി മാറി. പിസി ചാക്കോ അദ്ദേഹത്തിന്റെ പാർട്ടിയാക്കിയും, തോമസ് കെ തോമസ് അദ്ദേഹത്തിന്റെയും സഹോദരന്റെയും പാർട്ടിയാണിതെന്നും മറ്റാർക്കും അവകാശമില്ലെന്നും വാദം ഉന്നയിച്ചു. ഇതോടെയാണ് വലിയൊരു വിഭാഗം നേതാക്കൾ പാർട്ടി വിട്ട് മറ്റൊരു മുന്നണിയിലെ പാർട്ടിക്കൊപ്പം ചേരുന്നത്.












Click it and Unblock the Notifications